ട്വിറ്റര്‍-ഇന്ത്യാ വിവാദം: ജനാധിപത്യ മൂല്യങ്ങളെ പിന്തുണക്കുമെന്ന് അമേരിക്ക
കര്‍ഷക പ്രക്ഷോഭത്തെ തുടര്‍ന്ന് നിരവധി ട്വിറ്റര്‍ അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയത് ഏറെ വിവാദമായിരുന്നു.
ന്യൂഡല്‍ഹി: കര്‍ഷക പ്രക്ഷോഭത്തെ പിന്തുണക്കുന്ന ട്വിറ്റര്‍ അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്യണമെന്ന കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശത്തെ തുടര്‍ന്ന് തുടങ്ങിയ ട്വിറ്റര്‍-ഇന്ത്യാ വിവാദത്തില്‍ ട്വിറ്ററിന് അനുകൂലമായ നിലപാടുമായി അമേരിക്ക. ലോകത്ത് എല്ലായിടത്തും ജനാധിപത്യ മൂല്യങ്ങളെ പിന്തുണക്കുമെന്ന് അമേരിക്ക വ്യക്തമാക്കി.
'പൊതുവില്‍, ലോകമെമ്പാടുമുള്ള അഭിപ്രായ സ്വാതന്ത്ര്യം ഉള്‍പ്പെടെയുള്ള ജനാധിപത്യ മൂല്യങ്ങളെ പിന്തുണയ്ക്കാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്. ട്വിറ്ററിനെ കുറിച്ചാണ് നിങ്ങള്‍ ചോദിക്കുന്നതെങ്കില്‍ ട്വിറ്റര്‍ അക്കൗണ്ടുകള്‍ പരിശോധിക്കേണ്ടിവരും'. യുഎസ് സ്‌റ്റേറ്റ് വക്താവ് നെഡ് പ്രീസിനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.
കര്‍ഷക പ്രക്ഷോഭത്തെ തുടര്‍ന്ന് നിരവധി ട്വിറ്റര്‍ അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയത് ഏറെ വിവാദമായിരുന്നു. 250 ലധികം അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്തതുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാരും ട്വിറ്ററും തമ്മിലുള്ള തര്‍ക്കത്തിന്റെ പശ്ചാത്തലത്തിലാണ് ഈ പരാമര്‍ശങ്ങള്‍. റിപ്പബ്ലിക് ദിനത്തില്‍ കര്‍ഷകരുടെ ട്രാക്ടര്‍ റാലിയില്‍ ദേശീയ തലസ്ഥാനത്ത് നടന്ന അക്രമത്തെത്തുടര്‍ന്ന് സര്‍ക്കാര്‍ രണ്ട് ഉത്തരവുകളിലായി 1,300 യുആര്‍എല്ലുകളുടെ (അക്കൗണ്ടുകള്‍ക്കും പോസ്റ്റുകളും) ഒരു ലിസ്റ്റ് കൈമാറിയിരുന്നു. ഇതില്‍ 250ലധികം അക്കൗണ്ടുകള്‍ ട്വിറ്റര്‍ പൂട്ടിയെങ്കിലും മാധ്യമങ്ങളുടേയും മാധ്യമ പ്രവര്‍ത്തകരുടേയും അക്കൗണ്ടുകള്‍ പൂട്ടാന്‍ വിസമ്മതിച്ചു. കേന്ദ്ര സര്‍ക്കാര്‍ നടപടിയില്‍ ട്വിറ്റര്‍ പ്രതിഷേധം അറിയിച്ചിരുന്നു.