ഒന്നര വയസ്സുകാരനു വേണ്ടത് 18 കോടിയുടെ മരുന്ന്; ജീവന്‍ രക്ഷിക്കാന്‍ നാടാകെ നെട്ടോട്ടത്തില്‍
കേരളാ ഗ്രാമീണ്‍ ബാങ്ക് മാട്ടൂല്‍ ശാഖയില്‍ മാതാവ് പി സി മറിയുമ്മയുടെ പേരില്‍ അക്കൗണ്ട് തുടങ്ങി ധനശേഖരണം തുടങ്ങിയിട്ടുണ്ട്. അക്കൗണ്ട് നമ്പര്‍: 40421100007872. ഐ.എഫ്.എസ്.സി: KLGB0040421. ബ്രാഞ്ച് കോഡ്: 40421. ഗൂഗ്ള്‍ പേ നമ്പര്‍: 8921223421.
കണ്ണൂര്‍: അത്യപൂര്‍വ രോഗം ബാധിച്ച ഒന്നര വയസ്സുള്ള കുരുന്നിന്റെ ജീവന്‍ രക്ഷിക്കാന്‍ 18 കോടി രൂപ സമാഹരിക്കാനായി നാട്ടുകാര്‍ നെട്ടോട്ടത്തില്‍. കണ്ണൂര്‍ ജില്ലയിലെ മാട്ടൂല്‍ പഞ്ചായത്തിലെ മാട്ടൂല്‍ സെന്‍ട്രലിലെ പി കെ റഫീഖ്-പി സി മറിയുമ്മ ദമ്പതികളുടെ മൂന്നാമത്തെ മകന്‍ മുഹമ്മദാണ് അപൂര്‍വ രോഗം കൊണ്ട് ബുദ്ധിമുട്ടുന്നത്. ജനിതകവൈകല്യം മൂലമുണ്ടാവുന്ന സ്‌പൈനല്‍ മസ്‌കുലാര്‍ അട്രോഫി(എസ്എംഎ) എന്ന അത്യപൂര്‍വ രോഗം ബാധിച്ച മുഹമ്മദിന്റെ ചികില്‍സയ്ക്ക് ആവശ്യമായ മരുന്നിനു വേണ്ടത് 18 കോടി രൂപയാണ്. പതിനായിരം കുട്ടികളില്‍ ഒരാള്‍ക്ക് മാത്രം വരുന്ന രോഗം ബാധിച്ച് നടക്കാന്‍ പോലുമാവാത്ത അവസ്ഥയില്‍ കഴിയുന്നത്.
ദമ്പതികളുടെ മൂന്നു മക്കളില്‍ മൂത്തവളായ 15കാരി അഫ്‌റയ്ക്കു നേരത്തേ സമാന അസുഖം സ്ഥിരീകരിച്ചിരുന്നു. മാതാപിതാക്കളായ റഫീഖും മറിയുമ്മയും ഇവരുടെ കുടുംബവുമെല്ലാം മക്കളുടെ ജീവന്‍ രക്ഷിക്കാന്‍ ഇതിനകം തന്നെ ലക്ഷങ്ങള്‍ ചെലവിട്ടുകഴിഞ്ഞു. മുഹമ്മദിനാവട്ടെ രണ്ട് വയസ്സിനുള്ളില്‍ മരുന്ന് നല്‍കിയാല്‍ മാത്രമേ അസുഖം ഭേദമാവുകയുള്ളൂവെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. സഹോദരി അഫ്‌റയ്ക്കു ഏറെ ചികില്‍സ നല്‍കിയ ശേഷം നാലാമത്തെ വയസ്സിലാണ് സ്‌പൈനല്‍ മസ്‌കുലാര്‍ അട്രോഫിയാണെന്ന് തിരിച്ചറിഞ്ഞത്. അപ്പോഴേക്കും ഒന്നും ചെയ്യാനാവാത്ത അവസ്ഥയിലായിരുന്നുവെന്ന് കുടുംബം പറയുന്നു. ചക്രക്കസേരയില്‍ അനങ്ങാന്‍പോലും പ്രയാസപ്പെടുന്ന അഫ്‌റ, തന്റെ കുഞ്ഞനുജനും ഈയൊരവസ്ഥ വരരുതെന്ന പ്രാര്‍ഥനയിലാണ്. മുഹമ്മദിന് മരുന്ന് നല്‍കിയാല്‍ രക്ഷപ്പെടുമെന്നാണ് കുട്ടിയെ ചികില്‍സിക്കുന്ന കോഴിക്കോട് മിംസ് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ ഉറപ്പുനല്‍കിയിട്ടുള്ളത്.
വിദേശത്ത് എയര്‍ കണ്ടീഷന്‍ ടെക്‌നീഷ്യനായ റഫീഖ് ലോക്ക് ഡൗണിനെത്തുടര്‍ന്ന് നാട്ടില്‍ കുടുങ്ങിയിരിക്കുകയാണ്. മക്കളില്‍ രണ്ടുപേര്‍ക്കും അപൂര്‍വരോഗം പിടിപെട്ടതിന്റെ ആഘാതത്തിലാണ് പിതാവ്. മക്കളുടെ ചികില്‍സയ്ക്കായി ഉള്ളതെല്ലാം വിറ്റും കടം വാങ്ങിയും ചികില്‍സ നടത്തിയെങ്കിലും ഇത്രയും വലിയൊരു തുകയെ കുറിച്ച് കുടുംബത്തിന് ആലോചിക്കാന്‍ പോലുമാവാത്ത സ്ഥിതിയാണ്.
ഇതേത്തുടര്‍ന്ന് മാട്ടൂല്‍ ഗ്രാമവാസികള്‍ ജനകീയ കമ്മിറ്റി രൂപീകരിച്ച് ധനസമാഹരണം തുടങ്ങിയിട്ടുണ്ട്. മാട്ടൂല്‍ പഞ്ചായത്ത് പ്രസിഡന്റ് ഫാരിഷാ ആബിദ് ചെയര്‍പേഴ്‌സനും മാട്ടൂല്‍ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് കെ വി മുഹമ്മദലി രക്ഷാധികാരിയും ടി പി അബ്ബാസ് കണ്‍വീനറായുമാണ് മുഹമ്മദ് ചികില്‍സാ സഹായ കമ്മിറ്റി പ്രവര്‍ത്തിക്കുന്നത്. സുമനസ്സുകളുടെ പിന്തുണയുണ്ടെങ്കില്‍ മാത്രമേ ഇത്ര വലിയ സ്വരൂപിക്കാനാവൂ എന്നതിനാല്‍ സാമൂഹിക മാധ്യമങ്ങളില്‍ ഉള്‍പ്പെടെ ഇതുസംബന്ധിച്ച് കാംപയിന്‍ നടത്തുന്നുണ്ട്. 18 കോടിയെന്നു കേട്ട് വിശ്വാസം ലരാതെ പലരും സത്യാവസ്ഥ തേടി സാമൂഹിക മാധ്യമങ്ങളിലൂടെ തന്നെ സംശയമുന്നയിച്ചതോടെ മാട്ടൂല്‍ നിവാസികള്‍ മാധ്യമങ്ങളിലൂടെ ഇക്കാര്യം വ്യക്തമാക്കി വീഡിയോ സന്ദേശവും പങ്കുവയ്ക്കുന്നുണ്ട്. കേരളാ ഗ്രാമീണ്‍ ബാങ്ക് മാട്ടൂല്‍ ശാഖയില്‍ മാതാവ് പി സി മറിയുമ്മയുടെ പേരില്‍ അക്കൗണ്ട് തുടങ്ങി ധനശേഖരണം തുടങ്ങിയിട്ടുണ്ട്. അക്കൗണ്ട് നമ്പര്‍: 40421100007872. ഐ.എഫ്.എസ്.സി: KLGB0040421. ബ്രാഞ്ച് കോഡ്: 40421. ഗൂഗ്ള്‍ പേ നമ്പര്‍: 8921223421.
One and a half year old needs medicine worth Rs 18 crore