മാവോവാദികളുടെ പേരില്‍ വ്യവസായികള്‍ക്ക് ഭീഷണി സന്ദേശം; കരാറുകാരന്‍ അറസ്റ്റില്‍

കോഴിക്കോട് പാറോപ്പടി സ്വദേശി ഹബീബ് റഹ്മാനാണ് അറസ്റ്റിലായത്. മെഡിക്കല്‍ കോളജ് പോലിസ് ആണ് ഇയാളെ അറസ്റ്റ് ചെയ്തത്.

Update: 2021-07-19 12:44 GMT

കോഴിക്കോട്: മാവോവാദികളുടെ പേരില്‍ കോഴിക്കോട്ടെ വ്യവസായികള്‍ക്ക് ഭീഷണി സന്ദേശം അയച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍ കോഴിക്കോട് പാറോപ്പടി സ്വദേശി ഹബീബ് റഹ്മാനാണ് അറസ്റ്റിലായത്. മെഡിക്കല്‍ കോളജ് പോലിസ് ആണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാള്‍ക്ക് മാവോവാദി ബന്ധമില്ലെന്നാണ് പോലിസ് നിഗമനം. നേരത്തേയും ഇയാള്‍ പലര്‍ക്കും ഭീഷണി സന്ദേശം അയച്ചിരുന്നതായി പോലിസ് പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് കോഴിക്കോട്ടെ മൂന്ന് വ്യവസായികള്‍ക്ക് പണം ആവശ്യപ്പെട്ട് ഭീഷണി സന്ദേശം ലഭിച്ചത്. പണം നല്‍കിയില്ലെങ്കില്‍ കുടുംബാംഗങ്ങളെ അപായപ്പെടുത്തുമെന്നായിരുന്നു ഭീഷണി. സംഭവത്തില്‍ മെഡിക്കല്‍ കോളജ് പോലിസിലും കസബ പോലിസിലും വ്യവസായികള്‍ പരാതി നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഹബീബിനെ മെഡിക്കല്‍ കോളജ് പോലിസ് അറസ്റ്റ് ചെയ്തത്. കരാറുകാരനായ ഇയാളുടെ വീട്ടിലും ഓഫിസിലും പോലിസ് പരിശോധന നടത്തിയിരുന്നു. ഭീഷണി സന്ദേശം അയച്ചതിന് പുറമെ പണം ആവശ്യപ്പെട്ട് വ്യവസായികളെ പ്രതി ഫോണിലും വിളിച്ചിരുന്നു. ഇയാളുടെ മൊബൈല്‍ നമ്പര്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

വയനാട് ചുണ്ടേല്‍ നിന്നാണ് ഭീഷണി കത്തുകള്‍ അയച്ചത്. സമീപത്തെ സിസിടിവി ക്യാമറകളില്‍ നിന്ന് പ്രതിയുടെ കാറിന്റെ ദൃശ്യങ്ങളും അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു.

Tags:    

Similar News