''ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്'' ബില്ല് ഇന്ന് ലോക്‌സഭയില്‍? എംപിമാര്‍ക്ക് വിപ്പ് നല്‍കി കോണ്‍ഗ്രസ്

Update: 2024-12-17 02:38 GMT

ന്യൂഡല്‍ഹി: ''ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്''ബില്ല് കേന്ദ്രസര്‍ക്കാര്‍ ഇന്ന് ലോക്‌സഭയില്‍ അവതരിപ്പിക്കുമെന്ന് സൂചന. പാര്‍ലമെന്റ് തിരഞ്ഞെടുപ്പും നിയമസഭാ തിരഞ്ഞെടുപ്പും ഒരുമിച്ച് നടത്തണമെന്ന് ശുപാര്‍ശ ചെയ്യുന്ന ബില്ല് കേന്ദ്ര നിയമമന്ത്രി അര്‍ജുന്‍ റാം മേഗ്‌വാലായിരിക്കും അവതരിപ്പിക്കുക. ബില്ല് സംയുക്ത പാര്‍ലമെന്ററി സമിതിക്ക് വിടാനാണ് സാധ്യത.

''ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്'' ശുപാര്‍ശ ചെയ്യുന്ന രണ്ടു ഭരണഘടനാ ഭേദഗതി ബില്ലുകള്‍ കഴിഞ്ഞ വ്യാഴാഴ്ച കേന്ദ്രമന്ത്രിസഭാ യോഗം പാസാക്കിയിരുന്നു. സംസ്ഥാന നിയമസഭകളുടെയും പാര്‍ലമെന്റിന്റെയും കാലാവധികള്‍ ഏകീകരിക്കുന്നതാണ് ഒരു ബില്ല്. അതായത്, 2029ന് ശേഷം തിരഞ്ഞെടുക്കുന്ന ഒരു നിയമസഭയുടെ കാലാവധി അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കാതെ 2034ല്‍ അവസാനിക്കും. അടുത്ത തിരഞ്ഞെടുപ്പ് ലോക്‌സഭാ തിരഞ്ഞെടുപ്പിന് ഒപ്പമായിരിക്കും നടക്കുക. പുതുച്ചേരി, ഡല്‍ഹി, ജമ്മു കശ്മീര്‍ എന്നിവിടങ്ങളിലെ തിരഞ്ഞെടുപ്പുകളെ ലോക്‌സഭാ തിരഞ്ഞെടുപ്പിനൊപ്പം ക്രമീകരിക്കുന്നതാണ് രണ്ടാം ബില്ല്.

ബില്ല് സഭയില്‍ എത്തുമെന്ന സൂചനയില്‍ എംപിമാര്‍ക്ക് കോണ്‍ഗ്രസ് നേതൃത്വം വിപ്പ് നല്‍കി. ബില്ല് അവതരിപ്പിക്കുമ്പോള്‍ എല്ലാ അംഗങ്ങളും സഭയിലുണ്ടായിരിക്കണമെന്നാണ് നിര്‍ദേശം.

Similar News