കശ്മീരിനെ അടച്ചുപൂട്ടിയിട്ട് ഒരു വര്‍ഷം, ബാബരി ഭൂമിയില്‍ ക്ഷേത്ര നിര്‍മാണം: സംസ്ഥാനത്ത് ബുധനാഴ്ച പ്രതിഷേധ ദിനം
ഭവനങ്ങളില്‍ രാജ്യസംരക്ഷണ പ്രതിജ്ഞയെടുക്കും
തിരുവനന്തപുരം: കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കി താഴ് വരയെ അടച്ചുപൂട്ടിയിട്ട് ഒരു വര്‍ഷം തികയുന്ന ആഗസ്ത് അഞ്ചിന് (ബുധനാഴ്ച) സംസ്ഥാനത്ത് പ്രതിഷേധ ദിനമായി ആചരിക്കാന്‍ എസ്ഡിപിഐ സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനിച്ചു. വംശീയ വിദ്വേഷത്തിലധിഷ്ഠിതമായ ഹിന്ദുത്വ ഫാഷിസ്റ്റ് സര്‍ക്കാരിന്റെ ജനാധിപത്യ വിരുദ്ധമായ നടപടികളില്‍ പ്രതിഷേധിച്ച് ആഗസ്ത് അഞ്ചിന് എസ്ഡിപിഐ ദേശവ്യാപകമായി പ്രതിഷേധം സംഘടിപ്പിച്ചിരിക്കുകയാണ്. ഇതിന്റെ ഭാഗമായാണ് സംസ്ഥാനത്ത് ബുധനാഴ്ച പ്രതിഷേധ ദിനമായി ആചരിക്കുന്നത്. ബലപ്രയോഗത്തിലൂടെ ഹിന്ദുത്വവാദികള്‍ തകര്‍ത്തുകളഞ്ഞ ബാബരി മസ്ജിദിന്റെ ഭൂമിയില്‍ രാമക്ഷേത്ര നിര്‍മാണത്തിന് തുടക്കം കുറിക്കുന്നത് അധാര്‍മികവും അനീതിയുമാണ്. മുത്വലാഖ് നിയമനിര്‍മാണം മുസ്‌ലിം യുവാക്കളെ തടവിലിടാന്‍ വേണ്ടിയുള്ള ആര്‍എസ്എസ് നിയന്ത്രിത മോദി സര്‍ക്കാരിന്റെ തന്ത്രം മാത്രമാണ്. വൈകീട്ട് മൂന്നിന് ഭവനങ്ങളില്‍ നടക്കുന്ന പ്രതിഷേധത്തില്‍ രാജ്യ സംരക്ഷണ പ്രതിജ്ഞയെടുക്കും. സോഷ്യല്‍ മീഡിയാ കാംപയിന്‍, ട്വിറ്റര്‍ കാംപയിന്‍ എന്നിവയും പ്രതിഷേധത്തിന്റെ ഭാഗമായി നടക്കും.
]'കശ്മീര്‍ ആര്‍ട്ടിക്കിള്‍ 370 പുനസ്ഥാപിക്കുക, അയോധ്യയില്‍ രാമക്ഷേത്രം ഇന്ത്യയുടെ മുഖത്തെ അപമാനത്തിന്റെ അടയാളം, മുത്വലാഖ് നിയമം മുസ്‌ലിം യുവാക്കളെ തടവിലാക്കാനുള്ള തന്ത്രം മാത്രം' തുടങ്ങിയ മുദ്രാവാക്യമുയര്‍ത്തിയുള്ള പ്രതിഷേധങ്ങളാണ് സംഘടിപ്പിക്കുന്നത്. പ്രതിഷേധത്തില്‍ കുടംബാംഗങ്ങള്‍ ഒന്നടങ്കം പങ്കാളികളാകും. ഓണ്‍ലൈന്‍ സെക്രട്ടറിയേറ്റ് യോഗത്തില്‍ എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് മൂവാറ്റുപുഴ അഷറഫ് മൗലവി, സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ പി അബ്ദുല്‍ ഹമീദ്, റോയി അറയ്ക്കല്‍, തുളസീധരന്‍ പള്ളിക്കല്‍, ട്രഷറര്‍ അജ്മല്‍ ഇസ്മായീല്‍, സംസ്ഥാന സെക്രട്ടറമാരായ കെ കെ അബ്ദുല്‍ ജബ്ബാര്‍, പി ആര്‍ സിയാദ്, കെ എസ് ഷാന്‍, സെക്രട്ടറിയേറ്റംഗങ്ങളായ പി കെ ഉസ്മാന്‍, ഇ എസ് കാജാ ഹുസൈന്‍, പി പി മൊയ്തീന്‍ കുഞ്ഞ് സംസാരിച്ചു.