യുക്രെയ്‌ന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഓസ്‌കര്‍ വേദി; നീല റിബണ്‍ ധരിച്ച് താരങ്ങള്‍
ലോസ് ആഞ്ചലസ്: റഷ്യന്‍ അധിനിവേശത്തെത്തുടര്‍ന്ന് ക്രൂരമായ ആക്രമണങ്ങള്‍ നേരിട്ടുകൊണ്ടിരിക്കുന്ന പശ്ചാത്തലത്തില്‍ യുക്രെയ്ന്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് 94ാമത് ഓസ്‌കര്‍ വേദി. 'അഭയാര്‍ഥികള്‍ക്കൊപ്പം' എന്നെഴുതിയ റിബ്ബണ്‍ ധരിച്ചാണ് മിക്ക താരങ്ങളും പുരസ്‌കാര ചടങ്ങിനെത്തിനെത്തിയത്. യുഎന്‍ അഭയാര്‍ഥി ഏജന്‍സിയാണ് കാംപയിന് നേതൃത്വം നല്‍കിയത്. 94ാമത് അക്കാദമി അവാര്‍ഡിന് മുമ്പും ആ സമയത്തും യുഎന്‍ അഭയാര്‍ഥി ഏജന്‍സി താരങ്ങള്‍ക്ക് ഈ റിബണ്‍ ധരിക്കാന്‍ നല്‍കിയിരുന്നു.
ഏഴ് ഓസ്‌കര്‍ നേടിയ ഡ്യൂണ്‍ എന്ന ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തിയ ജേസണ്‍ മൊമോവ യുക്രെയ്‌ന്റെ പതാകയടെ നിറങ്ങളായ നീലയും മഞ്ഞയും കലര്‍ന്ന സ്‌കാര്‍ഫ് കോട്ടിന്റെ പോക്കറ്റില്‍ ധരിച്ചാണ് എത്തിയത്. അവതാരകയായ ജാമി ലീ കര്‍ട്ടിസ് വിരലില്‍ നീല റിബണ്‍ കെട്ടിയാണ് വേദിയിലെത്തിയത്. നിരവധി താരങ്ങളാണ് വ്യത്യസ്ത രീതിയില്‍ യുക്രെയ്‌നോടുള്ള പിന്തുണ അറിയിച്ചത്. താരങ്ങള്‍ ഓസ്‌കര്‍ വേദിയില്‍ റിബണുകള്‍ ഉയര്‍ത്തിക്കാണിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
യുക്രെയ്‌നിലെ റഷ്യന്‍ അധിനിവേശത്തെ അപലപിച്ച് യുക്രെയ്‌ന് പിന്തുണ ആവശ്യപ്പെട്ടുള്ള സന്ദേശങ്ങളും ഓസ്‌കര്‍ വേദിയില്‍ പ്രത്യക്ഷപ്പെട്ടു. സംഘര്‍ഷസമയത്ത് നമ്മുടെ മാനവികത പ്രകടിപ്പിക്കുന്നതിനുള്ള പ്രധാന മാധ്യമമാണ് സിനിമ, യുക്രെയ്‌നിലെ ദശലക്ഷക്കണക്കിനാളുകള്‍ക്ക് ഭക്ഷണം, വൈദ്യസഹായം, ശുദ്ധജലം, അടിയന്തര സേവനങ്ങള്‍ എന്നിവ ആവശ്യമാണ്. ആഗോളസമൂഹം ഒന്നിച്ചുനിന്ന് യുക്രെയ്ന്‍ ജനതയെ സഹായിക്കണമെന്നാണ് സന്ദേശത്തില്‍ അഭ്യര്‍ഥിക്കുന്നത്. 'യുക്രെയ്ന്‍ ജനതയ്‌ക്കൊപ്പം' എന്ന ഹാഷ് ടാഗുമായാണ് സന്ദേശം പ്രത്യക്ഷപ്പെട്ടത്.