കണ്ണൂരില്‍ പോലിസിന്റെ അമിത നിയന്ത്രണം; എസ്പിക്കെതിരേ ജില്ലാ കലക്ടര്‍

Update: 2020-04-29 12:25 GMT

കണ്ണൂര്‍: കൊവിഡ് വ്യാപനം തടയാന്‍ ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണിന്റെ മറവില്‍ ജില്ലയില്‍ പലയിടത്തും പോലിസ് അമിത നിയന്ത്രണം ഏര്‍പ്പെടുത്തിയെന്ന വിമര്‍ശനത്തിനിടെ, ജില്ലാ പോലിസ് മേധാവിക്കെതിരേ ജില്ലാ കലക്ടര്‍ തന്നെ രംഗത്തെത്തി. ജില്ലയില്‍ ഹോട്ട്‌സ്‌പോട്ട് അല്ലാത്ത സ്ഥലങ്ങളെ കണ്ടെയ്ന്‍മെന്റ് സോണുകളാക്കിയ എസ്പിയുടെ നടപടി അംഗീകരിക്കാനാവില്ലെന്നും ബ്ലോക്കുകള്‍ അടിയന്തരമായി നീക്കണമെന്നും ആവശ്യപ്പെട്ട് ജില്ലാ കലക്ടര്‍ ടി വി സുഭാഷ് ജില്ലാ പോലിസ് മേധാവി യതീഷ് ചന്ദ്രയ്ക്ക് കത്തയച്ചു. ജില്ലയില്‍ സാമൂഹിക വ്യാപനം കണ്ടെത്തിയിട്ടില്ലെന്നിരിക്കെ എസ്പി കണ്ടെയ്ന്‍മെന്റ് സോണ്‍ തിരിച്ചത് എന്ത് അധികാരം ഉപയോഗിച്ചാണെന്നും ഗ്രാമീണ റോഡുകള്‍ പോലും അടച്ചിടുന്നതിന്റെ ആവശ്യമെന്താണെന്നും കത്തില്‍ കലക്ടര്‍ ചോദിക്കുന്നുണ്ട്.

    റോഡ് അടച്ചതുകാരണം ആംബുലന്‍സുകള്‍ പോലും തിരിച്ചുവിടേണ്ടി വന്നെന്നും ഡയാലിസിസ് രോഗികള്‍ക്ക് ആശുപത്രിയില്‍ പോവാന്‍ സാധിച്ചില്ലെന്നും കലക്ടര്‍ ചൂണ്ടിക്കാട്ടി. ജില്ലയിലെ ഒരു യോഗത്തിലും ഇത്തരമൊരു തീരുമാനം എടുത്തിട്ടില്ലെന്നിരിക്കെ എങ്ങനെയാണ് ഇത്തരമൊരു നടപടിയിലേക്ക് പോലിസ് നീങ്ങിയതെന്നാണ് കലക്ടറുടെ വിമര്‍ശനം. ബുധനാഴ്ച വൈകീട്ടോടെ അടച്ചിട്ട റോഡുകളെല്ലാം തുറന്ന് വാഹനങ്ങള്‍ കടത്തിവിടണമെന്നും കലക്ടര്‍ ആവശ്യപ്പെട്ടു.

    മാത്രമല്ല, കൊവിഡ് സംബന്ധിച്ച യോഗങ്ങളില്‍ ജില്ലാ പോലിസ് മേധാവി യതീഷ് ചന്ദ്ര പങ്കെടുക്കാത്തതിനെയും കലക്ടര്‍ വിമര്‍ശിച്ചു. അടുത്ത യോഗങ്ങളില്‍ പങ്കെടുക്കണമെന്ന നിര്‍ദേശവും കത്തിലൂടെ കലക്ടര്‍ നല്‍കിയിട്ടുണ്ട്. ഹോട്ട്‌സ്‌പോട്ടുകളല്ലാത്ത സ്ഥലങ്ങളില്‍ റോഡുകള്‍ അടച്ചിട്ടതിനെതിരേ വ്യാപക പരാതിയുയര്‍ന്ന സാഹചര്യത്തിലാണ് കലക്ടറുടെ നടപടി.


Tags:    

Similar News