അബുജ: മാസങ്ങളായി തുടരുന്ന മഹാപ്രളയം നൈജീരിയയെ ദുരിതക്കയത്തിലാക്കുന്നു. ദിവസങ്ങളായി പെയ്യുന്ന കനത്ത മഴയെത്തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കമാണ് നൈജീരിയയെ കണ്ണീരിലാഴ്ത്തുന്നത്. പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യം ഒരു ദശാബ്ദത്തിനിടെ കണ്ട ഏറ്റവും വലിയ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 600ന് മുകളിലായെന്നു നൈജീരിയന്‍ വൃത്തങ്ങള്‍ അറിയിച്ചു. രണ്ടായിരത്തോളം പേര്‍ക്ക് പരിക്കേറ്റു. 13 ലക്ഷം പേരെ മാറ്റിപ്പാര്‍പ്പിച്ചു. രണ്ടുലക്ഷത്തിലധികം വീടുകള്‍ നശിപ്പിക്കപ്പെട്ടു. ജൂലൈ മുതലുള്ള കനത്ത മഴയാണ് ദുരന്തത്തിന് കാരണം. 36 സംസ്ഥാനങ്ങളില്‍ 31ലും പ്രളയക്കെടുതി നേരിട്ടു. നൈജീരിയയില്‍ എല്ലാ വര്‍ഷവും വെള്ളപ്പൊക്കമുണ്ടാവാറുള്ളതാണ്. പക്ഷേ, പതിറ്റാണ്ടുകള്‍ക്കുശേഷമാണ് ഇത്ര വലിയ ദുരന്തം.
603 പേരാണ് മരിച്ചതെന്ന് നൈജീരിയന്‍ മന്ത്രി സാദിയ ഉമര്‍ ഫാറൂഖ് പറഞ്ഞു. പ്രളയത്തില്‍ 82,000ലധികം വീടുകളും 110,000 ഹെക്ടര്‍ (272,000 ഏക്കര്‍) കൃഷിയിടങ്ങളും പൂര്‍ണമായും നശിച്ചതായും ഉമര്‍ ഫാറൂഖ് പറഞ്ഞു. വരും ആഴ്ചകളില്‍ തെക്കുകിഴക്കന്‍ മേഖലകളില്‍ കനത്ത മഴ തുടരുമെന്നാണു കാലാവസ്ഥാ പ്രവചനം. നൈജീരിയ ഭക്ഷ്യക്ഷാമത്തിലാവുമെന്ന ആശങ്കയുണ്ട്. നവംബര്‍ അവസാനം വരെ വെള്ളപ്പൊക്കം തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്. മോശം ആസൂത്രണവും അടിസ്ഥാന സൗകര്യങ്ങളും നാശം വര്‍ധിപ്പിച്ചതായും വിദഗ്ധര്‍ പറയുന്നു. ഏകദേശം 14 ലക്ഷത്തിലേറെ മനുഷ്യരെയാണ് പ്രളയം നേരിട്ട് ബാധിച്ചിട്ടുള്ളത്.
പല സംസ്ഥാനങ്ങളിലും ഭക്ഷണവും ഇന്ധന വിതരണവും രക്ഷാപ്രവര്‍ത്തനവും തടസ്സപ്പെട്ടിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാക്കാനുള്ള ശ്രമത്തിലാണ് അധികൃതര്‍. ദുരന്തത്തിന്റെ വ്യാപ്തി പ്രതീക്ഷിക്കുന്നതിലും വളരെ വലുതാവാനുള്ള സാധ്യതയാണ് നൈജിരിയന്‍ അധികൃതര്‍ നല്‍കുന്നത്. ഇക്കാര്യം നാഷനല്‍ എമര്‍ജന്‍സി മാനേജ്‌മെന്റ് ഏജന്‍സി ഡയറക്ടര്‍ ജനറല്‍ മുസ്തഫ ഹബീബ് അഹമ്മദ് പ്രസ്താവനയിലൂടെ അറിയിക്കുകയും ചെയ്തിട്ടുണ്ട്.
നൈജീരിയയില്‍ നിന്നുള്ള കാഴ്ചകള്‍ ഏവരെയും നൊമ്പരപ്പെടുത്തുന്നതാണ്. ജീവന് വേണ്ടി പരക്കംപായുന്ന മനുഷ്യരുടെ കാഴ്ചയാണ് ഏവിടെയും. വലിയ തോതിലുള്ള നഷ്ടമാണ് രാജ്യത്തിനുണ്ടായിരിക്കുന്നത്. പല നഗരങ്ങളിലെയും വ്യാപര സ്ഥാപനങ്ങള്‍ വെള്ളത്തിനടിയിലായി. ബസ്സുകളും കാറുകളുമടക്കം വെള്ളത്തില്‍ ഒഴുകിനടക്കുന്ന കാഴ്ചയും പലരും പങ്കുവച്ചിട്ടുണ്ട്. വിശപ്പിന്റെ വലിയ അപകടസാധ്യത നേരിടുന്ന ആറ് രാജ്യങ്ങളില്‍ നൈജീരിയയും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് വേള്‍ഡ് ഫുഡ് പ്രോഗ്രാമും യുഎന്‍ ഫുഡ് ആന്‍ഡ് അഗ്രികള്‍ച്ചര്‍ ഓര്‍ഗനൈസേഷനും കഴിഞ്ഞ മാസം മുന്നറിയിപ്പ് നല്‍കിയിരുന്നു.