അനിശ്ചിതത്വത്തിനു വിരാമം; തൃശൂര്‍ പൂരത്തിനു ആനകളെ വിട്ടുനല്‍കുമെന്ന് ഉടമകള്‍
തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ ആരോഗ്യസ്ഥിതി പരിശോധിച്ച് തൃപ്തികരമാണെങ്കില്‍ പൂര വിളംബരത്തില്‍ പങ്കെടുപ്പിക്കുമെന്നും കലക്ടര്‍ അറിയിച്ചു
തൃശൂര്‍: ദിവസങ്ങളായി തുടരുന്ന അനിശ്ചിതത്വത്തിനു വിരാമമിട്ട് തൃശൂര്‍ പൂരത്തിനു ആനകളെ വിട്ടുനല്‍കാന്‍ ഉടമകളുടെ തീരുമാനം. ജില്ലാ കലക്ടര്‍ ടി വി അനുപമയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പൂരം നിരീക്ഷണ സമിതി യോഗത്തിലാണ് ധാരണയായത്. നേരത്തേ വിലക്കേര്‍പ്പെടുത്തിയിരുന്ന തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ ആരോഗ്യസ്ഥിതി പരിശോധിച്ച് തൃപ്തികരമാണെങ്കില്‍ തൃശൂര്‍ പൂര വിളംബരത്തില്‍ പങ്കെടുപ്പിക്കുമെന്നും കലക്ടര്‍ അറിയിച്ചു. മൂന്നു ഡോക്ടര്‍മാരടങ്ങുന്ന സംഘം തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ ആരോഗ്യസ്ഥിതി പരിശോധിക്കും. പരിശോധനയില്‍ ആരോഗ്യവാനാണെന്ന് ബോധ്യപ്പെട്ടാല്‍ മാത്രമേ തെക്കേ ഗോപുരനട തുറക്കുന്ന പൂരം ചടങ്ങിന് എഴുന്നള്ളിക്കുകയുള്ളൂ. മാത്രമല്ല, ചടങ്ങിനെത്തുന്നവരെ ബാരിക്കേഡ് ഉപയോഗിച്ച് നിയന്ത്രിക്കാനും യോഗത്തില്‍ തീരുമാനമായി. കോടതി വിധിയെ തുടര്‍ന്ന് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനു വിലക്കേര്‍പ്പെടുത്തിയതില്‍ പ്രതിഷേധിച്ച് തൃശൂര്‍ പൂരത്തിന് ആനകളെ നല്‍കില്ലെന്ന് ആന ഉടമ ഫെഡറേഷന്‍ നിലപാടെടുത്തത് പൂരത്തെ പ്രതിസന്ധിയിലാക്കിയിരുന്നു. തുടര്‍ന്ന് സര്‍ക്കാര്‍ നിര്‍ദേശപ്രകാരം നടത്തിയ ചര്‍ച്ചയിലാണ് ആന ഉമകള്‍ മുന്‍ നിലപാടില്‍ നിന്നു പിന്‍മാറിയത്. മാത്രമല്ല, സര്‍ക്കാര്‍ പറയുന്ന എല്ലാ നിര്‍ദേശങ്ങളോടും സഹകരിക്കുമെന്നും സര്‍ക്കാര്‍ ആവശ്യപ്പെടുകയാണെങ്കില്‍ എഴുന്നള്ളിക്കുന്നതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ തയ്യാറാണെന്നും ആന ഉടമ ഫെഡറേഷന്‍ ഭാരവാഹികള്‍ അറിയിച്ചു.