പ്രമുഖ വ്യവസായി പി എ ഇബ്രാഹിം ഹാജി അന്തരിച്ചു

Update: 2021-12-21 06:23 GMT

കോഴിക്കോട്: ചന്ദ്രിക ഡയരക്ടറും ഇന്ത്യയിലെയും മിഡില്‍ ഈസ്റ്റിലെയും പ്രമുഖ വ്യവസായിയും ജീവകാരുണ്യമേഖലയിലെ സജീവ സാന്നിധ്യവുമായ ഡോ. പി എ ഇബ്രാഹിം ഹാജി (78) അന്തരിച്ചു. മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് ഡിസംബര്‍ 11ന് ദുബൈ ഹെല്‍ത്ത് കെയര്‍ സിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തെ തിങ്കളാഴ്ച രാത്രി കോഴിക്കോട് മിംസിലേക്ക് മാറ്റിയിരുന്നു. ഇന്ന് രാവിലെ കോഴിക്കോട് മിംസ് ആശുപത്രിയിലാണ് മരണം.

മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ് സ്ഥാപക വൈസ് ചെയര്‍മാന്‍, പ്രമുഖ വിദ്യാഭ്യാസ ഗ്രൂപ്പായ പേസ് ഗ്രൂപ്പ് സ്ഥാപക ചെയര്‍മാന്‍, ഇന്‍ഡസ് മോട്ടോര്‍ കമ്പനി വൈസ് ചെയര്‍മാന്‍ തുടങ്ങിയ പദവികള്‍ അലങ്കരിച്ചിരുന്നു.

1943 സെപ്റ്റംബര്‍ ആറിന് കാസര്‍കോട് പള്ളിക്കരയില്‍ അബ്ദുല്ല ഹാജിയുടെയും ആയിശയുടയും മകനായി ജനിച്ച ഇബ്രാഹീം ഹാജി 1966ലാണ് ഗള്‍ഫിലേക്ക് ചേക്കേറിയത്. പിന്നീട് ടെക്‌സ്‌റ്റൈല്‍, ജ്വല്ലറി, ഗാര്‍മന്റ്‌സ് മേഖലയില്‍ വ്യവസായം കെട്ടിപ്പടുത്തു. 1999ല്‍ പേസ് ഗ്രൂപ്പിലൂടെയാണ് വിദ്യാഭ്യാസ മേഖലയിലേക്ക് ചുവടുവെച്ചത്. ആയിരക്കണക്കിന് അധ്യാപകരും ജീവനക്കാരുമുള്ള വലിയ ഗ്രൂപ്പായി പേസ് ഗ്രൂപ്പ് വളര്‍ന്നു. 25 രാജ്യങ്ങളിലെ 20000ഓളം വിദ്യാര്‍ഥികള്‍ ഇവിടെ പഠിക്കുന്നു. ഇന്ത്യ, യുഎഇ, കുവൈത്ത് എന്നിവിടങ്ങളിലാണ് പേസ് ഗ്രൂപ്പിന് സ്ഥാപനങ്ങളുള്ളത്. കേരളത്തില്‍ കണ്ണൂര്‍ റിംസ് ഇന്റര്‍നാഷനല്‍ സ്‌കൂള്‍, മഞ്ചേരി പേസ് റെസിഡന്‍ഷ്യല്‍സ് സ്‌കൂള്‍ എന്നിവയാണ് ഇബ്രാഹിം ഹാജിയുടെ ഉടമസ്ഥതയിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍. മംഗലാപുരത്ത് അഞ്ച് സ്ഥാപനങ്ങളുണ്ട്. മുസ്‌ലിം ലീഗ്, കെഎംസിസി പ്രവര്‍ത്തന രംഗത്ത് സജീവമായിരുന്നു.

Tags:    

Similar News