സുധാകരന്റെ വരവിലൂടെ കേരളത്തില്‍ കോണ്‍ഗ്രസ് നാമാവശേഷമാകും: പി സി ചാക്കോ

ക്ഷമാശീലരായ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും പൊതു സമൂഹത്തിനും ഉള്‍ക്കൊള്ളാന്‍ കഴിയാത്ത സുധാകരന്റെ അടി തട രാഷ്ട്രീയത്തിന് കേരളത്തില്‍ പ്രസക്തിയില്ല.കോണ്‍ഗ്രസിന്റെ ഇന്നത്തെ മുഖ്യ ശത്രു ബിജെപിയും ആര്‍എസ്എസുമാണ്. ഈ സംഘടനകളുമായി പലവട്ടം സന്ധിചെയ്യാന്‍ തയ്യാറായ സുധാകരന് മതേതര നിലപാടില്‍ ഉറച്ചുനില്‍ക്കാന്‍ കഴിയില്ല

Update: 2021-06-09 12:14 GMT

കൊച്ചി:ശാന്തി, സമാധാനം. അക്രമരാഹിത്യം എന്നീ ഗാന്ധിയന്‍ വിശ്വാസങ്ങളെ മുറുകെ പിടിച്ച നേതാക്കള്‍ ഇരുന്ന കസേരയിലേക്ക് അക്രമ രാഷ്ട്രീയക്കാരനായ കെ സുധാകരന്‍ എത്തുന്നതോടെ കേരളത്തില്‍ കോണ്‍ഗ്രസിന്റെ സമ്പൂര്‍ണ്ണ നാശമായിരിക്കും ഉണ്ടാവുകയെന്ന് എന്‍സിപി. അധ്യക്ഷന്‍ പി സി ചാക്കോ.കണ്ണൂരിലെ കമ്യൂണിസ്റ്റ് വിരുദ്ധ രാഷ്ട്രീയത്തിന്റെ സന്തതിയായ സുധാകരന്‍ രാഷ്ട്രീയ പ്രതിയോഗികളെ ശാരീരികമായി ഉന്‍മൂലനം ചെയ്യുകയെന്ന തീവ്രവാദ രാഷ്ട്രീയത്തിന് ചുക്കാന്‍ പിടിച്ച ആളാണ്. ക്ഷമാശീലരായ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും പൊതു സമൂഹത്തിനും ഉള്‍ക്കൊള്ളാന്‍ കഴിയാത്ത സുധാകരന്റെ അടി തട രാഷ്ട്രീയത്തിന് കേരളത്തില്‍ പ്രസക്തിയില്ല.

കോണ്‍ഗ്രസിന്റെ ഇന്നത്തെ മുഖ്യ ശത്രു ബിജെപിയും ആര്‍എസ്എസുമാണ്. ഈ സംഘടനകളുമായി പലവട്ടം സന്ധിചെയ്യാന്‍ തയ്യാറായ സുധാകരന് മതേതര നിലപാടില്‍ ഉറച്ചുനില്‍ക്കാന്‍ കഴിയില്ല. ദേശീയ തലത്തില്‍ ബിജെപിക്കെതിരെ നീങ്ങുന്ന രാഷ്ട്രീയ ചേരിയില്‍ കോണ്‍ഗ്രസിനൊപ്പം ഇടതുപക്ഷ പ്രസ്ഥാനങ്ങളുമുണ്ട്. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും കമ്യണിസ്റ്റ് വിരുദ്ധ നിലപാടിനോട് യോജിക്കുന്നില്ല. ഈ സാഹചര്യത്തില്‍ കമ്യൂണിസ്റ്റ് വിരുദ്ധ പോരാട്ടത്തിന്റെ കൈ മുതല്‍ മാത്രമുള്ള സുധാകരന് എങ്ങിനെ പാര്‍ട്ടിയെ നയിക്കാന്‍ കഴിയുമെന്നും ചാക്കോ ചോദിച്ചു.

ഗ്രൂപ്പ് രാഷ്ട്രീയത്തില്‍ കുരുങ്ങിക്കിടക്കുന്ന കേരളത്തിലെ കോണ്‍ഗ്രസിനെ മോചിപ്പിക്കാന്‍ തിരഞ്ഞെടുപ്പ് ഒഴിവാക്കി ഹൈക്കമാന്റ് കെട്ടിയിറക്കിയ നേതാക്കളെ കൊണ്ട് കഴിയില്ല. വി എം സുധീരനും മുല്ലപ്പള്ളി രാമചന്ദ്രനും ശേഷം റണ്‍ ഒന്നുമെടുക്കാതെ വീഴുന്ന മൂന്നാം വിക്കറ്റായിരിക്കും കെ സുധാകരന്‍ എന്നും പി സി ചാക്കോ പറഞ്ഞു.കേരളത്തിലും കേന്ദ്രത്തിലും തുടര്‍ച്ചയായി രണ്ടു പരാജയങ്ങള്‍ ഏറ്റുവാങ്ങിയിട്ടും ഒരു ദേശീയ പ്രസിഡന്റിനെ തിരഞ്ഞെടുക്കാന്‍ കഴിയാത്ത പാര്‍ട്ടി കേരളത്തിലെ കോണ്‍ഗ്രസിനെ രക്ഷിക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ അപഹാസ്യമാണ്. ജനാധിപത്യപരമായ പാര്‍ട്ടി തിരഞ്ഞെടുപ്പ് പോലും നടത്താന്‍ കഴിയാതെ നോമിനേഷന്‍ പാര്‍ട്ടിയായി കോണ്‍ഗസിനെ മാറ്റിയതിന്റെ ഫലം പാര്‍ട്ടിയുടെ ദുരന്തത്തെയാണ് വൃക്തമാക്കുന്നതെന്നും ചാക്കോ പറഞ്ഞു.

നാഷ്ണലിസ്റ്റ് കോണ്‍ഗ്രസ്സ് പാര്‍ട്ടി(എന്‍സിപി) സ്ഥാപന ദിനമായ നാളെ സംസ്ഥാനത്തെ ആയിരം കേന്ദ്രങ്ങളില്‍ എന്‍സിപി പ്രവര്‍ത്തകര്‍ പാര്‍ട്ടി പതാകകള്‍ ഉയര്‍ത്തി ദേശസ്നേഹ പ്രതിജ്ഞയെടുക്കുമെന്ന് പി സി ചാക്കോ പറഞ്ഞു.സ്ഥാപന ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം രാവിലെ 9 ന് എറണാകുളത്ത് നടക്കും.ഒരു ഭാരതീയനായതില്‍ ഞാന്‍ അഭിമാനിക്കുന്നുവെന്ന മുദ്രവാക്യം ഉയര്‍ത്തി സ്ഥാപനദിനത്തില്‍ സാമൂഹ്യ സേവന പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനത്തെ എല്ലാ മണ്ഡലങ്ങളിലും സംഘടിപ്പിക്കുമെന്നും പി സി ചാക്കോ പറഞ്ഞു

Tags:    

Similar News