തിരുവനന്തപുരം: നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വറിന് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശി വക്കീല്‍ നോട്ടീസ് അയച്ചു. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് നല്‍കിയ പരാതിക്കത്തിലെ ആരോപണങ്ങളില്‍ ഖേദം പ്രകടിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ് അയച്ചത്. പാര്‍ട്ടി സെക്രട്ടറിക്ക് നല്‍കിയ കത്ത് അന്‍വര്‍ പിന്നീട് മാധ്യമങ്ങളിലൂടെ പുറത്തുവിട്ടിരുന്നു. ആരോപണങ്ങള്‍ രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ളതാണെന്നും പിന്‍വലിച്ച് ഖേദം പ്രകടിപ്പിക്കണമെന്നുമാണ് വക്കീല്‍ നോട്ടിസിലുള്ളത്. അല്ലാത്തപക്ഷം ക്രിമിനല്‍ നടപടി സ്വീകരിക്കും. പൊതുസമ്മേളനങ്ങളിലും വാര്‍ത്താസമ്മേളനങ്ങളിലും ഉന്നയിച്ച ആരോപണങ്ങളും സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് നല്‍കിയ പരാതികളിലും ഉന്നയിച്ച എല്ലാ ആരോപണങ്ങളും പിന്‍വലിച്ച് ഖേദം പ്രകടിപ്പിക്കണമെന്നാണ് ആവശ്യം.