മുഖ്യമന്ത്രി തള്ളിപ്പറഞ്ഞാല്‍ ഉരുകില്ല; ഇഎംഎസും പണ്ട് കോണ്‍ഗ്രസായിരുന്നുവെന്നും പി വി അന്‍വര്‍

Update: 2024-09-21 13:15 GMT

നിലമ്പൂര്‍: മുഖ്യമന്ത്രി പിണറായി വിജയന്‍ തള്ളിപ്പറഞ്ഞതിനു പിന്നാലെ കടുത്ത മറുപടിയുമായി ആഞ്ഞടിച്ച് നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വര്‍. മുഖ്യമന്ത്രി തള്ളിപ്പറഞ്ഞാല്‍ ഉരുകുന്ന മനസ്ഥിതിയുള്ളയാളല്ലെന്നും തന്നെ ആര്‍ക്കും ഒരു ചുക്കും ചെയ്യാന്‍ സാധിക്കില്ലെന്നും അന്‍വര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മുഖ്യമന്ത്രി തന്നെ സൂചിപ്പിച്ച പുഴുക്കുത്തുകള്‍ക്കെതിരായ പോരാട്ടം തുടരും. മുഖ്യമന്ത്രിയെ വിശ്വസിച്ചവര്‍ പൂര്‍ണമായും തെറ്റിദ്ധരിപ്പിച്ചിട്ടുണ്ട്. മുഖ്യമന്ത്രിക്ക് ഉപദേശം നല്‍കുന്നവര്‍ അദ്ദേഹത്തെ തെറ്റിദ്ധരിപ്പിച്ചുകൊണ്ടേയിരിക്കുകയാണ്. താന്‍ ഉന്നയിച്ച വിഷയങ്ങളെല്ലാം ചില പോലിസ് ഉദ്യോഗസ്ഥര്‍ക്കെതിരെയാണ്. എന്നാല്‍, ഇക്കൂട്ടര്‍ കേരളത്തിലെ പോലിസ് ഉദ്യോഗസ്ഥരില്‍ വളരെ ചെറിയ ഒരു ശതമാനം മാത്രമാണ്. മറ്റുള്ളവര്‍ രാജ്യത്തിന് തന്നെ മാതൃകയാണ്. മുഖ്യമന്ത്രി തന്നെ സൂചിപ്പിച്ച പുഴുക്കുത്തുകള്‍ക്കെതിരായാണ് തന്റെ പോരാട്ടം. ഈ പോരാട്ടം തുടരുമെന്നും അദ്ദേഹം പറഞ്ഞു.

    പി വി അന്‍വറിന്റേത് ഇടതു പക്ഷാത്തലമല്ലെന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശത്തിനും പി വി അന്‍വര്‍ മറുപടി നല്‍കി. താന്‍ കോണ്‍ഗ്രസ് പശ്ചാത്തലമുള്ളയാള്‍ തന്നെയാണ്. ഞാന്‍ മാത്രമല്ല, ഇഎംഎസിനും കോണ്‍ഗ്രസ് പശ്ചാത്തലമുണ്ടായിരുന്നു. തനിക്ക് കണ്ണൂരില്‍നിന്നും രക്തസാക്ഷി കുടുംബങ്ങളില്‍നിന്നും നിരവധി പേരുടെ പിന്തുണ ലഭിക്കുന്നുണ്ട്. പാര്‍ട്ടി കൈവിടുകയാണെങ്കില്‍ അപ്പോള്‍ പറയാമെന്നും അന്‍വര്‍ പറഞ്ഞു.

    മുഖ്യമന്ത്രി സൂചിപ്പിച്ചത് പോലിസ് ഉദ്യോഗസ്ഥരുടെ മനോവീര്യം തകര്‍ക്കുന്ന തീരുമാനമുണ്ടാവില്ല എന്നാണ്. അത് അങ്ങിനെ തന്നെയാണ് വേണ്ടതും. എന്നാല്‍, ഇവിടെ മനോവീര്യം തകരുന്നവര്‍ താന്‍ പറഞ്ഞ് നാലോ അഞ്ചോ ശതമാനം മാത്രമാണ്. സത്യസന്ധരായി പ്രവര്‍ത്തിക്കുന്നവരുടെ മനോവീര്യം വലിയ രീതിയില്‍ ഉയര്‍ന്നിരിക്കുകയാണ്. അത് മുഖ്യമന്ത്രി മനസ്സിലാക്കണം. സത്യസന്ധമായി ഇടപെടാനാവുന്ന തരത്തില്‍ കാര്യങ്ങള്‍ മാറുന്നുവെന്ന് പറഞ്ഞ ഉദ്യോഗസ്ഥരുണ്ട്. പോലിസിനെതിരേ എന്ത് പറഞ്ഞാലും അത് മനോവീര്യം തകര്‍ക്കുകയാണെന്ന് മുഖ്യമന്ത്രിയെ പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചിരിക്കുന്നു.

    മലപ്പുറം എസ്പി ആയിരുന്ന സുജിത്ത് ദാസിന്റെ ഫോണ്‍ കോള്‍ റെക്കോഡ് ചെയ്ത സംഭവത്തില്‍ മുഖ്യമന്ത്രി പറഞ്ഞ കാര്യം അംഗീകരിക്കുന്നു. ജീവിതത്തിലെ ഏറ്റവും വലിയ ചെറ്റത്തരമാണ് ചെയ്തതെന്ന് അന്നേ പറഞ്ഞിരുന്നു. എന്നാല്‍, ഇത് പുറത്ത് വിടുന്നതല്ലാതെ തനിക്ക് വേറെ രക്ഷയില്ലായിരുന്നു. മുഴുവന്‍ ഇപ്പോഴും പുറത്തുവിട്ടിട്ടില്ല. 10,000 രൂപയുടെ മരത്തടി കേസിനാണ് ഈ പോലിസ് ഉദ്യോഗസ്ഥന്‍ എംഎല്‍എയുടെ കാലുപിടിക്കുന്നത്.

    എസ്പിയോട് അന്വേഷണം നടക്കട്ടെ എന്ന് ഞാന്‍ ആവര്‍ത്തിച്ച് പറഞ്ഞിരുന്നു. അത് പറയുമ്പോള്‍ അദ്ദേഹം പിന്നെയും കാലുപിടിക്കും. ഈ കാലുപിടിത്തം തുടരുമ്പോള്‍ എന്താണ് മനസ്സിലാക്കേണ്ടത്. ഇങ്ങനെ കൊള്ളയ്ക്കും കൊലയ്ക്കും കൂട്ടുനില്‍ക്കുന്ന ഐപിഎസ് ഓഫിസര്‍ അഞ്ച് വയസ്സുള്ള കുട്ടി പറയുന്നത് പോലെ ഞാന്‍ ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് ഉത്തരം പറഞ്ഞുകൊണ്ടേയിരുന്നു. സമൂഹത്തെ ബോധിപ്പിക്കാന്‍ കഴിഞ്ഞ ഏക സംഭവം ഈ ഫോണ്‍ റെക്കോഡിങ് ആണ്. ഈ തെളിവുകളൊക്കെ ഉണ്ടായിട്ടും ഇത് ഇപ്പോള്‍ തിരിച്ചുവരികയാണ്. ഈ തെറ്റ് ചെയ്തത് സമൂഹത്തെ ബോധ്യപ്പെടുത്താന്‍ വേണ്ടിയാണെന്നും അന്‍വര്‍ ന്യായീകരിച്ചു.

    സ്വര്‍ണക്കടത്തിലെ കുറ്റവാളികളെ മഹത്വവല്‍ക്കരിക്കുന്നുവെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. അത് തെറ്റിദ്ധാരണയാണ്. 182 കേസുകള്‍ പോലിസ് പിടിച്ചിട്ടുണ്ട്. ഈ സ്വര്‍ണക്കള്ളക്കടത്ത് തെളിയിക്കാന്‍ എന്താണ് മാര്‍ഗമുള്ളത്. ഇവരെ ചോദ്യംചെയ്യണം. എത്ര സ്വര്‍ണമാണ് കൊണ്ടുവന്നതെന്നും പിന്നീട് എന്ത് നടന്നുവെന്നും കൃത്യമായി പരിശോധിക്കണം. പോലിസ് കൊടുത്ത റിപോര്‍ട്ട് വിശ്വസിച്ചാണ് പാവം മുഖ്യമന്ത്രി ഈ പറയുന്നത്. എന്തുമാത്രമാണ് അദ്ദേഹത്തെ തെറ്റിദ്ധരിപ്പിച്ചത്. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി വിശദമായി പഠിക്കേണ്ടതുണ്ട്. വിമാനത്താവളത്തിന്റെ മുന്നില്‍വച്ചാണ് പിടിക്കുന്നത്. രാജ്യം അനുശാസിക്കുന്ന നിയമമനുസരിച്ച് അവര്‍ അത് കസ്റ്റംസിനെ അറിയിക്കണം. കാരണം, ഇത് പിടിക്കേണ്ടത് അവരാണ്. ഒരുകേസിലും വിവരം കൊടുത്തിട്ടില്ല. ഇക്കാര്യം പരിശോധിക്കണം. ഈ വിവരം കസ്റ്റംസിനെ അറിയിച്ചാല്‍ 20 ശതമാനം റിവാര്‍ഡുണ്ട്. അത് പോലിസിന്റെ സഹായത്തോടെ പുറത്തുനിന്നാണ് പിടിക്കണമെങ്കില്‍ അവര്‍ക്കും ഇതില്‍ നിന്ന് പങ്കുലഭിക്കും. ഈ റിവാര്‍ഡ് സുജിത്ത് ദാസിനും ടീമിനും വേണ്ട. ഈ തട്ടാന്റെ കാര്യമെങ്കിലും മുഖ്യമന്ത്രിക്ക് അന്വേഷിക്കാമായിരുന്നു. പി ശശി സ്വര്‍ണക്കടത്തിന്റെ പങ്ക് പറ്റുന്നുണ്ടോയെന്ന് അന്വേഷിക്കണമെന്നും പി വി അന്‍വര്‍ പറഞ്ഞു.

Tags:    

Similar News