പുതിയ ശ്രീനഗര്‍- ഷാര്‍ജ നേരിട്ടുള്ള വിമാനത്തിന് വ്യോമ പാത നിഷേധിച്ച് പാകിസ്താന്‍

വ്യോമപാത നിഷേധിക്കപ്പെട്ടതോടെ ഈ വിമാന സര്‍വ്വീസിന്റെ ഭാവി തന്നെ ചോദ്യചിഹ്നമായിട്ടുണ്ട്.

Update: 2021-11-03 12:22 GMT

ശ്രീനഗര്‍: കഴിഞ്ഞ മാസം ജമ്മു കശ്മീര്‍ സന്ദര്‍ശന വേളയില്‍ ആഭ്യന്തര മന്ത്രി അമിത് ഷാ ഉദ്ഘാടനം ചെയ്ത ചെലവ് കുറഞ്ഞ എയര്‍ലൈനായ ഗോ ഫസ്റ്റ് നടത്തുന്ന ശ്രീനഗര്‍-ഷാര്‍ജയിലേക്ക് നേരിട്ടുള്ള വിമാനത്തിന് പാകിസ്താന്‍ വ്യോമപാത നിഷേധിച്ചു. സംഭവം വ്യോമയാന, വിദേശകാര്യ, ആഭ്യന്തര മന്ത്രാലയങ്ങളെ അറിയിച്ചിട്ടുണ്ടെന്ന് സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപോര്‍ട്ട് ചെയ്തു.

വ്യോമപാത നിഷേധിക്കപ്പെട്ടതോടെ ഈ വിമാന സര്‍വ്വീസിന്റെ ഭാവി തന്നെ ചോദ്യചിഹ്നമായിട്ടുണ്ട്.പാകിസ്താന്‍ തങ്ങളുടെ വ്യോമാതിര്‍ത്തി അടച്ചതിനെതുടര്‍ന്ന് ഡിമാന്‍ഡ് കുറഞ്ഞതോടെ 2009ലെ ശ്രീനഗര്‍-ദുബയ് സര്‍വീസ് നിര്‍ത്തലാക്കിയതിന് സമാനമായ വിധി ഈ സര്‍വ്വീസിനും ഉണ്ടാവുമോ എന്ന ആശങ്ക ഉയര്‍ന്നിട്ടുണ്ട്.

ശ്രീനഗറില്‍ നിന്ന് യുഇയിലേക്കുള്ള വിമാനങ്ങള്‍ പാക് വ്യോമ പാത ഒഴിവാക്കി മറ്റു പാതയിലൂടെ സഞ്ചരിച്ചാല്‍ പറക്കല്‍ സയമം ഒരു മണിക്കൂറിലധികം വര്‍ധിക്കും. ഇതു വന്‍ ഇന്ധനച്ചെലവ് വരുത്തുകയും ടിക്കറ്റ് നിരക്കുകള്‍ ഉയര്‍ത്താന്‍ വിമാനക്കമ്പനികളെ നിര്‍ബന്ധിതരാക്കുകയും ചെയ്യും.ഒക്‌ടോബര്‍ 23നാണ് ആദ്യ ശ്രീനഗര്‍-ഷാര്‍ജ വിമാനം പറന്നുയര്‍ന്നത്.

ആവശ്യമായ നടപടി സ്വീകരിക്കാതെ വിമാന സര്‍വ്വീസിന് അനുമതി നല്‍കിയ കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരേ മുന്‍ ജമ്മു കശ്മീര്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി ശക്തമായ വിമര്‍ശനമുയര്‍ത്തി മുന്നോട്ട് വന്നിട്ടുണ്ട്. ഷായുടെ ഫ്‌ലാഗ് ഓഫ് 'പിആര്‍ സ്റ്റണ്ട്' എന്നാണ് പിഡിപി തലവന്‍ ഇതിനെ വിശേഷിപ്പിച്ചത്.

സംഭവത്തെ നിര്‍ഭാഗ്യകരമെന്നാണ് ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുല്ല ട്വീറ്റ് ചെയ്തത്. 2009-10 കാലയളവില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിനും സമാനമായി പാകിസ്താന്‍ വ്യോമപാത അനുവദിച്ചിരുന്നില്ലെന്നും ട്വീറ്റില്‍ പറയുന്നു. നേരത്തെ ജി20 ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിന് ഇറ്റലിയില്‍ പോകാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി സഞ്ചരിച്ച വിമാനത്തിന് പാകിസ്താന്‍ വ്യോമപാത അനുവദിച്ചിരുന്നു. വിദേശപര്യടനം പൂര്‍ത്തിയാക്കി മോദി നാട്ടിലേക്ക് മടങ്ങിവന്നതും പാകിസ്താന്റെ വ്യോമപാതയിലൂടെയാണ്.


Tags:    

Similar News