പാകിസ്താന്‍ അറസ്റ്റ് ചെയ്ത പൈലറ്റ് എന്ന പേരില്‍ പ്രചരിപ്പിക്കുന്ന വീഡിയോ വ്യാജം
ഈ മാസം 19ന് ബംഗളൂരില്‍ നടന്ന എയ്‌റോ ഷോയുടെ റിഹേഴ്‌സലിനിടെയുണ്ടായ അപകടത്തില്‍ പരിക്കേറ്റ പൈലറ്റിന്റെ ദൃശ്യങ്ങളാണ് പാകിസ്താനില്‍ അറസ്റ്റിലായ പൈലറ്റ് എന്ന പേരില്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചത്.
ന്യൂഡല്‍ഹി: പാകിസ്താന്‍ അറസ്റ്റ് ചെയ് ഇന്ത്യന്‍ വ്യോമസേനാ പൈലറ്റിന്റേതെന്ന പേരില്‍ പ്രചരിക്കുന്ന വീഡിയോ വ്യാജം. പാക് സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ച വീഡിയോ ദൃശ്യങ്ങള്‍ ആള്‍ട്ട് ന്യൂസാണ് തെളിവ് സഹിതം പൊളിച്ചടുക്കിയത്. പാകിസ്താന്‍ വ്യോമപരിധിക്കകത്ത് ഇന്ത്യന്‍ വ്യോമസേയനുടെ രണ്ടു വിമാനങ്ങള്‍ വെടിവച്ച് വീഴ്ത്തുകയും ഒരു ഇന്ത്യന്‍ വ്യോമസേനാ പൈലറ്റിനെ അറസ്റ്റ് ചെയ്യുകയും ചെയ്‌തെന്ന് പാക് സായുധ സേനാ വക്താവ് ട്വിറ്റര്‍ അക്കൗണ്ടിലൂടെ അവകാശപ്പെട്ടിരുന്നു. ഇന്നു രാവിലെയായിരുന്നു അദ്ദേഹത്തിന്റെ അവകാശവാദം.
തൊട്ടുപിന്നാലെയാണ് പാക് സാമൂഹിക മാധ്യമങ്ങളില്‍ അറസ്റ്റിലായ ഇന്ത്യന്‍ വ്യോമസേന പൈലറ്റ് എന്ന പേരിലുള്ള വീഡിയോ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചത്. പാക് സൈനിക പേജ് പ്രചരിപ്പിച്ച വീഡിയോ ആയിരക്കണക്കിനു പേരാണ് ഇതുവരെ പങ്കുവച്ചത്.
യാഥാര്‍ത്ഥ്യം എന്ത്
ഈ മാസം 19ന് ബംഗളൂരില്‍ നടന്ന എയ്‌റോ ഷോയുടെ റിഹേഴ്‌സലിനിടെ രണ്ട് സൂര്യ കിരണ്‍ വിമാനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പൈലറ്റുമാരില്‍ ഒരാള്‍ കൊല്ലപ്പെടുകയും മറ്റൊരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. അപകടത്തിനു പിന്നാലെ പാരച്യൂട്ട് വഴി രക്ഷപ്പെട്ട പരിക്കേറ്റ പൈലറ്റ് വിജയ് ഷെല്‍ക്കിയെ സിവിലിയന്‍ ആശ്വസിപ്പിക്കുന്ന ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഈ ദൃശ്യങ്ങളാണ് പാകിസ്താനില്‍ അറസ്റ്റിലായ പൈലറ്റ് എന്ന പേരില്‍ സാമൂഹിക മാധ്യമങ്ങളില്‍ പാകിസ്താന്‍ അനുകൂലികള്‍ പ്രചരിപ്പിച്ചത്.
അതേസമയം, ഇന്ത്യന്‍ വ്യോമസേനാ പൈലറ്റ് അഭിനന്ദ് അറസ്റ്റിലായെന്നാണ് പാകിസ്താന്‍ അവകാശപ്പെടുന്നത്.