കര്‍ത്താര്‍പൂര്‍ ഇടനാഴി: മന്‍മോഹന്‍ സിങ് എത്തുമെന്ന് പാക് മന്ത്രി വിദേശകാര്യമന്ത്രി
മുന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് കര്‍താര്‍പൂര്‍ സാഹിബ് ഗുരുദ്വാറില്‍ എത്തുക മുഖ്യാതിഥി ആയിട്ടല്ലെന്നും സാധാരണക്കാരനായിട്ടാകുമെന്നും ഖുറേഷി പറഞ്ഞു.
കറാച്ചി: കര്‍ത്താര്‍പൂര്‍ ഇടനാഴിയുടെ ഉദ്ഘാടന ചടങ്ങില്‍ മുന്‍ പ്രാധാനമന്ത്രി മന്‍മോഹന്‍ സിംഗ് പങ്കെടുക്കുമെന്ന അവകാശവാദവുമായി പാകിസ്താന്‍. പാക് വിദേശകാര്യ മന്ത്രി ഷാ മെഹ്മൂദ് ഖുറേഷിയാണ് പാകിസ്താന്റെ ക്ഷണം മന്‍മോഹന്‍ സിങ് സ്വീകരിച്ചെന്ന് അവകാശപ്പെട്ടത്. എന്നാല്‍, മുന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് കര്‍താര്‍പൂര്‍ സാഹിബ് ഗുരുദ്വാറില്‍ എത്തുക മുഖ്യാതിഥി ആയിട്ടല്ലെന്നും സാധാരണക്കാരനായിട്ടാകുമെന്നും ഖുറേഷി പറഞ്ഞു. ഗുരുനാനാക്കിന്റെ 550ാം ജന്മദിനത്തിന് മുന്നോടിയായി നവംബര്‍ ഒമ്പതിനായിരിക്കും കര്‍താര്‍പൂര്‍ ഇടനാഴിയുടെ ഉദ്ഘാടനം.
മുള്‍ത്താനില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുമ്പോഴായിരുന്നു മന്‍മോഹന്‍ സിങ് സന്ദര്‍ശനം സ്ഥിരീകരിച്ചതായി ഷാ അറിയിച്ചത്. കത്തിലൂടെയാണ് മന്‍മോഹന്‍ സിങ് തന്നെ വിവരം അറിയിച്ചതെന്നും ഖുറേഷി വ്യക്തമാക്കി. 'മുന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങിനെ ഞാന്‍ ക്ഷണിച്ചിട്ടുണ്ട്. അദ്ദേഹത്തോട് എനിക്ക് നന്ദിയുണ്ട്. അദ്ദേഹം എനിക്കെഴുതിയ കത്തില്‍ പറയുന്നത്, ഞാന്‍ വരാം പക്ഷെ മുഖ്യാതിഥിയായല്ല, സാധാരണക്കാരനായിട്ട് എന്നാണ്. അദ്ദേഹം സാധാരണക്കാരാനായി വന്നാലും തങ്ങള്‍ അദ്ദേഹത്തെ സ്വീകരിക്കും- ഖുറേഷി പറഞ്ഞു.
നേരത്തെ പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ മന്‍മോഹന്‍ സിങിനെ കര്‍താര്‍പൂര്‍ ഇടനാഴിയുടെ ഉദ്ഘാടന ചടങ്ങിലേക്ക് ഔദ്യോഗികമായി തന്നെ ക്ഷണിച്ചിരുന്നു. അതേസമയം, മന്‍മോഹന്‍ സിങ് പങ്കെടുക്കില്ലെന്നാണ് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് അറിയിച്ചത്. 'ഞാന്‍ പോകുന്നതിനെ കുറിച്ച് ചോദ്യം പോലും ഉദിക്കുന്നില്ല. മന്‍മോഹന്‍ സിങും പോകില്ലെന്നാണ് തനിക്ക് തോന്നുന്നത്. പാക്കിസ്താനില്‍ സന്ദര്‍ശനം നടത്തുന്നതും ഇടനാഴിയിലൂടെ ഗുരുദ്വാറിലേക്ക് പോകുന്നതും വ്യത്യസ്തമാണ്' അമരീന്ദര്‍ സിങ് പറഞ്ഞു. അതേസമയം, കര്‍താര്‍പൂര്‍ ഇടനാഴിയിലൂടെയുള്ള സര്‍വ്വ കക്ഷി ജാഥയുടെ ഭാഗമായിരിക്കും മന്‍മോഹന്‍ സിങ് എന്നും അദ്ദേഹം അറിയിച്ചു.