യുഎഇ വിസാ നിരോധനം: പ്രശ്‌ന പരിഹാരം ഉടനെയെന്ന് പാക് വിദേശകാര്യമന്ത്രി
പാക് സമൂഹവും പ്രവാസികളും യുഎഇയുടെ പുരോഗതിക്കും വികസനത്തിനും ഗണ്യമായ സംഭാവന നല്‍കിയിട്ടുണ്ട്. ഇത് അംഗീകരിക്കപ്പെട്ടതും പ്രശംസിക്കപ്പെട്ടതുമാണ്. അതിന് തങ്ങള്‍ നന്ദിയുള്ളവരാണ്. എന്നാല്‍, ആശങ്കയുളവാക്കുന്ന ചില പ്രശ്‌നങ്ങളുണ്ട് അവ പരിഹരിക്കുമെന്ന് താന്‍ പ്രതീക്ഷിക്കുന്നതായും അബുദബിയിലെത്തിയ ഖുറേഷി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ഇസ്‌ലാമാബാദ്: കഴിഞ്ഞ മാസം യുഎഇ ഏര്‍പ്പെടുത്തിയ വിസ നിരോധനവുമായി ബന്ധപ്പെട്ട് പാക് പ്രവാസികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് ഉടന്‍ പരിഹാരമാവുമെന്ന് പ്രതീക്ഷിക്കുന്നതായി പാക് വിദേശകാര്യമന്ത്രി ഷാ മെഹ്മൂദ് ഖുറേഷി. പാക് സമൂഹവും പ്രവാസികളും യുഎഇയുടെ പുരോഗതിക്കും വികസനത്തിനും ഗണ്യമായ സംഭാവന നല്‍കിയിട്ടുണ്ട്. ഇത് അംഗീകരിക്കപ്പെട്ടതും പ്രശംസിക്കപ്പെട്ടതുമാണ്. അതിന് തങ്ങള്‍ നന്ദിയുള്ളവരാണ്. എന്നാല്‍, ആശങ്കയുളവാക്കുന്ന ചില പ്രശ്‌നങ്ങളുണ്ട് അവ പരിഹരിക്കുമെന്ന് താന്‍ പ്രതീക്ഷിക്കുന്നതായും അബുദബിയിലെത്തിയ ഖുറേഷി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
വിസാ നിരോധന വിഷയത്തില്‍ യുഎഇയുമായി ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. യുഎഇ രഹസ്യാന്വേഷണ ഉദ്യോഗസ്ഥരുമായി വെള്ളിയാഴ്ച വൈകീട്ട് കൂടിക്കാഴ്ച നടത്തുമെന്നും ഖുറേഷി പറഞ്ഞു. സുരക്ഷാ ആശങ്കകളെത്തുടര്‍ന്ന് 13 മുസ്‌ലിം ഭൂരിപക്ഷ രാജ്യങ്ങളിലെ പൗരന്മാര്‍ക്കാണ് പുതിയ വിസ അനുവദിക്കുന്നത് യുഎഇ നിര്‍ത്തലാക്കിയത്. പാകിസ്താന്‍, അഫ്ഗാന്‍, അല്‍ജീരിയ, ഇറാന്‍, ഇറാഖ്, കെനിയ, ലെബനന്‍, ലിബിയ, സൊമാലിയ, സിറിയ, തുണീസ്യ, തുര്‍ക്കി, യെമന്‍ എന്നീ രാജ്യങ്ങള്‍ക്ക് നവംബര്‍ 18 മുതലാണ് വിസാ വിലക്ക് ഏര്‍പ്പെടുത്തിയത്.
യുഎഇ പ്രധാനമന്ത്രിയും ഉപരാഷ്ട്രപതിയും പ്രതിരോധമന്ത്രിയുമായി സേവനമനുഷ്ഠിക്കുന്ന ദുബയ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമുമായി ഖുറേഷി വ്യാഴാഴ്ച വിഷയം ചര്‍ച്ച ചെയ്തിരുന്നു. ഖുറേഷി യുഎഇ വിദേശകാര്യ മന്ത്രി ഷെയ്ഖ് അബ്ദുല്ല ബിന്‍ സായിദുമായി വ്യാഴാഴ്ച കൂടിക്കാഴ്ച നടത്തിയതായി അധികൃതര്‍ പ്രസ്താവനയില്‍ അറിയിച്ചിരുന്നു.