75 വര്‍ഷമായി പിച്ചച്ചട്ടിയുമായി കരഞ്ഞുനടക്കുന്നു; സ്വയം വിമര്‍ശനവുമായി പാക് പ്രധാനമന്ത്രി

ഇപ്പോള്‍ ഏതെങ്കിലും ഒരു സുഹൃദ് രാജ്യത്തേക്കു പോവുമ്പോള്‍, അല്ലെങ്കില്‍ ഒന്നു ഫോണ്‍ ചെയ്യുമ്പോള്‍ അവര്‍ കരുതുന്നത് നമ്മള്‍ പണം ചോദിക്കാന്‍ ഒരുങ്ങുകയാണെന്നാണ്

Update: 2022-09-15 08:51 GMT

ഇസ്‌ലാമാബാദ്: എഴുപത്തിയഞ്ചു വര്‍ഷമായി പിച്ചച്ചട്ടിയുമായി കരഞ്ഞുകൊണ്ടു നടക്കുന്ന രാജ്യമാണ് പാകിസ്താനെന്ന സ്വയം വിമര്‍ശനവുമായി പാക് പ്രധാനമന്ത്രി ഷഹബാസ് ഷരീഫ്. എപ്പോഴും പണം ചോദിക്കുന്ന രാജ്യം എന്ന നിലയിലാണ് സുഹൃദ് രാഷ്ട്രങ്ങള്‍ പോലും പാകിസ്താനെ കാണുന്നതെന്ന് ഷരീഫ് പറഞ്ഞു.

ഇസ്‌ലാമാബാദില്‍ അഭിഭാഷകരുടെ സമ്മേളത്തെ അഭിസംബോധന ചെയ്തുകൊണ്ടാണ് പാക് പ്രധാനമന്ത്രിയുടെ പരാമര്‍ശം. ''ഇപ്പോള്‍ ഏതെങ്കിലും ഒരു സുഹൃദ് രാജ്യത്തേക്കു പോവുമ്പോള്‍, അല്ലെങ്കില്‍ ഒന്നു ഫോണ്‍ ചെയ്യുമ്പോള്‍ അവര്‍ കരുതുന്നത് നമ്മള്‍ പണം ചോദിക്കാന്‍ ഒരുങ്ങുകയാണെന്നാണ്''.

ചെറിയ രാജ്യങ്ങള്‍ പോലും സാമ്പത്തിക നിലയില്‍ പാകിസ്താനെ മറികടന്നു. നമ്മള്‍ എഴുപത്തിയഞ്ചു വര്‍ഷമായി പിച്ചച്ചട്ടിയുമായി കരഞ്ഞുകൊണ്ടു നടക്കുന്നു. പാകിസ്താനേക്കാള്‍ പിന്നിലായിരുന്ന ചെറിയ സമ്പദ് വ്യവസ്ഥകള്‍ വലിയ കുതിപ്പാണുണ്ടാക്കിയത്. അവരുടെ കയറ്റുമതി രംഗമെല്ലാം ശക്തമായി. എഴുപത്തിയഞ്ചു വര്‍ഷത്തിനു ശേഷവും നമ്മള്‍ എവിടെയാണ് നില്‍ക്കുന്നത്? അതൊരു വേദനിപ്പിക്കുന്ന ചോദ്യമാണ്. നമ്മള്‍ ഇട്ടാവട്ടത്തില്‍ കറങ്ങിക്കൊണ്ടിരിക്കുകയാണ് പാക് പ്രധാനമന്ത്രി പറഞ്ഞു. പാകിസ്താനെ സംബന്ധിച്ച് ഇപ്പോള്‍ ഇല്ലെങ്കില്‍ എപ്പോഴുമില്ല എന്ന അവസ്ഥയാണെന്ന് ഷരീഫ് പറഞ്ഞു.

പ്രളയത്തിനു മുമ്പു തന്നെ പാകിസ്താന്റെ സമ്പദ് വ്യവസ്ഥ കടുത്ത വെല്ലുവിളിയിലായിരുന്നു. ഇപ്പോള്‍ അത് വഷളായിരിക്കുകയാണ്. താന്‍ സ്ഥാനമേല്‍ക്കുമ്പോള്‍ തന്നെ രാജ്യം തിരിച്ചടവില്‍ വീഴ്ച വരുത്തുന്ന ഘട്ടത്തില്‍ ആയിരുന്നെന്ന് ഷരീഫ് വെളിപ്പെടുത്തി. മുന്‍ സര്‍ക്കാരുകള്‍ ഐഎംഎഫുമായുള്ള കരാര്‍ ലംഘിച്ചതിനാല്‍ ഇപ്പോള്‍ വായ്പയ്ക്കായി പാകിസ്താന് കടുത്ത നിബന്ധനകളെ നേരിടേണ്ടി വരുന്നതായും ഷരീഫ് പറഞ്ഞു.

Similar News