കശ്മീര്‍ 'ഉപരോധം' നീക്കിയാല്‍ മാത്രം ഇന്ത്യയുമായി ചര്‍ച്ചയെന്ന് പാകിസ്താന്‍
ചൊവ്വാഴ്ച പുറത്തിറക്കിയ ഒരു ഹ്രസ്വ വീഡിയോ പ്രസംഗത്തിലാണ് ഖാന്‍ ഇക്കാര്യം വ്യക്തമാക്കിയത്.
ഇസ്‌ലാമാബാദ്: ഇന്ത്യന്‍ ഭരണത്തിലുള്ള കശ്മീരിലെ സൈനിക ഉപരോധം നീക്കി തദ്ദേശീയര്‍ക്ക് സ്വയം നിര്‍ണയത്തിനുള്ള അവകാശം നല്‍കിയാല്‍ മാത്രമേ അയല്‍രാജ്യവുമായി ചര്‍ച്ചയ്ക്കുള്ളുവെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ആവര്‍ത്തിച്ചു. ചൊവ്വാഴ്ച പുറത്തിറക്കിയ ഒരു ഹ്രസ്വ വീഡിയോ പ്രസംഗത്തിലാണ് ഖാന്‍ ഇക്കാര്യം വ്യക്തമാക്കിയത്.
ഇന്ത്യയുടെ ഏക മുസ്‌ലിം ഭൂരിപക്ഷ പ്രദേശത്തെ ന്യൂഡല്‍ഹിയുടെ 'അധിനിവേശം' അവസാനിപ്പിക്കാന്‍ തയ്യാറായാല്‍ മാത്രമേ ഇന്ത്യയുമായി ചര്‍ച്ച നടത്തുകയുള്ളൂവെന്ന് ഖാന്‍ തന്റെ പ്രസംഗത്തില്‍ പറഞ്ഞു. 'ഞാന്‍ ചര്‍ച്ചകള്‍ക്ക് തയ്യാറാണ്, പക്ഷേ അതിനായി നിങ്ങള്‍ കശ്മീരില്‍ അടിച്ചേല്‍പ്പിച്ച സൈനിക ഉപരോധം അവസാനിപ്പിക്കേണ്ടതുണ്ട്. രണ്ടാമത്തെ കാര്യം യുഎന്‍ പ്രമേയങ്ങള്‍ക്ക് അനുസൃതമായി സ്വയം നിര്‍ണ്ണയിക്കാനുള്ള അവകാശം കശ്മീരികള്‍ക്ക് നല്‍കേണ്ടതുണ്ടെന്നും ഖാന്‍ പറഞ്ഞു.
ഇന്ത്യന്‍ ഭരണത്തിലുള്ള കശ്മീരില്‍ ഏതെങ്കിലും ഇന്ത്യന്‍ പൗരന് ഭൂമി വാങ്ങാന്‍ അനുവദിക്കുന്ന പുതിയ നിയമങ്ങള്‍ ഇന്ത്യ നടപ്പാക്കിയതോടെയാണ് ഖാന്റെ പ്രസ്താവന.