കശ്മീരിലെ ജി20 യോഗം ബഹിഷ്‌കരിക്കാന്‍ ചൈന, തുര്‍ക്കി, സൗദി എന്നിവരോട് പാകിസ്താന്‍ ആവശ്യപ്പെടുമെന്ന് റിപോര്‍ട്ട്

തങ്ങളുടെ ആശങ്കകള്‍ അറിയിക്കാന്‍ രാജ്യം പ്രത്യേകിച്ച് ചൈന, തുര്‍ക്കി, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളെ സമീപിക്കുമെന്നും പാകിസ്തന്‍ ആസ്ഥാനമായുള്ള ദി എക്‌സ്പ്രസ് ട്രിബ്യൂണ്‍ റിപ്പോര്‍ട്ട് ചെയ്തു.

Update: 2022-06-30 10:32 GMT

ഇസ്‌ലാമാബാദ്: ജമ്മു കശ്മീരില്‍ ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ഗ്രൂപ്പ് ഓഫ് ട്വന്റി (ജി20) യോഗം പാകിസ്ഥാന്‍ ബഹിഷ്‌കരിക്കുമെന്ന് റിപ്പോര്‍ട്ട്. മാധ്യമ റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഇതേ ആവശ്യമുയര്‍ത്തി പാകിസ്താന്‍ തങ്ങളുടെ അടുത്ത സഖ്യകക്ഷികളായ ചൈന, തുര്‍ക്കി, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളെ സമീപിക്കുമെന്നും റിപോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

തങ്ങളുടെ ആശങ്കകള്‍ അറിയിക്കാന്‍ രാജ്യം പ്രത്യേകിച്ച് ചൈന, തുര്‍ക്കി, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളെ സമീപിക്കുമെന്നും പാകിസ്തന്‍ ആസ്ഥാനമായുള്ള ദി എക്‌സ്പ്രസ് ട്രിബ്യൂണ്‍ റിപ്പോര്‍ട്ട് ചെയ്തു.

ഇന്ത്യന്‍ പദ്ധതികളെ നേരിടാന്‍ ഇസ്‌ലാമാബാദ് യുഎസ്, യുകെ, മറ്റ് ജി 20 അംഗങ്ങള്‍ എന്നിവരോടും സംസാരിക്കും. 19 രാജ്യങ്ങളും യൂറോപ്യന്‍ യൂണിയനും ഉള്‍പ്പെടുന്ന ഒരു ഇന്റര്‍ ഗവണ്‍മെന്റല്‍ ഫോറമാണ് ഗ്രൂപ്പ് ഓഫ് ട്വന്റി അഥവാ ജി 20. ആഗോള സമ്പദ്‌വ്യവസ്ഥയുമായി ബന്ധപ്പെട്ട പ്രധാന പ്രശ്‌നങ്ങളെ ഗ്രൂപ്പ്് അഭിസംബോധന ചെയ്യുന്നു. അന്താരാഷ്ട്ര സാമ്പത്തിക സ്ഥിരത, കാലാവസ്ഥാ വ്യതിയാന ലഘൂകരണം, സുസ്ഥിര വികസനം തുടങ്ങിയവയെക്കുറിച്ച് അവര്‍ ചര്‍ച്ച ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.

2022 ഡിസംബര്‍ 1 മുതല്‍ ഇന്ത്യ ജി20 അധ്യക്ഷസ്ഥാനം വഹിക്കുമെന്നും 2023ല്‍ ആദ്യ ജി20 നേതാക്കളുടെ ഉച്ചകോടി വിളിക്കുമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.അര്‍ജന്റീന, ഓസ്‌ട്രേലിയ, ബ്രസീല്‍, കാനഡ, ചൈന, ജര്‍മ്മനി, ഫ്രാന്‍സ്, ഇന്ത്യ, ഇന്തോനേഷ്യ, ഇറ്റലി, ജപ്പാന്‍, മെക്‌സിക്കോ, റഷ്യ, സൗദി അറേബ്യ, ദക്ഷിണാഫ്രിക്ക, ദക്ഷിണ കൊറിയ, തുര്‍ക്കി, യുണൈറ്റഡ് സ്‌റ്റേറ്റ്‌സ്, യുണൈറ്റഡ് കിംഗ്ഡം എന്നിവയാണ് ജി20 രാജ്യങ്ങളില്‍ ഉള്‍പ്പെടുന്നത്.

Tags:    

Similar News