ഇസ്‌ലാമാബാദ്: രാഷ്ട്രീയ അഭയം നല്‍കണമെന്ന് അഭ്യര്‍ഥിച്ച് ഇന്ത്യയിലെത്തിയ, പാക്കിസ്ഥാനിലെ രാഷ്ട്രീയ നേതാവ് ബല്‍ദേവ് കുമാര്‍ പാക് മുന്‍ എംപിയെ കൊന്ന കേസിലെ പ്രതി. ബല്‍ദേവ് കുമാറിന് അഭയം നല്‍കരുതെന്ന് മോദിയോട് ആവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുകയാണ് കൊല്ലപ്പെട്ട എംപി സോരന്‍ സിങിന്റെ മകന്‍ അജയ് സിങ്.
ഇനിയുള്ള കാലം ഇന്ത്യയില്‍ ജീവിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട്, പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ മുന്‍ അനുയായി ആയിരുന്ന ബല്‍ദേവ് കുമാറാണ് ഇന്ത്യയിലെത്തിയത്. എന്നാല്‍ ബല്‍ദേവ് കുമാര്‍ തന്റെ പിതാവിനെ കൊന്ന കേസിലെ പ്രതിയാണെന്നും നിരവധി കുറ്റകൃത്യങ്ങള്‍ ചെയ്ത വ്യക്തിയാണെന്നും കാണിച്ചാണ്, തെഹ്‌രീക് ഇ ഇന്‍സാഫ് പാര്‍ട്ടിയുടെ തന്നെ എംപിയായിരുന്ന സോരന്‍ സിങിന്റെ മകന്‍ അജയ് സിങ് രംഗത്തെത്തിയത്. സോരന്‍ സിങ് കൊല്ലപ്പെട്ടതിനെത്തുടര്‍ന്നാണ് ബല്‍ദേവ് എംപി സ്ഥാനത്തെത്തിയത്. എന്നാല്‍ ബല്‍ദേവിന്റെ എംപി സ്ഥാനത്തിന് വെറും 36 മണിക്കൂര്‍ മാത്രമെ ആയുസ്സുണ്ടായിരുന്നുള്ളൂ. സോരന്‍ സിങ്ങിനെ കൊലപ്പെടുത്തിയത് ബല്‍ദേവ് ആണെന്നു ആരോപണമുയര്‍ന്നതിനെ തുടര്‍ന്നു ബല്‍ദേവിന് സ്ഥാനം രാജിവെക്കേണ്ടി വന്നു. കേസില്‍ 2018ലാണ് ബല്‍ദേവ് ജയില്‍ മോചിതനായത്. കേസിന്റെ വിചാരണക്കിടെ സിഖ് വിഭാഗത്തില്‍ നിന്ന് ബല്‍ദേവ് കടുത്ത പ്രതിഷേധം നേരിട്ടിരുന്നു. ഇദ്ദേഹത്തെ മോചിപ്പിച്ച വിധിക്കെതിരേ അജയ് സിങ് അപ്പീല്‍ നല്‍കുകയും നടപടികള്‍ തുടരുകയുമാണ്. സപ്തംബര്‍ 30ന് നേരിട്ട് ഹാജരാവാന്‍ പെഷാവര്‍ ഹൈക്കോടതി ബല്‍ദേവിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതോടെ പാകിസ്താനില്‍ ജീവിതം സുരക്ഷിതമല്ലെന്നു കണ്ടതിനെ തുടര്‍ന്നാണ് ബല്‍ദേവ് കുടുംബസമേതം ഇന്ത്യയിലെത്തിയത്. ഇതിനാലാണ് ഇദ്ദേഹത്തിന് അഭയം നല്‍കരുതെന്ന് ആവശ്യപ്പെട്ട് അജയ് സിങ് രംഗത്തെത്തിയത്.
ബല്‍ദേവ് കുമാര്‍ തന്റെ പിതാവിന് കൊന്നതടക്കം നിരവധി കുറ്റകൃത്യങ്ങള്‍ ചെയ്തയാളാണ്. ഇവയിലെല്ലാം നിയമ നടപടികള്‍ നേരിടേണ്ടി വരുമെന്നു കണ്ടപ്പോഴാണ് അദ്ദേഹം ഇന്ത്യയിലെത്തിയത്. സിഖുകാര്‍ അടക്കമുള്ളവര്‍ പാകിസ്താനില്‍ പീഡനം നേരിടുകയാണെന്നത് രക്ഷപ്പെടാനായി പറയുന്ന നുണയാണ്. അതിനാല്‍ തന്നെ അദ്ദേഹത്തിന് മോദി അഭയം നല്‍കരുതെന്നാണ് തന്റെ അപേക്ഷ. കൊലയാളിയായ അദ്ദേഹത്തിന് അഭയം നല്‍കാതെ പാകിസ്താനിലേക്കു തിരിച്ചയക്കുമെന്നാണ് താന്‍ പ്രതീക്ഷിക്കുന്നതെന്നും അജയ്‌സിങ് പറഞ്ഞു.
പാക്കിസ്ഥാനില്‍ മുസ്‌ലിംകള്‍ ഉള്‍പ്പെടെയുള്ളവര്‍ നേരിടുന്നത് കൊടിയ പീഡനമാണെന്നാരോപിച്ചാണ് ബല്‍ദേവും കുടുംബവും ഇന്ത്യയില്‍ അഭയം തേടണമെന്ന ആവശ്യം മുന്നോട്ടുവെച്ചത്. പാക്കിസ്ഥാനിലെ ഹിന്ദുക്കള്‍ക്കും സിഖുകാര്‍ക്കും ഇന്ത്യയിലേക്ക് വരാന്‍ സാധിക്കുന്ന ഒരു പാക്കേജ് ഇന്ത്യന്‍ സര്‍ക്കാര്‍ പ്രഖ്യാപിക്കണമെന്നും മോദി സാഹിബ് എന്തെങ്കിലും ചെയ്യണമെന്നും ബല്‍ദേവ് കുമാര്‍ ആവശ്യപ്പെട്ടിരുന്നു.
ന്യൂനപക്ഷ വിഭാഗങ്ങള്‍ മാത്രമല്ല, മുസ്‌ലിംകള്‍ പോലും പാക്കിസ്ഥാനില്‍സുരക്ഷിതരല്ല. വളരെയേറെ വിഷമങ്ങള്‍ അനുഭവിച്ചാണ് ഞങ്ങളിവിടെ കഴിയുന്നത്. തനിക്ക് അഭയം നല്‍കാന്‍ ഞാന്‍ ഇന്ത്യന്‍ സര്‍ക്കാരിനോട് അപേക്ഷിക്കുകയാണ്. ഞാനൊരിക്കലും തിരിച്ച് പോകില്ല. അതിര്‍ത്തി പ്രദേശങ്ങളില്‍ നിന്നും നിരവധി തവണ വധഭീഷണിയുണ്ടായതായും ബല്‍ദേവ് ആരോപിച്ചിരുന്നു.