ഇത് ചരിത്രം; പാകിസ്താനിലെ ആദ്യ വനിതാ സുപ്രിം കോടതി ജഡ്ജിയായി ആയിശാ മാലിക്ക് ചുമതലയേറ്റു
55കാരിയായ ജസ്റ്റിസ് ആയിശാ മാലിക്കാണ്, നിയമം പലപ്പോഴും സ്ത്രീകള്‍ക്കെതിരേ പ്രയോഗിക്കുന്നുവെന്ന് ആരോപണമുള്ള ഒരു രാജ്യത്തെ ഉന്നത നീതിപീഠത്തിലേക്ക് ചുവട് വച്ച് ചരിത്രം തിരുത്തിയെഴുതിയിരിക്കുന്നത്.
ഇസ്‌ലാമാബാദ്: പാകിസ്താന്റെ ചരിത്രത്തിലാദ്യമായി സുപ്രിം കോടതി ജഡ്ജിയായി ഒരു വനിത സത്യപ്രതിജ്ഞ ചെയ്തു ചുമതലയേറ്റു. 55കാരിയായ ജസ്റ്റിസ് ആയിശാ മാലിക്കാണ്, നിയമം പലപ്പോഴും സ്ത്രീകള്‍ക്കെതിരേ പ്രയോഗിക്കുന്നുവെന്ന് ആരോപണമുള്ള ഒരു രാജ്യത്തെ ഉന്നത നീതിപീഠത്തിലേക്ക് ചുവട് വച്ച് ചരിത്രം തിരുത്തിയെഴുതിയിരിക്കുന്നത്.
തലസ്ഥാനമായ ഇസ്‌ലാമാബാദില്‍ നടന്ന ചടങ്ങിലാണ് ഇവര്‍ ചുമതലയേറ്റത്. 'ഇത് ഒരു വലിയ മുന്നേറ്റമാണ്,' അഭിഭാഷകയും വനിതാ അവകാശ പ്രവര്‍ത്തകയുമായ നിഘാത് ദാദ് എഎഫ്പി വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. പാകിസ്താന്‍ നിതിപീഠം ചരിത്രം സൃഷ്ടിച്ചിരിക്കുകയാണെന്നും അവര്‍ പറഞ്ഞു.
ലാഹോര്‍ ഹൈക്കോടതി ജഡ്ജിയായിരുന്ന ആയിശാ മാലിക്കിന് സുപ്രിംകോടതി ജസ്റ്റിസ് ആയി പാകിസ്താന്‍ ജുഡീഷ്യല്‍ കമ്മീഷനാണ് അടുത്തിടെ അംഗീകാരം നല്‍കിയത്. ചീഫ് ജസ്റ്റിസ് ഗുല്‍സാര്‍ അഹമ്മദിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലായിരുന്നു ആയിശ മാലിക്കിനെ തിരഞ്ഞെടുത്തത്. നാലിനെതിരെ അഞ്ച് വോട്ടുകള്‍ക്കാണ് ആയിശയെ സുപ്രിംകോടതി ജഡ്ജിയായി ഉയര്‍ത്താന്‍ തീരുമാനിച്ചത്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ ചേര്‍ന്ന ജുഡീഷ്യല്‍ കമ്മീഷന്‍ യോഗം ആയിശ മാലികിന്റെ നിയമനം തള്ളിയിരുന്നു.
ഹാര്‍വാര്‍ഡ് ലോ സ്‌കൂളില്‍ നിന്ന് എല്‍എല്‍എം ബിരുദം നേടിയ ജസ്റ്റിസ് ആയിഷ മാലിക്, 2012ല്‍ ലാഹോര്‍ ഹൈക്കോടതി ജഡ്ജിയായി നിയമിതയാകുന്നതിന് മുമ്പ് ഒരു പ്രമുഖ കോര്‍പ്പറേറ്റ് വാണിജ്യ നിയമ സ്ഥാപനത്തിലെ പങ്കാളിയായിരുന്നു.