പ്രസ്താവന പിന്‍വലിച്ച് ബിഷപ്പ് മാപ്പ് പറയണം; അല്ലാത്തപക്ഷം പ്രതിഷേധം ശക്തമാക്കും- പൗരാവകാശ സംരക്ഷണ സമിതി

സംസ്ഥാന സഹകരണ മന്ത്രി വി എന്‍ വാസവന്‍ നടത്തിയ പ്രസ്താവന അനുചിതമായിപ്പോയി. ഈ വിഷയത്തില്‍ മന്ത്രിയുടെ നിലപാട് തന്നെയാണോ സര്‍ക്കാര്‍ നിലപാടെന്ന് അറിയാന്‍ താല്‍പര്യമുണ്ട്. സര്‍ക്കാര്‍ അടിയന്തരമായി ഇടപെട്ടില്ലെങ്കില്‍ മഹല്ലുകള്‍ കേന്ദ്രീകരിച്ച് പ്രതിഷേധവുമായി മുന്നോട്ടുനീങ്ങുമെന്ന് പൗരാവകാശ സംരക്ഷണ സമിതി മുന്നറിയിപ്പ് നല്‍കി.

Update: 2021-09-21 09:05 GMT

കോട്ടയം: പാലാ രൂപതാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ വിവാദപ്രസ്താവനക്കെതിരേ നാളിതുവരെ യാതൊരു നിയമനടപടിയും സ്വീകരിക്കാത്ത സര്‍ക്കാര്‍ നിലപാട് നീതിന്യായ വ്യവസ്ഥയോടുള്ള വെല്ലുവിളിയും ഭരണഘടനാ ലംഘനവുമാണെന്ന് പൗരാവകാശ സംരക്ഷണ സമിതി. സംസ്ഥാനത്തെ രണ്ട് പ്രബലന്യൂനപക്ഷങ്ങള്‍ക്കിടയില്‍ വെറുപ്പും വിദ്വേഷവും പകയും ഉണര്‍ത്തുന്ന തരത്തിലായിരുന്നു ബിഷപ്പിന്റെ വിവാദപ്രസംഗം. തങ്ങളുടെ വിശ്വാസികളെ ബോധവല്‍ക്കരിക്കാന്‍ വേണ്ടി മാത്രമായിരുന്നുവെന്ന് ചില ആളുകളുടെ വിശദീകരണം തൃപ്തികരമല്ല. ബിഷപ്പിന്റെ വിവാദപ്രസംഗത്തിലെ മുസ്‌ലിം വിരുദ്ധ പ്രസ്താവനകള്‍ ശാന്തിയും സമാധാനവും ഉദ്‌ഘോഷിക്കുന്ന ഇസ്‌ലാം മത വിശ്വാസത്തിനെതിരാണ്. അത് വിശ്വാസികളുടെ വികാരങ്ങളെ മുറിപ്പെടുത്തിയിട്ടുണ്ട്.

അതിനാല്‍, പാലാ ബിഷപ്പ് പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയണം. അല്ലാത്തപക്ഷം പ്രതിഷേധം ശക്തമാക്കുമെന്ന് പൗരാവകാശ സംരക്ഷണ സമിതി ഭാരവാഹികള്‍ കോട്ടയം പ്രസ്‌ക്ലബ്ബില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. വിവാദപ്രസംഗത്തില്‍ പ്രതിപാദിച്ച ലൗ ജിഹാദിന്റെയും നാര്‍ക്കോട്ടിക് ജിഹാദിന്റെയും തെളിവുകള്‍ പൊതുസമൂഹത്തെ ബോധ്യപ്പെടുത്താന്‍ ഒരു മതവിശ്വാസത്തിന്റെ ഉന്നത ഔദ്യോഗിക പദവി അലങ്കരിക്കുന്ന ബിഷപ്പിന് ബാധ്യതയുണ്ട്. ബിഷപ്പിന്റെ ആരോപണത്തില്‍ തെളിവുള്ള പക്ഷം കുറ്റക്കാര്‍ക്കെതിരേ മുഖംനോക്കാതെ അതിശക്തമായ നടപടി നിയമനടപടികള്‍ സ്വീകരിക്കണം.

ആരോപണത്തിന്റെ കുന്തമുന ഒരു മതത്തിനെതിരേ ഉന്നയിക്കുമ്പോള്‍ ബഹുസ്വര സമൂഹത്തില്‍ ഇടകലര്‍ന്ന അങ്ങേയറ്റം സൗഹൃദത്തിലും സാഹോദര്യത്തിലും ജീവിച്ചുവരുന്ന മതവിഭാഗങ്ങള്‍ക്കിടയില്‍ പകയും വിദ്വേഷവുമുണ്ടാവാന്‍ സാധ്യതയുണ്ട്. ഈ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ മനസ്സിലാക്കാതെ വോട്ടുബാങ്ക് രാഷ്ട്രീയം കളിക്കുന്ന സര്‍ക്കാര്‍ നടപടി അങ്ങേയറ്റം അപലപനീയമാണെന്ന് സമിതി ചൂണ്ടിക്കാട്ടി. രാജ്യത്ത് കുറേക്കാലമായി വിവിധ പിന്നാക്ക, ന്യൂനപക്ഷ സമുദായങ്ങള്‍ക്കെതിരേ നടന്നുവരുന്ന ആസൂത്രിത നീക്കങ്ങള്‍ വ്യത്യസ്ത ന്യൂനപക്ഷ സമുദായങ്ങള്‍ തിരിച്ചറിയണം. അതിനെതിരേ യോജിച്ച് നീങ്ങാനുള്ള ശ്രമങ്ങള്‍ പിന്നാക്ക- ന്യൂനപക്ഷ സമുദായ നേതൃത്വത്തിന്റെ ഭാഗത്തുനിന്നുമുണ്ടാവണം.

രാജ്യത്ത് അടുത്തകാലത്ത് മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ഉപയോഗം ക്രമാതീതമായി വര്‍ധിച്ചിട്ടുണ്ട്. അതിനൊരു മതത്തില്‍ പെട്ടവരെ കുറ്റക്കാരായി ചിത്രീകരിക്കുന്നത് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്. ഇതില്‍ യാതൊരു അടിസ്ഥാനവുമില്ല. ബിഷപ്പിന്റെ വിവാദപ്രസംഗത്തിലെ ആരോപണങ്ങളെപ്പറ്റി സര്‍ക്കാര്‍ അടിയന്തരമായി അന്വേഷണം നടത്തി റിപോര്‍ട്ട് പുറത്തുവിടണം. സത്യമുണ്ടെങ്കില്‍ കുറ്റക്കാര്‍ക്കെതിരേ നടപടി സ്വീകരിക്കണം. അടിസ്ഥാനരഹിതമാണെങ്കില്‍ ആരോപണമുന്നയിച്ച ബിഷപ്പിനെതിരേ നിയമാനുസൃതമുള്ള പ്രോസിക്യൂഷന്‍ നടപടികള്‍ സ്വീകരിക്കണം. ഇതുമായി ബന്ധപ്പെട്ട് സംസ്ഥാന സഹകരണ മന്ത്രി വി എന്‍ വാസവന്‍ നടത്തിയ പ്രസ്താവന അനുചിതമായിപ്പോയി.

ഈ വിഷയത്തില്‍ മന്ത്രിയുടെ നിലപാട് തന്നെയാണോ സര്‍ക്കാര്‍ നിലപാടെന്ന് അറിയാന്‍ താല്‍പര്യമുണ്ട്. സര്‍ക്കാര്‍ അടിയന്തരമായി ഇടപെട്ടില്ലെങ്കില്‍ മഹല്ലുകള്‍ കേന്ദ്രീകരിച്ച് പ്രതിഷേധവുമായി മുന്നോട്ടുനീങ്ങുമെന്ന് പൗരാവകാശ സംരക്ഷണ സമിതി മുന്നറിയിപ്പ് നല്‍കി. സമിതി ചെയര്‍മാന്‍ ഇ എ അബ്ദുല്‍ നാസര്‍ മൗലവി, വി എച്ച് അലിയാര്‍ ഖാസിമി, എ എം അബ്ദുല്‍ സമദ്, എം ബി അമീന്‍ഷാ, യു നവാസ്, കെ എച്ച് സുനീര്‍ മൗലവി, അബ്ദുല്‍ അസീസ് മൗലവി അല്‍ ഖാസിമി, അജാസ് തച്ചാട്ട് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Tags:    

Similar News