പാലാ ബിഷപ്പ് പ്രസ്താവന പിന്‍വലിക്കണം: മുസ്‌ലിം സംഘടനാ നേതാക്കള്‍
ലൗ ജിഹാദ്', 'നാര്‍ക്കോട്ടിക് ജിഹാദ്' എന്നീ പദപ്രയോഗങ്ങളിലൂടെ വിദ്വേഷം പ്രചരിപ്പിക്കുന്നവര്‍ക്കെതിരേ നിയമ നടപടി സ്വീകരിക്കാന്‍ ഭരണകൂടം സന്നദ്ധമാവണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.
കോഴിക്കോട്: സാമുദായിക ധ്രുവീകരണമുണ്ടാക്കും വിധം നടത്തിയ പ്രസ്താവന പിന്‍വലിക്കാന്‍ പാലാ ബിഷപ് തയാറാകണമെന്ന് കോഴിക്കോട് ചേര്‍ന്ന മുസ്‌ലിം സംഘടനകളുടെ സംയുക്ത യോഗം ആവശ്യപ്പെട്ടു.'ലൗ ജിഹാദ്', 'നാര്‍ക്കോട്ടിക് ജിഹാദ്' എന്നീ പദപ്രയോഗങ്ങളിലൂടെ വിദ്വേഷം പ്രചരിപ്പിക്കുന്നവര്‍ക്കെതിരേ നിയമ നടപടി സ്വീകരിക്കാന്‍ ഭരണകൂടം സന്നദ്ധമാവണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.
മുഖ്യമന്ത്രി ബിഷപ്പിന്റെ വിഷയത്തില്‍ പുലര്‍ത്തുന്ന സമീപനം ഇരട്ടത്താപ്പാണ്. പരമതനിന്ദയുള്ള ഏത് പ്രവര്‍ത്തിയേയും തള്ളിക്കളയാനും സാഹോദര്യം നിലനിര്‍ത്താനും കേരളീയ സമൂഹം പ്രതിജ്ഞാബദ്ധമാണെന്നും യോഗം വ്യക്തമാക്കി.
സംസ്ഥാനത്തെ സാമൂഹികാന്തരീക്ഷത്തിന് ഭംഗം വരുത്തുന്ന നീക്കങ്ങള്‍ ആരുടെ ഭാഗത്തുനിന്നും ഉണ്ടാകാന്‍ പാടില്ലാത്തതാണെന്ന് യോഗ തീരുമാനങ്ങള്‍ വിശദീകരിച്ച പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. സാമുദായിക ധ്രുവീകരണം ശക്തിപ്പെടുത്തുന്ന പരാമര്‍ശം പാലാ ബിഷപ്പിന്റെ ഭാഗത്തുനിന്ന് ഉണ്ടായത് ഗൗരവതരമാണെന്ന് യോഗം വിലയിരുത്തി. പ്രസ്താവന ലക്ഷ്യംവെച്ചത് മുസ്‌ലിം സമുദായത്തെയാണെന്ന് വ്യക്തമായിട്ടും പക്വതയോടെയുള്ള സമീപനമാണ് സമുദായ നേതാക്കളുടെ ഭാഗത്തുനിന്നുണ്ടായത്. അതേ നാണയത്തില്‍ തിരിച്ചടിക്കുന്ന രീതി അവലംബിച്ചില്ല. സമാന പരാമര്‍ശങ്ങള്‍ ആരുടെ ഭാഗത്തുനിന്നും ആവര്‍ത്തിച്ചുകൂടെന്ന് യോഗം ആവശ്യപ്പെട്ടു.
ഇത്തരം സംഭവങ്ങളുണ്ടാകുമ്പോള്‍ സര്‍ക്കാര്‍ നോക്കിനില്‍ക്കുന്നത് ഭൂഷണമല്ല. കീഴ്‌വഴക്കമനുസരിച്ച് നടപടിയെടുക്കണം. സര്‍വകക്ഷി യോഗം വിളിക്കുന്നത് സ്വാഗതാര്‍ഹമാണ്. സംവരണ വിഷയത്തില്‍ സച്ചാര്‍ കമ്മിറ്റി ശിപാര്‍ശകള്‍ നടപ്പാക്കണമെന്ന ആവശ്യം നേരത്തെ മുസ്‌ലിം സംഘടനകള്‍ ഉന്നയിച്ചതാണ്. മുഖ്യമന്ത്രിയെ നേരില്‍കണ്ട് പരാതി ഉന്നയിക്കുകയും ധര്‍ണ നടത്തുകയും ചെയ്തു. രണ്ടു മാസമായിട്ടും വിഷയത്തില്‍ പ്രതികരണമില്ലാത്തതില്‍ യോഗം പ്രതിഷേധം രേഖപ്പെടുത്തിയതായി സാദിഖലി തങ്ങള്‍ വ്യക്തമാക്കി.
സാദിഖലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ഇ ടി മുഹമ്മദ് ബഷീര്‍ എംപി, പി എം എ. സലാം, കെ പി എ. മജീദ്, ഡോ. എം കെ മുനീര്‍ (മുസ്‌ലിം ലീഗ്), ഡോ. കെ എം ബഹാഉദ്ദീന്‍ നദ്‌വി, ഡോ. എന്‍.എ.എം. അബ്ദുല്‍ ഖാദര്‍ (സമസ്ത), ടി പി അബ്ദുല്ലകോയ മദനി, ഡോ. എ ഐ മജീദ് സ്വലാഹി, ഹുസൈന്‍ മടവൂര്‍ (കേരള നദ്‌വതുല്‍ മുജാഹിദീന്‍), പി മുജീബ് റഹ്മാന്‍, ശൈഖ് മുഹമ്മദ് കാരകുന്ന്, ശിഹാബ് പൂക്കോട്ടൂര്‍ (ജമാഅത്തെ ഇസ്‌ലാമി), സി എ മൂസ മൗലവി, ബാവ മൗലവി (ദക്ഷിണ കേരള ജംഇയ്യതുല്‍ ഉലമ), അബ്ദുല്ലത്വീഫ് മദനി, ടി കെ അശ്‌റഫ് (വിസ്ഡം), ഡോ. ഐ പി. അബ്ദുസ്സലാം (മര്‍കസുദ്ദഅ്‌വ), ഹാശിം ഹദ്ദാദ് തങ്ങള്‍ (ജംഇയ്യതുല്‍ ഉലമാ ഹിന്ദ് ), ഖാസിമുല്‍ ഖാസിമി (കേരള മുസ്‌ലിം ജമാഅത്ത് കൗണ്‍സില്‍), ഡോ. ഫസല്‍ ഗഫൂര്‍ (എംഇഎസ്), സൈനുല്‍ ആബിദീന്‍, മുഹമ്മദ് കോയ എന്‍ജിനീയര്‍ (എംഎസ്എസ്), ഇ പി അശ്‌റഫ് ബാഖവി, ഹാശിം ബാഫഖി തങ്ങള്‍ (കേരള സംസ്ഥാന ജംഇയ്യതുല്‍ ഉലമ), ഡോ. സൈതു മുഹമ്മദ് (മെക്ക)പങ്കെടുത്തു.