പാലായില്‍ കനത്ത പോളിങ്; വോട്ടെടുപ്പിനിടെ യുഡിഎഫില്‍ വാക്‌പോര്

Update: 2019-09-23 05:44 GMT

കോട്ടയം: ഉപതിരഞ്ഞെടുപ്പ് നടക്കുന്ന പാലായില്‍ ആദ്യമണിക്കൂറുകളില്‍ കനത്ത പോളിങ്. നഗരമേഖലകളില്‍ കനത്ത പോളിങ് തുടരുകയാണ്. എന്നാല്‍, ഗ്രാമീണമേഖലകളില്‍ പോളിങ് കുറവാണെന്നാണ് റിപോര്‍ട്ട്. നാലുമണിക്കൂര്‍ പിന്നിടുമ്പോള്‍ 21.63 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തി. രാവിലെ ഏഴിനാണു വോട്ടെടുപ്പ് തുടങ്ങിയത്. 20492 പുരുഷന്മാരും 18264 സ്ത്രീകളും ഉള്‍പ്പെടെ ഇതുവരെ 38756 പേര്‍ വോട്ട് ചെയ്തു. അതിനിടെ, പോളിങിനിടെയും യുഡിഎഫില്‍ വാക് പോരുണ്ടായി. എല്ലാവരും ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചില്ലെന്നും അതിന്റെ സംഘര്‍ഷം നിലവിലുണ്ടെന്നും കേരള കോണ്‍ഗ്രസ് നേതാവും ജോസഫ് പക്ഷക്കാരനുമായ ജോയ് എബ്രഹാം പറഞ്ഞു. ചിലര്‍ക്ക് കുബുദ്ധിയും കുതന്ത്രങ്ങളുമാണുള്ളത്. പാലായിലെ ജനങ്ങള്‍ വിചാരിക്കുന്നതിലും പ്രബുദ്ധരാണ്. കെ എം മാണിയുടെ പിന്തുടര്‍ച്ചാവകാശം ഒരു കുടുംബത്തിനല്ലെന്നും പാര്‍ട്ടിക്കാണെന്നും അദ്ദേഹം തുറന്നടിച്ചു. എന്നാല്‍, ജോയ് എബ്രഹാമിന്റെ പ്രസ്താവനയ്‌ക്കെതിരേ യുഡിഎഫിന് പരാതി നല്‍കുമെന്ന് ജോസ് കെ മാണി വിഭാഗം പറഞ്ഞു. തിരഞ്ഞെടുപ്പ് നടക്കുന്ന ദിവസം ഇത്തരം പ്രസ്താവനകളിറക്കുന്നത് മര്യാദകേടാണെന്നും ഒറ്റെക്കെട്ടായ പ്രവര്‍ത്തനത്തമാണ് യുഡിഎഫ് നടത്തിയതെന്നും ജോസ് കെ മാണി പക്ഷം വ്യക്തമാക്കി. കേരളാ കോണ്‍ഗ്രസ് തര്‍ക്കം കാരണം യുഡിഎഫിന്റെ വോട്ടുകള്‍ എല്‍ഡിഎഫിലേക്ക് മറിയുമെന്ന് ഇടതു സ്ഥാനാര്‍ഥി മാണി സി കാപ്പന്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു. പാലായില്‍ കെ എം മാണി തരംഗമില്ലെന്നും യുഡിഎഫിലെ പ്രശ്‌നങ്ങള്‍ ഇടതുമുന്നണിക്ക് ബോണസാണെന്നും അദ്ദേഹം പറഞ്ഞു. ബൂത്തുകളില്‍ ആദ്യമണിക്കുറുകളിലേതിന് സമാനമായ നീണ്ട നിര ഇപ്പോഴും തുടരുകയാണെന്നാണു റിപോര്‍ട്ടുകള്‍.

    കെ എം മാണിയുടെ കുടുംബം പാലാ സെന്റ് തോമസ് സ്‌കൂളിലെ 128ാം നമ്പര്‍ ബൂത്തിലെത്തിയാണ് വോട്ട് ചെയ്തത്. ജോസ് കെ മാണി, ഭാര്യ നിഷാ ജോസ് കെ മാണി, കെ എം മാണിയുടെ ഭാര്യ കുട്ടിയമ്മ എന്നിവരാണ് വോട്ട് ചെയ്തത്. കെ എം മാണിയുടെ കല്ലറയില്‍ പോയി പ്രാര്‍ഥിച്ച ശേഷമാണ് എല്ലാവരും ബൂത്തിലേക്കെത്തിയത്. വിജയത്തില്‍ യാതൊരു ആശങ്കയുമില്ലെന്നും പോളിങ് ശതമാനം ഉയരുമെന്നും യുഡിഎഫ് സ്ഥാനാര്‍ഥി ജോസ് ടോം വോട്ട് രേഖപ്പെടുത്തിക്കൊണ്ട് പറഞ്ഞു. കുടുംബത്തോടൊപ്പമെത്തി ഒന്നാമതായാണ് മാണി സി കാപ്പന്‍ വോട്ട് ചെയ്തത്. ഒന്നാമതാവാന്‍ പോകുന്നതിന്റെ സൂചനയാണിതെന്നും പാലായില്‍ മാറ്റമുണ്ടാവുമെന്ന് അദ്ദേഹം പറഞ്ഞു.



Tags:    

Similar News