'തൊണ്ണൂറ് ദിവസമേ താലി കാണൂ എന്ന് ഭീഷണി, പോലിസില്‍ പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ല'; ദുരഭിമാനക്കൊലയെ കുറിച്ച് അനീഷിന്റെ അച്ഛന്‍
അമ്മാവന്‍ ഭീഷണിയില്‍ പറഞ്ഞത് പ്രകാരം തന്നെ വിവാഹം കഴിഞ്ഞ് മൂന്ന് മാസത്തിനുള്ളില്‍ പക വീട്ടിയ സംഭവത്തിന്റെ ഞെട്ടലിലാണ് തേങ്കുറുശ്ശി ഗ്രാമം.
പാലക്കാട്: ''പെണ്‍കുട്ടിയുടെ അമ്മാവന്‍ ഇടയ്ക്കിടയ്ക്ക് ഇവിടെ വരുമായിരുന്നു. അച്ഛന്‍ ഫോണ്‍ വിളിച്ചും ഭീഷണിപ്പെടുത്തിയിരുന്നു. അമ്മാവന്‍ മദ്യപിച്ച് വീട്ടിലെത്തി ഭീഷണിപ്പെടുത്തിയിട്ട് പോകും. തൊണ്ണൂറ് ദിവസമേ താലി കാണൂ എന്നാ അവന്‍ പറഞ്ഞത്. അത് നടത്തി'', പാലക്കാട് കുഴല്‍മന്ദത്തിനടുത്ത് തെങ്കുറിശ്ശിയില്‍ ദുരഭിമാനക്കൊലയ്ക്ക് ഇരയായ അനീഷിന്റെ അച്ഛന്‍ ആറുമുഖന്‍ പറഞ്ഞു.
അനീഷിനേയും ഭാര്യ ഹരിതയേയും നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നു. ഹരിതയുടെ അച്ഛന്‍ പ്രഭുകുമാര്‍ ഫോണിലൂടെയും, അമ്മാവന്‍ സുരേഷ് നേരിട്ടെത്തി മൂന്നു നാല് തവണ ഭീഷണിപ്പെടുത്തി. ഇളയ കുട്ടിക്ക് ഓണ്‍ലൈനായി പഠിക്കാന്‍ വാങ്ങിക്കൊടുത്ത ഫോണ്‍ സുരേഷ് എടുത്തുകൊണ്ടുപോയി. സുരേഷ് സംസാരിച്ചത് റെക്കോഡ് ചെയ്യാന്‍ ശ്രമിച്ചെന്ന് പറഞ്ഞാണ് ഫോണ്‍ പിടിച്ചുവാങ്ങിയതെന്ന് ഹരിതയും പറയുന്നു.
സ്ഥിരമായി മദ്യപിച്ചാണ് സുരേഷ് എത്തിയിരുന്നതെന്നും, ഇതിനെതിരെ പോലിസില്‍ പരാതി നല്‍കിയെങ്കിലും ഒരു നടപടിയുമുണ്ടായിട്ടില്ല. തിരഞ്ഞെടുപ്പിന്റെ തിരക്കുകളാണെന്ന് പറഞ്ഞാണ് സ്ഥലം എസ്‌ഐ പരാതിയില്‍ നടപടികളെടുക്കാതിരുന്നതെന്ന് അനീഷിന്റെ അച്ഛന്‍ ആറുമുഖന്‍ പറഞ്ഞു. അമ്മാവന്‍ ഭീഷണിയില്‍ പറഞ്ഞത് പ്രകാരം തന്നെ വിവാഹം കഴിഞ്ഞ് മൂന്ന് മാസത്തിനുള്ളില്‍ പക വീട്ടിയ സംഭവത്തിന്റെ ഞെട്ടലിലാണ് തേങ്കുറുശ്ശി ഗ്രാമം.
സുഹൃത്തായ അരുണിനൊപ്പം ക്രിസ്മസ് ദിനത്തില്‍ വൈകിട്ട് കടയിലേക്ക് പോവുകയായിരുന്നു അനീഷ്. പോകുന്ന വഴിയ്ക്കാണ് കാത്തിരുന്ന് ഹരിതയുടെ അച്ഛന്‍ പ്രഭുകുമാറും അമ്മാവന്‍ സുരേഷും കമ്പിയും വടിവാളുമായി ആക്രമിച്ചത്. കമ്പി കൊണ്ടടിച്ച് വീഴ്ത്തി. വടിവാള് കൊണ്ട് ആദ്യം കാലിലും കഴുത്തിലുമായി വെട്ടുകയായിരുന്നു. അനീഷിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
വെള്ളിയാഴ്ച വൈകിട്ട് 6.30 ഓടെയാണ് നാടിനെ നടുക്കിയ അരുംകൊല നടന്നത്. കുഴല്‍മന്ദം എലമന്ദം സ്വദേശി അനീഷ് മൂന്ന് മാസം മുമ്പാണ് ഹരിത എന്ന പെണ്‍കുട്ടിയെ പ്രണയിച്ച് വിവാഹം കഴിച്ചത്.