പാലക്കാട്ടെ പോപുലര്‍ഫ്രണ്ട് നേതാവിന്റെ കൊലപാതകം: കൊലയാളികളില്‍ രണ്ടു പേരെ തിരിച്ചറിയാമെന്ന് പിതാവ്, വീടിന് നേരെ ആക്രമണമുണ്ടായിരുന്നതായി മകന്‍
ഇവര്‍ മുഖം മൂടി ധരിച്ചിരുന്നില്ല. ഇരുവരെയും കണ്ടാല്‍ തിരിച്ചറിയുമെന്നും അബൂബക്കര്‍ പറഞ്ഞു.
പാലക്കാട്: ഘാതകരില്‍ രണ്ടു പേരെ താന്‍ കണ്ടിരുന്നുവെന്ന് എലപ്പുള്ളിയില്‍ ആര്‍എസ്എസ് സംഘം ഇന്ന് ഉച്ചയ്ക്ക് വെട്ടിക്കൊലപ്പെടുത്തിയ പോപുലര്‍ ഫ്രണ്ട് നേതാവ് സുബൈറിന്റെ പിതാവ് അബൂബക്കര്‍. ഇവര്‍ മുഖം മൂടി ധരിച്ചിരുന്നില്ല. ഇരുവരെയും കണ്ടാല്‍ തിരിച്ചറിയുമെന്നും അബൂബക്കര്‍ പറഞ്ഞു.
അതേസമയം, വീടിന് നേരെ ഇതിന് മുമ്പ് ആര്‍എസ്എസ് സംഘം ആക്രമണം നടത്തിയിരുന്നുവെന്ന്
സുബൈറിന്റെ മകന്‍ സജാദ് പറഞ്ഞു. വീടിന് നേരെ ചിലര്‍ കല്ലെറിഞ്ഞിരുന്നു. പോലിസില്‍ പരാതിപ്പെട്ടിരുന്നുവെങ്കിലും ഒരു നടപടിയും ഉണ്ടായിരുന്നില്ലെന്നും സജാദ് പറഞ്ഞു. ഉപ്പയുടേത് വാഹനാപകടം എന്നാണ് ആദ്യം കരുതിയത് എന്നും സജാദ് പറഞ്ഞു.
ജുമുഅ നമസ്‌കാരത്തിനു ശേഷം പള്ളിയില്‍നിന്ന് ബൈക്കില്‍ പിതാവ് അബൂബക്കറിനൊപ്പം വീട്ടിലേക്ക് മടങ്ങവെ കാറിലെത്തിയ സംഘം ബൈക്ക് ഇടിച്ചുവീഴ്ത്തി സുബൈറിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. സുബൈറിന്റെ പിതാവിന് ബൈക്കില്‍ നിന്ന് വീണ് പരിക്കേറ്റിട്ടുണ്ട്. സുബൈറിന് നിരവധി വെട്ടുകളേറ്റിട്ടുണ്ട്. ഉടന്‍ പാലക്കാട് ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
രണ്ടു കാറുകളിലായെത്തിയ ക്രിമിനല്‍ സംഘമാണ് ആക്രമണം നടത്തിയതെന്നാണ് പോലിസ് പറയുന്നത്. സംഭവത്തിനു പിന്നില്‍ ഉന്നത തല ഗൂഢാലോചനയുണ്ടെന്നാണ് പോപുലര്‍ ഫ്രണ്ട് നേതൃത്വം ആരോപിക്കുന്നത്. കൃത്യം നടന്ന് മണിക്കൂറുകള്‍ പിന്നിട്ടിട്ടും സംഭവത്തില്‍ ഉള്‍പ്പെട്ട ഒരു കാറും അക്രമികളേയും കണ്ടെത്താനാവാത്തത് സംഭവത്തിനു പിന്നിലെ ഉന്നത തല ഗൂഢാലോചനയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.
കൊലപാതക ശേഷം കൊഴിഞ്ഞാമ്പാറ ഭാഗത്തേക്കാണ് പ്രതികള്‍ കടന്നതെന്നാണ് സൂചന. ഇവിടം ആര്‍എസ്എസിന്റെ ശക്തി കേന്ദ്രമാണ്. ആര്‍എസ്എസ് ബിജെപി നേതൃത്വത്തിന്റെ ഒത്താശയോടെ പ്രതികള്‍ ഇവിടെ ഒളിവില്‍ കഴിയുകയാണെന്നാണ് സംശയിക്കുന്നത്.
സുബൈറിനെ കൊലപ്പെടുത്താന്‍ അക്രമികളെത്തിയത് ഇയോണ്‍, ഗ്രേ കളറിലുള്ള വാഗണ്‍ ആര്‍ കാറുകളിലായാണ്. കൃത്യത്തിന് ശേഷം ആക്രമി സംഘം ഉപേക്ഷിച്ച ഇയോണ്‍ കാര്‍ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഈ കാര്‍, കൊലപാതകത ശ്രമമുള്‍പ്പെടെ നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയും മാസങ്ങള്‍ക്ക് മുന്‍പ് കൊല്ലപ്പെടുകയും ചെയ്ത ബിജെപി ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിന്റെ ഉടമസ്ഥതയിലുള്ളതാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഈ കാര്‍ കൊലയാളി സംഘം എലപ്പുള്ളിപാറയില്‍ തന്നെ ഉപേക്ഷിച്ചിരുന്നു.