പാലത്തായി ബാലികാ പീഡനക്കേസ്: ക്രൈം ബ്രാഞ്ച് അന്വേഷണം തുടങ്ങി
ലോക്കല്‍ പോലിസിന് അന്വേഷണത്തില്‍ വീഴ്ച പറ്റിയോ എന്ന കാര്യവും ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നുണ്ട്
കണ്ണൂര്‍: പാനൂരിനു സമീപം പാലത്തായിയില്‍ ബിജെപി നേതാവായ അധ്യാപകന്‍ 10 വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി. അന്വേഷണത്തിനു മേല്‍നോട്ടം വഹിക്കുന്ന ക്രൈംബ്രാഞ്ച് ഐജി എസ് ശ്രീജിത്ത് പെണ്‍കുട്ടിയുടെ വീട്ടിലെത്തി മൊഴിയെടുത്തു. സ്‌കൂളില്‍ പരിശോധന നടത്തിയ ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ അധ്യാപകരില്‍നിന്നും മൊഴിയെടുത്തിട്ടുണ്ട്. ഫോണ്‍ രേഖകള്‍ ഉള്‍പ്പെടെയുള്ള ശാസ്ത്രീയ തെളിവുകള്‍ അന്വേഷണ സംഘം പരിശോധിക്കും. അതേസമയം, ലോക്കല്‍ പോലിസിന്റെ അന്വേഷണത്തില്‍ പ്രതി കുറ്റം സമ്മതിച്ചിരുന്നില്ലെന്നായിരുന്നു റിപോര്‍ട്ടുകള്‍. അതിനാല്‍, തെളിവുകള്‍ നിരത്തി ചോദ്യം ചെയ്യാനാണു ക്രൈംബ്രാഞിന്റെ തീരുമാനം. ലോക്കല്‍ പോലിസിന് അന്വേഷണത്തില്‍ വീഴ്ച പറ്റിയോ എന്ന കാര്യവും ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നുണ്ട്.
ഇക്കഴിഞ്ഞ മാര്‍ച്ച് 16നാണ് പെണ്‍കുട്ടിയുടെ കുടുംബം തലശ്ശേരി ഡിവൈഎസ്പി ഓഫിസില്‍ അധ്യാപകനെതിരെ പരാതി നല്‍കിയത്. ബിജെപി തൃപ്പങ്ങോട്ടൂര്‍ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റായ പത്മരാജന്‍ എന്ന അധ്യാപകന്‍ ശുചി മുറിയില്‍ കൊണ്ടുപോയി പീഡിപ്പിച്ചെന്നാണു പരാതി. പീഡനം നടന്നെന്ന് മെഡിക്കല്‍ റിപോര്‍ട്ടില്‍ വ്യക്തമായിരുന്നെങ്കിലും പോലിസ് പ്രതിയെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിച്ചത്. ഒരുമാസത്തോളം പ്രതിയെ അറസ്റ്റ് ചെയ്യാതെ, പെണ്‍കുട്ടിയെ നിരന്തരം ചോദ്യം ചെയ്യുകയും കോഴിക്കോട്ടെത്തിച്ച് മാനസികാരോഗ്യ കേന്ദ്രത്തില്‍ പരിശോധന നടത്തുകയും ചെയ്തത് ഏറെ വിവാദമായിരുന്നു. ഇതിനിടെ, അധ്യാപകനെതിരേ പെണ്‍കുട്ടിയുടെ സഹപാഠിയുടെ മൊഴി കൂടി പുറത്തായതോടെ പ്രതിഷേധം ശക്തമായി. സാംസ്‌കാരിക പ്രവര്‍ത്തകരും സാമൂഹിക മാധ്യമങ്ങളിലെ പ്രതിഷേധവും ശക്തമായതോടെയാണ് പ്രതി പത്മരാജനെ ബന്ധുവായ ബിജെപി നേതാവിന്റെ പൊയ്‌ലൂരിലെ വീട്ടില്‍നിന്ന് പോലിസ് അറസ്റ്റ് ചെയ്തത്.
തലശ്ശേരി ഡിവൈഎസ്പി വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള സംഘമാണു പ്രതിയെ അറസ്റ്റ് ചെയ്തിരുന്നത്. എന്നാല്‍, നേരത്തേ പരാതി നല്‍കിയിട്ടും പാനൂര്‍ മുന്‍ സിഐയും തലശ്ശേരി ഡിവൈഎസ്പിയും നിസ്സംഗത പാലിച്ചതിനാല്‍ ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് പെണ്‍കുട്ടിയുടെ കുടുംബം മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. പരാതിയില്‍, ബിജെപി നേതാവായ അധ്യാപകന്‍ പത്മരാജന്‍ മറ്റൊരാള്‍ക്കു കൂടി പീഡിപ്പിക്കാന്‍ സഹായം ചെയ്തിരുന്നുവെന്നു ചൂണ്ടിക്കാട്ടിയിരുന്നു. ഇക്കാര്യത്തിലും ക്രൈംബ്രാഞ്ച് അന്വേഷണം നടത്തും. കേസന്വേഷണത്തില്‍ പാനൂര്‍ പോലിസിന് വീഴ്ച പറ്റിയിട്ടുണ്ടെങ്കില്‍ നടപടിയെടുക്കുമെന്ന് ക്രൈംബ്രാഞ്ച് മേധാവി ടോമിന്‍ ജെ തച്ചങ്കരി വ്യക്തമാക്കിയിരുന്നു.