പാലത്തായി പീഡനം: അധ്യാപകന് ജാമ്യം ലഭിക്കുന്നത് സാക്ഷര കേരളത്തെ പീഡിപ്പിക്കുന്നതിന് തുല്യം-വിമന്‍ ഇന്ത്യാ മൂവ്‌മെന്റ്
ബാലികയെ പിച്ചി ചീന്തിയ പ്രതിക്ക് മാതൃകാപരമായ ശിക്ഷ വാങ്ങി കൊടുക്കുന്നത് വരെ എല്ലാ ലോക് ഡൗണുകളെയും അതിജയിച്ച് സമൂഹം സമരരംഗത്ത് ഉറച്ചുനില്‍ക്കണമെന്നും വിമന്‍ ഇന്ത്യാ മൂവ്‌മെന്റ് സംസ്ഥാന പ്രസിഡന്റ് കെ കെ റൈഹാനത്ത് അഭ്യര്‍ഥിച്ചു.
കണ്ണൂര്‍: സ്വന്തം വിദ്യാര്‍ഥിയായ ബാലികയെ പീഡനത്തിനിരയാക്കിയ ബിജെപി നേതാവും അധ്യാപകനുമായ പത്മരാജന് ജാമ്യം ലഭിക്കുന്നത് സാക്ഷര കേരളത്തെ പീഡിപ്പിക്കുന്നതിന് തുല്യമാണെന്ന് വിമന്‍ ഇന്ത്യാ മൂവ്‌മെന്റ് സംസ്ഥാന പ്രസിഡന്റ് കെ കെ റൈഹാനത്ത്. തന്റെ മുമ്പില്‍ വിദ്യ നുകരാനെത്തിയ വിദ്യാര്‍ത്ഥിയെ അധ്യാപകന്‍ പീഡിപ്പിച്ചെന്ന വാര്‍ത്ത ഞെട്ടലോടെയാണ് കേരളം കേട്ടത്.
സംഘപരിവാര നേതാവായ പ്രതിയെ രക്ഷിക്കാന്‍ ശ്രമിച്ച പോലിസ് ജനങ്ങളുടെ കടുത്ത പ്രതിഷേധത്തിനൊടുവില്‍ അറസ്റ്റ് ചെയ്യാന്‍ നിര്‍ബന്ധിതമാവുകയായിരുന്നു. എന്നാല്‍ ഈ ക്രൂരകൃത്യം ചെയ്ത പത്മരാജനെതിരേ വവ്യക്തമായ തെളിവുകള്‍ ഉണ്ടായിട്ടും കുറ്റപത്രം സമര്‍പ്പിക്കാതെ പോലിസ് നാടകം കളിക്കുകയാണ്. പത്മരാജന്‍ മാത്രമല്ല, സ്ത്രീകളടക്കമുള്ള മറ്റു പലരും ഈ കേസില്‍ പ്രതികളാണെന്ന് വ്യക്തമായിട്ടും കാര്യക്ഷമമായ അന്വേഷണത്തിന് അന്വേഷണം സംഘം തയ്യാറാവുന്നില്ല. കുട്ടിയുടെ മാതാവ് പ്രതികള്‍ക്കെതിരെ മൊഴി നല്‍കിയിട്ടും അതില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ പോലും പോലിസ് മുതിരുന്നില്ല.
കുറ്റപത്രം സമര്‍പ്പിക്കാതെ 90 ദിവസങ്ങള്‍ കടത്തിവിടുവാനുള്ള തന്ത്രം പീഡകന് ജാമ്യം ലഭിച്ച് നാട്ടില്‍ സൈ്വര്യവിഹാരം നടത്തുവാനുള്ള അവസരം സൃഷ്ടിക്കുന്നതിനാണ്. നീതിക്കുവേണ്ടിയുള്ള മനസ്സാക്ഷി മരവിക്കാത്തവരുടെ കാവലുകളാണ് പത്മരാജന്റെ അറസ്റ്റും ജാമ്യനിഷേധവും. എന്നാല്‍ നിയമത്തിന്റെ പഴുതുകളുപയോഗിച്ച് പ്രതിക്ക് ജാമ്യം നല്‍കുവാനുള്ള തന്ത്രം അണിയറയില്‍ നടക്കുന്നതിനെതിരേ നീതിബോധമുള്ളവര്‍ ജാഗ്രത പാലിക്കേണ്ടതുണ്ട്. ലോക്ഡൗണിന്റെ മറവില്‍ ജനകീയ സമരങ്ങളെ ഭയപ്പെടാതെ സംഘീ നേതാവിന് ജാമ്യം നല്‍കാന്‍ ഇടതുപക്ഷ സര്‍ക്കാര്‍ കൂട്ട് നില്‍ക്കരുത്. 80 ദിവസം പിന്നിട്ടിട്ടും തയ്യാറാക്കാത്ത കുറ്റപത്രം തട്ടിക്കൂട്ടി ജാമ്യത്തിന് അനുകൂലമായ രൂപത്തില്‍ അവതരിപ്പിക്കുന്നതും സമൂഹം കരുതിയിരിക്കണം. ബാലികയെ പിച്ചി ചീന്തിയ പ്രതിക്ക് മാതൃകാപരമായ ശിക്ഷ വാങ്ങി കൊടുക്കുന്നത് വരെ എല്ലാ ലോക് ഡൗണുകളെയും അതിജയിച്ച് സമൂഹം സമരരംഗത്ത് ഉറച്ചുനില്‍ക്കണമെന്നും കെ കെ റൈഹാനത്ത് അഭ്യര്‍ഥിച്ചു.