ഇസ്രായേല്‍ ജയിലില്‍ ഫലസ്തീന്‍ തടവുകാരന്‍ കാന്‍സര്‍ ബാധിച്ച് മരിച്ചു
ജെനിന്‍ പട്ടണത്തിലെ ഖബതിയയില്‍ നിന്നുള്ള കമാല്‍ അബു വയര്‍ ആണ് തൊണ്ടയില്‍ കാന്‍സര്‍ ബാധിച്ച് മരിച്ചത്.
തെല്‍അവീവ്: കാന്‍സര്‍ ബാധിതനായ ഫലസ്തീന്‍ തടവുകാരന്‍ ഇസ്രായേല്‍ ജയിലില്‍ മരിച്ചതായി വാഫ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ജെനിന്‍ പട്ടണത്തിലെ ഖബതിയയില്‍ നിന്നുള്ള കമാല്‍ അബു വയര്‍ ആണ് തൊണ്ടയില്‍ കാന്‍സര്‍ ബാധിച്ച് മരിച്ചത്.
ജൂലൈയില്‍ 46 കാരനായ കമാലിന് കൊറോണ വൈറസ് ബാധിച്ച് ആരോഗ്യനില വഷളായിരുന്നുവെങ്കിലും കഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു. കമാലിന്റെ മരണത്തിന്റെ ഉത്തരവാദിത്തത്തില്‍നിന്ന് ഇസ്രായേലിന് ഒഴിഞ്ഞുമാറാനാവില്ലെന്ന് ഫലസ്തീന്‍ തടവുകാരുടേയും മുന്‍ തടവുകാരുടേയും കമ്മിറ്റി തലവന്‍ ഖാദിരി അബൂബക്കര്‍ കുറ്റപ്പെടുത്തി. ഫലസ്തീന്‍ തടവുകാര്‍ക്കെതിരേ കടുത്ത മനുഷ്യാവകാശ ലംഘനങ്ങളാണ് ഇസ്രായേല്‍ ജയിലുകളില്‍ അരങ്ങേറുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കമാലിന്റെ വഷളായ ആരോഗ്യനില ചൂണ്ടിക്കാട്ടി അദ്ദേഹത്തെ വിട്ടയക്കണമെന്ന് നിരവധി തവണ ആവശ്യപ്പെട്ടിട്ടും ഇസ്രായേല്‍ ജയില്‍ സര്‍വീസ് ഇക്കാര്യം നിഷേധിക്കുകയായിരുന്നു. 700 രോഗികളും 41 സ്ത്രീകളും ഉള്‍പ്പെടെ 5000ത്തോളം ഫലസ്തീന്‍ തടവുകാരാണ് ഇസ്രായേല്‍ ജയിലുകളില്‍ നരകയാതന അനുഭവിക്കുന്നത്.
വെന്റിലേഷന്റെയും ആരോഗ്യ സേവനങ്ങളുടേയും അഭാവത്തില്‍ തടവുകാര്‍ക്ക് വൈറസ് ബാധിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്.