പനാമയില്‍ അഭയാര്‍ഥികള്‍ സഞ്ചരിച്ചിരുന്ന ബസ് മറിഞ്ഞ് 39 മരണം

Update: 2023-02-16 02:09 GMT

പനാമ സിറ്റി: അമേരിക്കയിലേക്ക് കുടിയേറാന്‍ ശ്രമിച്ചവരുമായി സഞ്ചരിക്കുകയായിരുന്ന ബസ് കൊക്കയിലേക്ക് മറിഞ്ഞ് നവജാതശിശുക്കളടക്കം 39 പേര്‍ മരിച്ചു. ഫെബ്രുവരി 15 ന് ദക്ഷിണ പനാമയിലെ ഡാരിയന്‍ ഗ്യാപ്പിലാണ് അപകടം സംഭവിച്ചത്. രാജ്യത്തിന്റെ വടക്കേ അതിര്‍ത്തിയില്‍, കോസ്റ്റ റിക്കയ്ക്ക് സമീപത്തുള്ള ക്യാംപിലേക്ക് 66 അഭയാര്‍ഥികളുമായി സഞ്ചരിക്കുകയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. 20 ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പനാമയിലെത്തുന്ന അഭയാര്‍ഥികളെ ഗ്വാലക പട്ടണത്തിലുള്ള ക്യാംപിലേക്ക് മാറ്റുന്നത് പതിവാണ്. ഇതിനായി സര്‍ക്കാര്‍ ഏര്‍പ്പാടാക്കിയ ബസ്സാണ് അപകടത്തില്‍പ്പെട്ടത്.

വന്യമൃഗങ്ങളും കൊടുംവളവുകളും നിറഞ്ഞ അതീവദുര്‍ഘടമായ ഡാരിയന്‍ ഗ്യാപ്പില്‍ വച്ച് വഴിതെറ്റിയ ഡ്രൈവര്‍, ബസ് തിരിക്കാനായി ശ്രമിക്കവേയാണ് അപകടം സംഭവിച്ചത്. നിയന്ത്രണം നഷ്ടമായ വാഹനം താഴ്ചയിലേക്ക് പതിക്കുകയായിരുന്നു. മരണപ്പെട്ടവരുടെ പേരുവിവരങ്ങള്‍ സര്‍ക്കാര്‍ പുറത്തുവിട്ടിട്ടില്ല. കൊളംബിയ, വെനസ്വേല എന്നീ രാജ്യങ്ങളില്‍ നിന്നുള്ള അഭയാര്‍ഥികളാണ് അപകടത്തില്‍പ്പെട്ടതെന്ന് സ്ഥിരീകരിക്കാത്ത റിപോര്‍ട്ടുകളുണ്ട്. സാധാരണയായി രണ്ട് ഡ്രൈവര്‍മാരും നാഷനല്‍ ഇമിഗ്രേഷന്‍ സര്‍വീസില്‍ നിന്നുള്ള ഉദ്യോഗസ്ഥരുമുണ്ട്. 10 വര്‍ഷത്തിനിടെ പനാമയില്‍ കുടിയേറ്റക്കാര്‍ നേരിടുന്ന ഏറ്റവും വലിയ അപകടമാണിത്.

Tags:    

Similar News