വയനാട്ടുനിന്ന് കാണാതായി പിന്നീട് തിരുവനന്തപുരത്ത് കണ്ടെത്തിയ വനിതാ സിഐയെ ക്രൈംബ്രാഞ്ചിലേക്ക് മാറ്റി
വയനാട് ക്രൈംബ്രാഞ്ചിലേക്കാണ് സ്ഥലം മാറ്റം. കോടതി ഡ്യൂട്ടിക്കായി ഒക്ടോബര്‍ പത്തിന് പാലക്കാടേക്ക് പോയ എലിസബത്തിനെ അന്ന് വൈകീട്ട് മുതല്‍ കാണാതായിരുന്നു. പിന്നീട് തിരുവനന്തപുരത്തെ വനിതാസുഹൃത്തിന്റെ വീട്ടില്‍ നിന്നാണ് ഉദ്യോഗസ്ഥയെ പോലിസ് കണ്ടെത്തിയത്.
കല്‍പറ്റ: വയനാട്ടുനിന്ന് കാണാതായി പിന്നീട് തിരുവനന്തപുരത്ത് കണ്ടെത്തിയ പനമരം സിഐ കെ എ എലിസബത്തിനെ സ്ഥലംമാറ്റി. വയനാട് ക്രൈംബ്രാഞ്ചിലേക്കാണ് സ്ഥലം മാറ്റം. കോടതി ഡ്യൂട്ടിക്കായി ഒക്ടോബര്‍ പത്തിന് പാലക്കാടേക്ക് പോയ എലിസബത്തിനെ അന്ന് വൈകീട്ട് മുതല്‍ കാണാതായിരുന്നു. പിന്നീട് തിരുവനന്തപുരത്തെ വനിതാസുഹൃത്തിന്റെ വീട്ടില്‍ നിന്നാണ് ഉദ്യോഗസ്ഥയെ പോലിസ് കണ്ടെത്തിയത്.
പാലക്കാട് അതിവേഗ പ്രത്യേക കോടതിയിലേക്ക് കോര്‍ട്ട് എവിഡന്‍സ് ഡ്യൂട്ടിക്കായി പോയ എലിസബത്തിനെ പിന്നീട് കാണാതാകുകയായിരുന്നു. സംഭവത്തില്‍ മാനന്തവാടി ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. റിട്ടയേഡ് സിഐയായ വനിതാസുഹൃത്തിന്റെ ആനയറയിലെ വീട്ടില്‍ എലിസബത്ത് ഉണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് പോലിസെത്തി തിരുവനന്തപുരം മെഡിക്കല്‍ കോളജ് പോലിസ് സ്‌റ്റേഷനിലേക്ക് മാറ്റുകയും ചെയ്തു. ജോലിസംബന്ധമായ സമ്മര്‍ദങ്ങളാണ് മാറി നില്‍ക്കാന്‍ കാരണമെന്നാണ് തിരുവനന്തപുരം പോലിസിനോട് എലിസബത്ത് പറഞ്ഞത്.
തിങ്കളാഴ്ച ഉച്ചയ്ക്കുശേഷം നടന്ന ജില്ലാ പോലിസ് മേധാവിയുടെ ക്രൈംകോണ്‍ഫറന്‍സില്‍ എലിസബത്ത് പങ്കെടുക്കേണ്ടതായിരുന്നു. എന്നാല്‍, കോണ്‍ഫറന്‍സില്‍ പങ്കെടുക്കാന്‍ തനിക്ക് പകരം ഗ്രേഡ് എസ്‌ഐ ഒ എ ലക്ഷ്മണനെ ഏല്‍പിച്ചാണ് പോയത്. ക്രൈം കോണ്‍ഫറന്‍സില്‍ പങ്കെടുക്കാഞ്ഞതിന് ഉന്നത ഉദ്യോഗസ്ഥന്‍ എലിസബത്തിനെ ഫോണില്‍ വിളിച്ച് ശകാരിച്ചതായി പറയുന്നു. തിങ്കളാഴ്ച രാത്രി വൈകിയും എസ്എച്ച്ഒയെ കണ്ടെത്താന്‍ കഴിയാതെ വന്നതോടെയാണ് ഉന്നതാധികാരികളുടെ നിര്‍ദേശപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങിയത്. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് ഉദ്യോഗസ്ഥയെ കണ്ടെത്തിയത്.