മെസി, നെയ്മര്‍ കട്ടൗട്ടുകള്‍ നീക്കംചെയ്യണമെന്ന് പഞ്ചായത്തിന്റെ നിര്‍ദേശം

Update: 2022-11-05 15:51 GMT

കോഴിക്കോട്: ഖത്തറില്‍ ഫുട്‌ബോള്‍ ലോകകപ്പിന് ആവേശം പകരാന്‍ കോഴിക്കോട് പുള്ളാവൂര്‍ പുഴയില്‍ ആരാധകര്‍ സ്ഥാപിച്ച മെസ്സിയുടേയും നെയ്മറിന്റേയും കൂറ്റന്‍ കട്ടൗട്ടുകള്‍ നീക്കം ചെയ്യണമെന്ന് പഞ്ചായത്ത് നിര്‍ദേശം. പുഴയുടെ സ്വാഭാവിക ഒഴുക്ക് തടയുമെന്ന് ചൂണ്ടിക്കാട്ടി അഭിഭാഷകന്‍ ശ്രീജിത്ത് പെരുമന നല്‍കിയ പരാതിയിലാണ് ചാത്തമംഗലം പഞ്ചായത്ത് സെക്രട്ടറി ഇതുസംബന്ധിട്ട നിര്‍ദേശം നല്‍കിയത്. കഴിഞ്ഞ ആഴ്ചയാണ് കോഴിക്കോട് പുള്ളാവൂര്‍ പുഴയില്‍ ഫുട്‌ബോള്‍ ആരാധകര്‍ മെസ്സിയുടെ ഭീമന്‍ കട്ടൗട്ട് സ്ഥാപിച്ചത്. കോഴിക്കോട് ചാത്തമംഗലം എന്‍.ഐ.ടിക്ക് സമീപം പുള്ളാവൂരിലെ ചെറുപുഴയ്ക്ക് നടുവിലാണ് 30 അടിക്ക് മുകളിലുളള മെസ്സിയുടെ കട്ടൗട്ട് സ്ഥാപിച്ചത്. ഇത് ചുരുങ്ങിയ സമയം കൊണ്ട് തന്നെ വൈറലാവുകയും ലോകശ്രദ്ധയാര്‍ഷിക്കുകയും ചെയ്തു. ഫോക്‌സ് ന്യൂസ് ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര മാധ്യമങ്ങള്‍ വരെ ഇതുസംബന്ധിച്ച് വാര്‍ത്ത നല്‍കി. ഇതിനുപിന്നാലെയാണ് ബ്രസീല്‍ ആരാധകര്‍ നെയ്മറുടെ കട്ടൗട്ടും പുള്ളാവൂര്‍ പുഴയില്‍ സ്ഥാപിച്ചത്. മെസ്സിയെ മറികടക്കാന്‍ 30 അടിക്കു പകരം 40 അടി ഉയരത്തിലുളള കട്ടൗട്ടാണ് ബ്രസീല്‍ ആരാധകര്‍ സ്ഥാപിച്ചത്.

    ഇപ്പോള്‍ പരാതിയെ തുടര്‍ന്ന് രണ്ട് കട്ടൗട്ടുകളും നീക്കാനാണ് ചാത്തമംഗലം പഞ്ചായത്ത് സെക്രട്ടറി നിര്‍ദേശം നല്‍കിയിരിക്കുന്നത്. കട്ടൗട്ടുകള്‍ പുഴയുടെ സ്വാഭാവിക ഒഴുക്ക് തടയുമെന്ന് ചൂണ്ടിക്കാട്ടി അഭിഭാഷകന്‍ ശ്രീജിത്ത് പെരുമന നല്‍കിയ പരാതിയെത്തുടര്‍ന്ന് സ്ഥലത്ത് പരിശോധന നടത്തിയെന്നും വസ്തുതകള്‍ ബോധ്യപ്പെട്ടതിനാലാണ് കട്ടൗട്ടുകള്‍ നീക്കാന്‍ നിര്‍ദേശം നല്‍കിയതെന്നും പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. അതേസമയം, കോഴിക്കോട്ടെ മെസി-നെയ്മര്‍ കട്ടൗട്ടിന് മറുപടിയായി താമരശ്ശേരി പരപ്പന്‍പൊയിലില്‍ ക്രിസ്റ്റ്യന്‍ റൊണാള്‍ഡോയുടെ കട്ടൗട്ട് സ്ഥാപിച്ച് ആരാധകര്‍ രംഗത്തെത്തി. സിആര്‍7 ഫാന്‍സ് എന്നെഴുതിയ കൂറ്റന്‍ കട്ടൗട്ട് ക്രെയിനുപയോഗിച്ച് ഉയര്‍ത്തിയാണ് സ്ഥാപിച്ചത്.

Tags:    

Similar News