വായു മലിനീകരണമെന്ന്; പാരീസില്‍ 60 ശതമാനം കാറുകള്‍ക്കും നിരോധനം

കാര്യക്ഷമത കുറഞ്ഞതും പഴയതുമായ ഏകദേശം 50 ലക്ഷത്തോളം കാറുകള്‍ പാരീസ് നഗരത്തില്‍ ഓടിക്കാന്‍ പാടില്ലെന്നാണ് ഉത്തരവ് ഇറക്കിയിരിക്കുന്നത്. പാരീസിനെയും 79 ഓളം നഗരങ്ങളെയും തമ്മില്‍ ബന്ധിപ്പിക്കുന്ന എ-86 റിങ് റോഡിലേക്ക് ഇത്തരം കാറുകള്‍ പ്രവേശിക്കാന്‍ പാടില്ല.

Update: 2019-06-28 20:25 GMT

പാരീസ്: അമിത വായു മലിനീകരണമുണ്ടാക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി പാരീസ് നഗരത്തില്‍ 60 ശതമാനം കാറുകള്‍ക്കും നിരോധനം ഏര്‍പ്പെടുത്തി. കാര്യക്ഷമത കുറഞ്ഞതും പഴയതുമായ ഏകദേശം 50 ലക്ഷത്തോളം കാറുകള്‍ പാരീസ് നഗരത്തില്‍ ഓടിക്കാന്‍ പാടില്ലെന്നാണ് ഉത്തരവ് ഇറക്കിയിരിക്കുന്നത്. പാരീസിനെയും 79 ഓളം നഗരങ്ങളെയും തമ്മില്‍ ബന്ധിപ്പിക്കുന്ന എ-86 റിങ് റോഡിലേക്ക് ഇത്തരം കാറുകള്‍ പ്രവേശിക്കാന്‍ പാടില്ല. പാരീസില്‍ റെക്കോര്‍ഡ് താപനില രേഖപ്പെടുത്തിയതിന് പിന്നാലെയാണ് നഗരത്തില്‍ കാറുകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്താനുള്ള അധികാരികളുടെ തീരുമാനം.


 നിയമലംഘനം പിടിക്കപ്പെട്ടാല്‍ കാറുകളുടെ ഉടമസ്ഥര്‍ 68 യൂറോ (77 ഡോളര്‍) പിഴ അടയ്ക്കണം. ഇന്ത്യന്‍ രൂപയില്‍ 5340 രൂപയിലേറെയാണ് തുക. വാനുകള്‍ക്ക് 138 യൂറോയാണ് പിഴയായി നിശ്ചയിച്ചിരിക്കുന്നത്. എന്നാല്‍, രാജ്യത്തെ വാഹന ഉടമകള്‍ പുതിയ ഉത്തരവിനെതിരേ പ്രതിഷേധവുമായി രംഗത്തുവന്നിട്ടുണ്ട്. നിയന്ത്രണം ഏര്‍പ്പെടുത്താനും പിഴ ചുമത്താനുമുള്ള തീരുമാനം ശരിയല്ല. കാറുകളുടെ ഉപയോഗം മൂലമല്ല അന്തരീക്ഷ താപനില വര്‍ധിക്കുന്നതെന്നും ചൂട് കൂടാനുള്ള യഥാര്‍ഥ കാരണങ്ങള്‍ക്ക് മേലാണ് നിയന്ത്രണം വേണ്ടതെന്നുമാണ് കാറുടമസ്ഥരുടെ വാദം. അതേസമയം, ജൂലൈ ഒന്നുമുതല്‍ വാഹനങ്ങള്‍ക്ക് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനാണ് പാരീസ് അധികൃതരുടെ തീരുമാനം.

2001-2005 കാലയളവില്‍ രജിസ്റ്റര്‍ ചെയ്ത ഡീസല്‍ കാറുകള്‍ ജൂലൈ ഒന്ന് മുതല്‍ നിരോധിക്കും. 2006 നും 2009 നും ഇടയില്‍ രജിസ്റ്റര്‍ ചെയ്ത ട്രക്കുകളും നിരോധിക്കും. 2006 ജനുവരിയ്ക്കുശേഷം രജിസ്റ്റര്‍ ചെയ്ത പെട്രോള്‍ എന്‍ജിന്‍ കാറുകള്‍ക്കും 2011 ല്‍ രജിസ്റ്റര്‍ ചെയ്ത ഡീസല്‍ കാറുകള്‍ക്കുമാണ് നഗരത്തില്‍ ഓടാന്‍ അനുമതിയുണ്ടാവുക. പാരീസിലെ എ-86 റിങ് റോഡിലേക്ക് പ്രവേശിക്കുന്നതിനാണ് നിരോധനം. ഹൈഡ്രജന്‍ കാറുകളും ഇലക്ട്രിക് കാറുകളും മാത്രം നഗരത്തില്‍ അനുവദിച്ചാല്‍ മതിയെന്നാണ് തീരുമാനം. പാരീസ് സിറ്റി കൗണ്‍സില്‍ പദ്ധതിയുടെ ഭാഗമായി 2030 വരെ ഇത്തരത്തിലുള്ള നിയന്ത്രണങ്ങള്‍ തുടരുമെന്നാണ് അധികൃതര്‍ പറയുന്നത്. 

Tags:    

Similar News