പാരീസ് പോലിസ് ആസ്ഥാനത്ത് ആക്രമണം; നാലു പേരെ കുത്തിക്കൊന്നു, അക്രമിയെ വെടിവച്ച് കൊന്നു
പോലിസ് ആസ്ഥാനത്തെ അഡ്മിനിസ്‌ട്രേറ്റീവ് ഇന്റലിജന്‍സ് ജീവനക്കാരനാണ് ആക്രമിയെന്ന് ഫ്രഞ്ച് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. ക്രുദ്ധനായെത്തിയ ആക്രമി കത്തി ഉപയോഗിച്ച് തന്റെ ഓഫിസിലുണ്ടായിരുന്ന നിരവധി സഹപ്രവര്‍ത്തകരെയും സമീപത്തുള്ളവരെയും കുത്തിവീഴ്ത്തുകയായിരുന്നു.
പാരിസ്: ഫ്രഞ്ച് തലസ്ഥാനമായ പാരീസിലെ പോലിസ് ആസ്ഥാനത്ത് കത്തിയുമായെത്തിയ യുവാവ് നടത്തിയ ആക്രമണത്തില്‍ നാലു ഓഫിസര്‍മാര്‍ കൊല്ലപ്പെട്ടു. അക്രമിയെ സംഭവസ്ഥലത്ത് വച്ച് തന്നെ പോലിസ് വെടിവച്ച് കൊന്നതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നു.
പോലിസ് ആസ്ഥാനത്തെ അഡ്മിനിസ്‌ട്രേറ്റീവ് ഇന്റലിജന്‍സ് ജീവനക്കാരനാണ് ആക്രമിയെന്ന് ഫ്രഞ്ച് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. ക്രുദ്ധനായെത്തിയ ആക്രമി കത്തി ഉപയോഗിച്ച് തന്റെ ഓഫിസിലുണ്ടായിരുന്ന നിരവധി സഹപ്രവര്‍ത്തകരെയും സമീപത്തുള്ളവരെയും കുത്തിവീഴ്ത്തുകയായിരുന്നു. മേലുദ്യോഗസ്ഥരുമായി ഇയാള്‍ നീരസത്തിലായിരുന്നുവെന്നും 'ഭീകരാക്രമണം' അല്ലെന്നും പോലിസ് വൃത്തങ്ങള്‍ അറിയിച്ചു.
ഐടി വിഭാഗത്തില്‍ ജോലി ചെയ്തിരുന്ന ഇയാള്‍ നീണ്ട കാലമായി തന്റെ മേലുദ്യോഗസ്ഥരുമായി തര്‍ക്കത്തിലായിരുന്നുവെന്ന് പോലിസ് വക്താവ് ക്രിസ്റ്റഫര്‍ ക്രെപിന്‍ പറഞ്ഞു. നിരവധി പേര്‍ക്ക് ഗുരുതര പരിക്കേറ്റതായി പാരിസ് മേയര്‍ അന്നെ ഹിഡാല്‍ഗോ സ്ഥിരീകരിച്ചിട്ടുണ്ട്. ജോലി സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തണമെന്ന ആവശ്യമുയര്‍ത്തി 30000 പോലിസുകാര്‍ പാരിസില്‍ മാര്‍ച്ച് നടത്തി ഒരു ദിവസത്തിനു ശേഷമാണ് ആക്രമണം ഉണ്ടായിട്ടുള്ളത്. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി പോലിസ് ആസ്ഥാനത്തിന് സമീപത്തെ മെട്രോ സ്‌റ്റേഷന്‍ അടച്ചിട്ടുണ്ട്.ഫ്രാന്‍സിന്റെ ആഭ്യന്തര മന്ത്രി ക്രിസ്റ്റഫര്‍ കാസ്റ്റനെര്‍ ആക്രമിക്കപ്പെട്ട പോലിസ് ആസ്ഥാനം സന്ദര്‍ശിക്കും.