താജ് മഹലിനു ഇടിമിന്നലില്‍ കേടുപാട്
കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി ലോകത്തെ സപ്താല്‍ഭുതങ്ങളിലൊന്നായ രാജ്യത്തെ ഏറ്റവും മികച്ച വിനോദ സഞ്ചാര കേന്ദ്രം മാര്‍ച്ച് പകുതി മുതല്‍ അടച്ചിട്ടിരിക്കുകയാണ്
ആഗ്ര: ലോകാല്‍ഭുതങ്ങളിലൊന്നായ ആഗ്രയിലെ താജ്മഹലിനു ഇടിമിന്നലില്‍ കേടുപാട്. രാജ്യത്തിന്റെ വടക്കന്‍ ഭാഗങ്ങളിലുണ്ടായ ശക്തമായ ഇടിമിന്നലിലാണ് താജ്മഹല്‍ സമുച്ചയത്തിന്റെ പ്രധാന കവാടത്തിലെ താഴികക്കുടങ്ങള്‍ക്ക് താഴെയായി ഒരു റെയിലിങ് തകര്‍ന്നതെന്ന് അധികൃതര്‍ അറിയിച്ചു.
കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി ലോകത്തെ സപ്താല്‍ഭുതങ്ങളിലൊന്നായ രാജ്യത്തെ ഏറ്റവും മികച്ച വിനോദ സഞ്ചാര കേന്ദ്രം മാര്‍ച്ച് പകുതി മുതല്‍ അടച്ചിട്ടിരിക്കുകയാണ്. വെള്ളിയാഴ്ച രാത്രിയുണ്ടായ ശക്തമായ കാറ്റിലാണ് കെട്ടിടത്തിനു കേടുപാട് സംഭവിച്ചത്. പിന്നീട് കൂട്ടിച്ചേര്‍ത്ത ഒരു മാര്‍ബിള്‍ റെയിലിങിനും ടൂറിസ്റ്റ് ഏരിയയിലെ സീലിങ്ങിനും പ്രധാന ഗേറ്റിന്റെ ഒരുഭാഗത്തെ കല്ലിനുമാണ് കേടുപാട് സംഭവിച്ചതെന്ന് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ സൂപ്രണ്ടിങ് ആര്‍ക്കിയോളജിസ്റ്റ് വസന്ത് കുമാര്‍ സ്വാര്‍ക്കര്‍ എഎഫ്പിയോട് പറഞ്ഞു. 1631ല്‍ മരണപ്പെട്ട തന്റെ പ്രിയതമ മുംതാസ് മഹലിന്റെ സ്മരണയ്ക്കായി മുഗള്‍ ചക്രവര്‍ത്തി ഷാജഹാന്‍ പണികഴിപ്പിച്ച സ്മാരകത്തിന്റെ പ്രധാന ഘടനയ്ക്ക് ഒരു നാശനഷ്ടവും സംഭവിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഉത്തര്‍പ്രദേശിലെ രണ്ടു ജില്ലകളില്‍ വെള്ളിയാഴ്ചയുണ്ടായ ഇടിമിന്നലും കാറ്റിലും 13 പേര്‍ മരണപ്പെട്ടിരുന്നു. കഴിഞ്ഞ വര്‍ഷം മധ്യപ്രദേശില്‍ ആഗസ്ത്, സെപ്തംബര്‍ മാസങ്ങളില്‍ ഇടിമിന്നലില്‍ 150 പേരാണ് മരണപ്പെട്ടത്.