പാട്യാല സംഘര്‍ഷം:മൂന്ന് പോലിസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി;ഇന്റര്‍നെറ്റ് സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തലാക്കി
പാട്യാല ഐജി, എസ്എസ്പി, എസ്പി എന്നിവരെയാണ് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്‍ സ്ഥലം മാറ്റിയത്
പാട്യാല: പഞ്ചാബിലെ പാട്യാല ജില്ലയില്‍ നടന്ന സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ മൂന്നു ഉന്നത പോലിസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി.മുഖ്യമന്ത്രി ഭഗവന്ത് മാന്റെ നിര്‍ദേശപ്രകാരമാണ് നടപടി. പാട്യാല ഐജി, എസ്എസ്പി, എസ്പി എന്നിവരെയാണ് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്‍ സ്ഥലം മാറ്റിയത്.
പഞ്ചാബിന്റെ സമാധാനം തകര്‍ക്കാന്‍ ആരെയും അനുവദിക്കില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി നിലവില്‍ സ്ഥിതിഗതികള്‍ സമാധാനപരമാണെന്നും അറിയിച്ചു.പാട്യാലയില്‍ മൊബൈല്‍ ഇന്റര്‍നെറ്റ്, എസ്എംഎസ് സേവനങ്ങള്‍ ഇന്നു രാവിലെ 9.30 മുതല്‍ വൈകീട്ട് 6 വരെ നിര്‍ത്തലാക്കിയിട്ടുണ്ട്. ഇന്നലെ പാട്യാലയില്‍ 11 മണിക്കൂര്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരുന്നു.സംഭവത്തില്‍ പഞ്ചാബ് ഡിജിപിയോട് ഭഗവന്ത് മാന്‍ റിപോര്‍ട്ട് തേടിയിരുന്നു. ഇതിനിടെ ജില്ലാ ഭരണകൂടം സമാധാനം പാലിക്കണമെന്നും, ഇരുവിഭാഗങ്ങളും സംഘര്‍ഷം ഒഴിവാക്കണമെന്നും ആഹ്വാനം ചെയ്തു. തര്‍ക്കങ്ങള്‍ ഒരു ചര്‍ച്ച സംഘടിപ്പിച്ച് പറഞ്ഞുതീര്‍ക്കാമെന്നും, ഒരു തരത്തിലും അക്രമം പാടില്ലെന്നും ജില്ലാ ഭരണകൂടം നേരത്തെ അറിയിച്ചിരുന്നു.
ഇന്നലെയാണ് പട്യാല നഗരത്തില്‍ രണ്ടു വിഭാഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടിയത്.ശിവസേന ബാല്‍താക്കറെ വിഭാഗവും സിഖ് വിഭാഗവും തമ്മിലാണ് ഏറ്റുമുട്ടലുണ്ടായത്. ശിവസേനക്കാര്‍ ഖാലിസ്ഥാന്‍ മൂര്‍ദാബാദ് എന്ന് മുദ്രാവാക്യം മുഴക്കിയതാണ് പ്രകോപനമായത്. രണ്ട് വിഭാഗവും വാളുകള്‍ എടുത്തുവീശി.പോലിസ് അനുമതി ഇല്ലാതെയാണ് ശിവസേന ഖാലിസ്ഥാന്‍ വിരുദ്ധ മാര്‍ച്ച് നടത്തിയത്.
മണിക്കൂറുകളോളം പാട്യാല നഗരത്തില്‍ തുടര്‍ന്ന സംഘര്‍ഷത്തെ പോലിസ് ഏറെ പണിപ്പെട്ടാണ് നിയന്ത്രണവിധേയമാക്കിയത്.ആകാശത്തേക്ക് വെടിവച്ചും ടിയര്‍ ഗ്യാസ് പ്രയോഗിച്ചുമാണ് പോലിസ് സംഘര്‍ഷാവസ്ഥ ചെറുത്തത്.രണ്ടു പോലിസുകാര്‍ക്ക് അടക്കം നാലുപേര്‍ക്ക് സംഘര്‍ഷത്തില്‍ പരുക്കേറ്റു.