റണ്‍വേക്ക് മുകളില്‍ പട്ടം: തിരുവനന്തപുരത്ത് നാലു വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു

റണ്‍വേക്ക് 200 അടിയോളം മുകളിലായി പട്ടം പറന്നത് രണ്ട് മണിക്കൂര്‍ വ്യോമഗതാഗതം അലങ്കോലമാക്കിയതായി അധികൃതര്‍ അറിയിച്ചു

Update: 2024-12-08 03:08 GMT

തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെ വിമാനപാതക്ക് മുകളില്‍ പട്ടം പറന്നത് നാലു വിമാനങ്ങള്‍ വഴിതിരിച്ചുവിടാന്‍ കാരണമായി. റണ്‍വേക്ക് 200 അടിയോളം മുകളിലായി പട്ടം പറന്നത് രണ്ട് മണിക്കൂര്‍ വ്യോമഗതാഗതം അലങ്കോലമാക്കിയതായി അധികൃതര്‍ അറിയിച്ചു. രണ്ട് വിമാനങ്ങളുടെ യാത്ര താല്‍ക്കാലികമായി നിര്‍ത്തിവക്കേണ്ടിയും വന്നു.

ഇന്നലെ വൈകീട്ട് 4.20 ഓടെ മസ്‌ക്കറ്റില്‍ നിന്നെത്തിയ എയര്‍ ഇന്ത്യാ എക്‌സ്പ്രസ്, ഷാര്‍ജയില്‍ നിന്നെത്തിയ എയര്‍ അറേബ്യ, ഡല്‍ഹിയില്‍ നിന്നെത്തിയ എയര്‍ ഇന്ത്യ, ബംഗളൂരുവില്‍ നിന്നെത്തിയ ഇന്‍ഡിഗോ എന്നീ വിമാനങ്ങളെയാണ് ഇറങ്ങുന്നതിന് അനുമതി നല്‍കാതെ ആകാശത്ത് തങ്ങുന്നതിനുളള ഗോ എറൗണ്ടിന് പോയ് വരാന്‍ നിര്‍ദേശിച്ചത്. വൈകീട്ടോടെ ഹൈദരാബാദിലേക്ക് പുറപ്പെടേണ്ടിയിരുന്ന എയര്‍ ഇന്ത്യാ എക്‌സ്പ്രസ്, ബെംഗ്ലുരുവിലേക്ക് പോകണ്ടിയിരുന്ന ഇന്‍ഡിഗോ എന്നി വിമാനങ്ങളാണ് ബേയില്‍ നിര്‍ത്തിയിട്ടത്.

റണ്‍വേക്ക് മുകളില്‍ പട്ടം പറക്കുന്നത് ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് കനത്ത സുരക്ഷയാണ് അധികൃതര്‍ ഏര്‍പ്പെടുത്തിയത്. പട്ടം താഴെയിറക്കാന്‍ അഗ്നിശമന സേനയും മറ്റ് സുരക്ഷാ ഉദ്യോഗസ്ഥരും എത്തി. അഗ്‌നിശമന സേനയുടെ വാഹനത്തില്‍ നിന്ന് പട്ടം നില്‍ക്കുന്ന ഭാഗത്തേക്ക് ഉയരത്തില്‍ വെളളം ചീറ്റിച്ചു. പക്ഷികളെ തുരത്തിയോടിക്കുന്ന സംവിധാനം ഉപയോഗിച്ചെങ്കിലും പട്ടത്തെ നശിപ്പിക്കാന്‍ ആയില്ല. വൈകീട്ട് 6.20ഓടെ പട്ടം താഴെ പതിച്ചു. ഇതോടെയാണ് വ്യോമഗതാഗതം വീണ്ടും തുടങ്ങിയത്. പട്ടം പറത്തിയവര്‍ക്കായി പോലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Similar News