പെഗാസസ് കേസ്;ഫോണുകളില്‍ ചാര സോഫ്റ്റ്‌വെയറുകള്‍ കണ്ടെത്തി
29 ഫോണുകളില്‍ അഞ്ചെണ്ണത്തില്‍ ചാര സോഫ്റ്റ്‌വെയറുകള്‍ കണ്ടെത്തിയതായി സുപ്രിംകോടതി. ഇതു പെഗാസസ് ആണോയെന്ന് വ്യക്തമല്ലെന് സുപ്രിംകോടതി വ്യക്തമാക്കി.കേന്ദ്രസര്‍ക്കാര്‍ അന്വേഷണവുമായി സഹകരിച്ചില്ലെന്നും സമിതി കോടതിയില്‍ സമര്‍പ്പിച്ച റിപോര്‍ട്ടില്‍ പറയുന്നു
ന്യൂഡല്‍ഹി: പെഗാസസ് കേസില്‍ വിദഗ്ധ സമിതി പരിശോധിച്ച 29 ഫോണുകളില്‍ അഞ്ചെണ്ണത്തില്‍ ചാര സോഫ്റ്റ്‌വെയറുകള്‍ കണ്ടെത്തിയതായി സുപ്രിംകോടതി. ഇതു പെഗാസസ് ആണോയെന്ന് വ്യക്തമല്ലെന്നും,പരിശോധിക്കേണ്ടുണ്ടെന്നും സുപ്രിംകോടതി വ്യക്തമാക്കി.കേന്ദ്രസര്‍ക്കാര്‍ അന്വേഷണവുമായി സഹകരിച്ചില്ലെന്നും സമിതി കോടതിയില്‍ സമര്‍പ്പിച്ച റിപോര്‍ട്ടില്‍ പറയുന്നു.
അതീവ രഹസ്യവിവരങ്ങള്‍ അടങ്ങിയതിനാല്‍ റിപ്പോര്‍ട്ടിന്റെ വിശദാംശങ്ങള്‍ കോടതി പുറത്തുവിട്ടിട്ടില്ല.സമിതി റിപോര്‍ട്ട് എത്രമാത്രം പരസ്യമാക്കാനാവും എന്നതു വിശദമായി പരിശോധിക്കേണ്ടതുണ്ടെന്നും കോടതി അറിയിച്ചു.ഫോണ്‍ ചോര്‍ത്തലിനെ കുറിച്ച് അന്വേഷിക്കാന്‍ സുപ്രിംകോടതി നിയോഗിച്ച ജസ്റ്റിസ് ആര്‍ വി രവീന്ദ്രന്‍ അധ്യക്ഷനായ സമിതിയാണ് വിശദമായ റിപോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചത്. ചീഫ് ജസ്റ്റിസ് എന്‍ വി രമണയെ കൂടാതെ ജസ്റ്റിസുമാരായ സൂര്യകാന്ത്, ഹിമ കോഹ്‌ലി എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് റിപോര്‍ട്ട് പരിശോധിച്ചത്.
അന്വേഷണത്തിന്റെ ഭാഗമായി മാധ്യമ പ്രവര്‍ത്തകരായ എന്‍ റാം, സിദ്ധാര്‍ഥ് വരദരാജന്‍, രാജ്യസഭാ അംഗം ജോണ്‍ ബ്രിട്ടാസ് എന്നിവരുള്‍പ്പെടെയുള്ളവരുടെ മൊഴികള്‍ മൊഴി ജസ്റ്റിസ് രവീന്ദ്രന്റെ അധ്യക്ഷതയിലുള്ള സമിതി രേഖപ്പെടുത്തിയിരുന്നു.ഇതിന് പുറമെ ചോര്‍ത്തപ്പെട്ട ചില ഫോണുകള്‍ സാങ്കേതിക പരിശോധനയ്ക്ക് വിധേയമാക്കുകയും ചെയ്തു.
സാമൂഹിക പ്രവര്‍ത്തകരും രാഷ്ട്രീയപ്രവര്‍ത്തരും മുന്‍ ജഡ്ജിമാരുമടക്കും 142 പേരുടെ ഫോണുകള്‍ ചോര്‍ത്താന്‍ ഇസ്രയേല്‍ ചാര സോഫ്റ്റ്‌വെയറായ പെഗാസസ് ഉപയോഗിച്ചുവെന്നതായിരുന്നു കേസ്.എന്നാല്‍ ചോര്‍ത്തലിനായി പെഗാസസ് ഉപയോഗിച്ചിട്ടില്ലെന്ന് സര്‍ക്കാര്‍ പാര്‍ലിമെന്റില്‍ വ്യക്തമാക്കിയെങ്കിലും സര്‍ക്കാറുകള്‍ക്ക് മാത്രമേ തങ്ങള്‍ സോഫ്റ്റ്‌വെയര്‍ വില്‍ക്കാറുള്ളൂ എന്നായിരുന്നു നിര്‍മ്മാതാക്കളായ എന്‍എസ്ഒ ഗ്രൂപ്പിന്റെ വിശദീകരണം.
മിസൈല്‍ സംവിധാനം ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ക്കായുള്ള 2 ബില്യണ്‍ ഡോളറിന്റെ (13000 കോടി) സൈനിക പാക്കേജിന്റെ ഭാഗമായി 2017ല്‍ ഇന്ത്യ പെഗാസസ് വാങ്ങിയിരുന്നു എന്ന് അന്താരാഷ്ട്ര മാധ്യമമായ ന്യൂയോര്‍ക്ക് ടൈംസ് റിപോര്‍ട്ട് ചെയ്തിരുന്നു. 2017 ജൂലൈയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇസ്രായേല്‍ സന്ദര്‍ശിച്ചതിന് പിന്നാലെയായിരുന്നു ആയുധ കരാര്‍ തയ്യാറായത് എന്നും റിപോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ബെന്യാമിന്‍ നെതന്യാഹു പ്രധാനമന്ത്രിയായിരിക്കെ 2017 ജൂലൈയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ ഇസ്രയേല്‍ സന്ദര്‍ശനത്തിനു ശേഷമാണ് ഇന്ത്യയില്‍ പെഗാസസ് ഉപയോഗിച്ചുള്ള ഫോണ്‍ ചോര്‍ത്തല്‍ വ്യാപകമായതെന്ന് നേരത്തെ തന്നെ റിപോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.