പെഗാസസ് ചാര സോഫ്റ്റ്‌വെയര്‍: ഇസ്രായേല്‍ സ്ഥാപനമായ എന്‍എസ്ഒ ഗ്രൂപ്പിനെ കരിമ്പട്ടികയില്‍ പെടുത്തി യുഎസ്
സാങ്കേതിക കമ്പനിയായ എന്‍എസ്ഒ വിദേശ ഗവണ്‍മെന്റുകള്‍ക്കായി സ്‌പൈവെയര്‍ വികസിപ്പിക്കുകയും വിതരണം ചെയ്യുകയും ചെയ്‌തെന്ന് ആരോപിച്ചാണ് നടപടി
വാഷിങ്ടണ്‍: ബൈഡന്‍ ഭരണകൂടം ഇസ്രായേല്‍ സ്ഥാപനമായ എന്‍എസ്ഒ ഗ്രൂപ്പിനെ കരിമ്പട്ടികയില്‍ പെടുത്തി. സാങ്കേതിക കമ്പനിയായ എന്‍എസ്ഒ വിദേശ ഗവണ്‍മെന്റുകള്‍ക്കായി സ്‌പൈവെയര്‍ വികസിപ്പിക്കുകയും വിതരണം ചെയ്യുകയും ചെയ്‌തെന്ന് ആരോപിച്ചാണ് നടപടി. 'മാധ്യമപ്രവര്‍ത്തകര്‍, ആക്ടിവിസ്റ്റുകള്‍ ഉള്‍പ്പെടെ വിവിധ ശ്രേണിയിലുള്ളവരെ ലക്ഷ്യം വയ്ക്കാന്‍ 'ഈ ഉപകരണങ്ങള്‍ ക്ഷുദ്രകരമായി ഉപയോഗിച്ചെന്ന്' ചൂണ്ടിക്കാട്ടിയാണ് നടപടി.
യുഎസ് വിദേശനയത്തിനും ദേശീയ സുരക്ഷയ്ക്കും വിരുദ്ധമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നതായി കണക്കാക്കപ്പെടുന്ന കമ്പനികളുടെ എന്റിറ്റി ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന നാല് സ്ഥാപനങ്ങളില്‍ എന്‍എസ്ഒ ഗ്രൂപ്പും ഉള്‍പ്പെടുന്നുവെന്ന് യുഎസ് വാണിജ്യ വകുപ്പ് ബുധനാഴ്ച പ്രസ്താവനയില്‍ പറഞ്ഞു.
സ്ഥാപനത്തിന്റെ പെഗാസസ് സ്‌പൈവെയര്‍ വിവിധ രാജ്യങ്ങളുടെ സൈന്യവും ഏകാധിപത്യ ഭരണകൂടങ്ങളും ഉപയോഗിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ നടത്തിയ അന്വേഷണത്തില്‍ ഈ വര്‍ഷം ആദ്യം പുറത്തുവന്നത് ലോകമാസകലം വന്‍ കോളിളക്കം സൃഷ്ടിച്ചിരുന്നു. യുഎസ് വ്യാപാര നിയന്ത്രണങ്ങള്‍ നേരിടുന്ന എന്റിറ്റി ലിസ്റ്റില്‍ ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ ഹുവായ് ഉള്‍പ്പെടുന്നു.