അഞ്ചിടത്ത് എഐഎംഐഎം; ബിഹാര്‍ ജനതയ്ക്ക് നന്ദി അറിയിച്ച് അസദുദ്ദീന്‍ ഉവൈസി
മുസ്‌ലിം വോട്ടുകള്‍ നിര്‍ണാകയമായ സീമാഞ്ചല്‍ മേഖലയിലാണ് പാര്‍ട്ടി മുന്നേറ്റം നടത്തിയത്.
പറ്റ്‌ന: ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ അഞ്ചിടങ്ങില്‍ വെന്നിക്കൊടി പാറിച്ച് അസദുദ്ദീന്‍ ഉവൈസി നേതൃത്വം നല്‍കുന്ന ആള്‍ ഇന്ത്യാ ഇത്തിഹാദുല്‍ മുസ്‌ലിമീന്‍ (എഐഎംഐഎം). മുസ്‌ലിം വോട്ടുകള്‍ നിര്‍ണാകയമായ സീമാഞ്ചല്‍ മേഖലയിലാണ് പാര്‍ട്ടി മുന്നേറ്റം നടത്തിയത്. മുന്‍ കേന്ദ്രമന്ത്രി ഉപേന്ദ കുശ്‌വാ നേതൃത്വം നല്‍കുന്ന ആര്‍എല്‍എസ്പി, ബിഎസ്പി എന്നീ പാര്‍ട്ടികളുമായി സഖ്യം രൂപീകരിച്ച് 24 ഇടങ്ങളിലാണ് പാര്‍ട്ടി മല്‍സരിച്ചത്. ഇതില്‍ മുസ്‌ലിം വോട്ടുകള്‍ നിര്‍ണായകമായ സീമാഞ്ചല്‍ മേഖലയില്‍ 14 മണ്ഡലങ്ങളിലാണ് എഐഎംഐഎം സ്ഥാനാര്‍ഥികളെ നിര്‍ത്തിയത്.
അക്തറുല്‍ ഈമാന്‍, ഇസ്ഹര്‍ അസ്ഫി, ഷാനവാസ് ആലം, റുക്‌നുദ്ധീന്‍, അന്‍സാര്‍ നഈമി എന്നിവരാണ് പാര്‍ട്ടി ചിഹ്നത്തില്‍ മല്‍സരിച്ച് ജയിച്ചത്. അതേസമയം, തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഫലം ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.
അമോര്‍ നിയമസഭാ മണ്ഡലത്തില്‍നിന്നാണ് അക്തറുല്‍ ഈമാന്‍ വിജയിച്ചത്. കിഷന്‍ഗഞ്ച് ജില്ലയിലെ കോച്ചാധാമന്‍ മണ്ഡലത്തില്‍നിന്നാണ് ഇസ്ഹര്‍ അസ്ഫി ജയിച്ചു കയറിയത്.
അതേസമയം, നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒപ്പം നിന്ന ബിഹാറിലെ ജനങ്ങള്‍ക്ക് എഐഎംഐഎം അധ്യക്ഷന്‍ അസദുദ്ദീന്‍ ഉവൈസി നന്ദി അറിയിച്ചു.ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനം പാലിക്കുമെന്ന് ഉവൈസി വ്യക്തമാക്കി.
ആര്‍ജെഡി ഉള്‍പ്പെട്ട മഹാസഖ്യം സര്‍ക്കാര്‍ ഉണ്ടാക്കാന്‍ ക്ഷണിച്ചാല്‍ ഒപ്പം ചേരുമോ എന്ന ചോദ്യത്തിന് ഔദ്യോഗിക ഫലപ്രഖ്യാപനത്തിന് ശേഷം മാത്രമേ തീരുമാനം എടുക്കൂവെന്നും ഒവൈസി വ്യക്തമാക്കി. ബിഹാറില്‍ മൂന്ന് സീറ്റുകളില്‍ വിജയിച്ച എഐഎംഐഎം രണ്ട് സീറ്റുകളില്‍ മുന്നേറ്റം തുടരുകയാണ്. ന്യൂനപക്ഷ വോട്ടുകള്‍ സമാഹരിക്കാന്‍ സാധിച്ചതാണ് നിര്‍ണായക വിജയത്തിലേക്ക് എഐഎംഐഎമ്മിനെ എത്തിച്ചത്.
ന്യൂനപക്ഷ കേന്ദ്രീകൃത മണ്ഡലങ്ങളില്‍ മഹാസഖ്യത്തിനായി കോണ്‍ഗ്രസായിരുന്നു മത്സരിച്ചത്. കോണ്‍ഗ്രസിനൊപ്പം നില്‍ക്കാതെ ന്യൂനപക്ഷ വിഭാഗങ്ങള്‍ ഒവൈസിയെ പിന്തുണച്ചെന്നത് ബിഹാറില്‍ ഒരു പുതിയ മുന്നേറ്റത്തിന് തുടക്കം കുറിക്കുകയാണ്.