ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരേ പ്രതിഷേധിച്ച വിദ്യാര്‍ഥികള്‍ക്കെതിരേ യുഎപിഎ ചുമത്തുന്നത് തുടരുന്നു. ആക്റ്റിവിസ്റ്റും ജവഹര്‍ലാല്‍ നെഹ്‌റു യൂനിവേഴ്‌സിറ്റി വിദ്യാര്‍ഥിനിയും പിഞ്ച്‌റ തോഡ് സ്ത്രീപക്ഷ കൂട്ടായ്മയുടെ നേതാവുമായ നടാഷ നര്‍വാളിനെതിരേയാണ് ഇപ്പോള്‍ യുഎപിഎ ചുമത്തിയത്. ഡല്‍ഹിയില്‍ നടന്ന കലാപത്തില്‍ പങ്കുണ്ടെന്ന് ആരോപിച്ചാണ് ഡല്‍ഹി പോലിസ് യുഎപിഎ ചുമത്തിയത്.
ഇക്കഴിഞ്ഞ ഫെബ്രുവരി 22 ന് ജാഫറാബാദ് മെട്രോ സ്‌റ്റേഷനു സമീപം സിഎഎ വിരുദ്ധ സമരത്തില്‍ പങ്കെടുത്തതിന് നടാഷ നര്‍വാളിനും സുഹൃത്ത് ദേവാംഗന കലിതയൈയും ഇക്കഴിഞ്ഞ ശനിയാഴ്ച പോലിസ് അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് ഡല്‍ഹി പോലിസ് ഇരുവരെയും ചോദ്യംചെയ്യാന്‍ കസ്റ്റഡിയില്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും കോടതി നിരസിക്കുകയും ജാമ്യം അനുവദിക്കുകയും ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് ഡല്‍ഹി കലാപത്തില്‍ പങ്കുണ്ടെന്ന കള്ളക്കേസില്‍ ഇവരെ അറസ്റ്റ് ചെയ്തത്. ഈ കേസില്‍ രണ്ടുദിവസം കസ്റ്റഡിയില്‍ വാങ്ങുകയും ചോദ്യം ചെയ്ത ശേഷം ഗൂഡാലോചന കുറ്റം ആരോപിച്ച് യുഎപിഎ ചുമത്തുകയുമായിരുന്നു. ഇരുവരെയും ജൂണ്‍ 11 വരെ കോടതി റിമാന്റ് ചെയ്തു.
നേരത്തേ, ഗര്‍ഭിണിയായ സഫൂറ സര്‍ഗര്‍, ഉമര്‍ ഖാലിദ്, മീരാന്‍ ഹൈദര്‍, ആസിഫ് ഇഖ്ബാല്‍ തന്‍ഹ തുടങ്ങി ഒമ്പത് വിദ്യാര്‍ഥികള്‍ക്കെതിരേയാണ് യുഎപിഎ ചുമത്തിയത്.