കടല്‍കൊള്ളക്കാര്‍ തുര്‍ക്കി കപ്പല്‍ ആക്രമിച്ചു; ഒരാള്‍ കൊല്ലപ്പെട്ടു, 15 നാവികരെ തട്ടിക്കൊണ്ടുപോയി
നൈജീരിയന്‍ തുറമുഖമായ ലാഗോസില്‍നിന്ന് ദക്ഷിണാഫ്രിക്കയിലെ ക്യാപ്ടൗണിലേക്ക് പുറപ്പെട്ട ലൈബീരിയന്‍ പതാക വഹിച്ച എം/വി മൊസാര്‍ട്ട് എന്ന ചരക്ക് കപ്പലിനു നേരെയാണ് ആക്രമണമുണ്ടായത്.
ആങ്കറ: പശ്ചിമാഫ്രിക്കന്‍ തീരത്ത് വച്ച് തുര്‍ക്കി ചരക്ക് കപ്പലിനെ കടല്‍ക്കൊള്ളക്കാര്‍ ആക്രമിച്ചു. സംഘം 15 നാവികരെ തട്ടിക്കൊണ്ടുപോവുകയും ഒരാളെ വധിക്കുകയും ചെയ്തു.
കടല്‍കൊള്ളക്കാര്‍ ആക്രമണഭീഷണി മുഴക്കിയെത്തിയതോടെ കപ്പല്‍ ജീവനക്കാര്‍ കപ്പലിലെ സുരക്ഷിത മേഖലയിലേക്ക് നീങ്ങുകയും അകത്തുനിന്നു പൂട്ടുകയും ചെയ്തിരുന്നു. എന്നാല്‍, കടല്‍ക്കൊള്ളക്കാര്‍ ആറുമണിക്കൂറിനുശേഷം ബലമായി അകത്തേക്ക് പ്രവേശിക്കുകയായിരുന്നു. നൈജീരിയന്‍ തുറമുഖമായ ലാഗോസില്‍നിന്ന് ദക്ഷിണാഫ്രിക്കയിലെ ക്യാപ്ടൗണിലേക്ക് പുറപ്പെട്ട ലൈബീരിയന്‍ പതാക വഹിച്ച എം/വി മൊസാര്‍ട്ട് എന്ന ചരക്ക് കപ്പലിനു നേരെയാണ് ആക്രമണമുണ്ടായത്.
അസര്‍ബൈജാന്‍ സ്വദേശിയായ എഞ്ചിനീയര്‍ ഫര്‍മാന്‍ ഇസ്മായിലോവ് ആണ് കൊല്ലപ്പെട്ടത്. ഏതാനും ജീവനക്കാരെ ഗള്‍ഫ് ഓഫ് ഗിനിയില്‍വച്ച് കപ്പലില്‍ ഉപേക്ഷിച്ച് ഭൂരിഭാഗം ജീവനക്കാരെയും കൂടെകൂട്ടിയാണ് കടല്‍കൊള്ളക്കാര്‍ കടന്നത്. കപ്പല്‍ ഇപ്പോള്‍ ഗാബോണിലെ ജെന്റില്‍ തുറമുഖത്തേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണെന്ന് അനദൊളു വാര്‍ത്താ ഏജന്‍സി അറിയിച്ചു.
കപ്പലില്‍ ശേഷിക്കുന്ന മുതിര്‍ന്ന ഉദ്യോഗസ്ഥനായ ഫുര്‍കാന്‍ യാരനുമായി രണ്ട് തവണ സംസാരിച്ചതായി തുര്‍ക്കി പ്രസിഡന്റ് ഉര്‍ദുഗാന്‍ ട്വീറ്റ് ചെയ്തു.തട്ടിക്കൊണ്ടുപോയ ജീവനക്കാരെ വീണ്ടെടുക്കാന്‍ ഉര്‍ദുഗാന്‍ സൈന്യത്തിന് ഉത്തരവ് നല്‍കിയിട്ടുണ്ട്.കടല്‍ക്കൊള്ളക്കാര്‍ ക്രൂ അംഗങ്ങളെ മര്‍ദ്ദിച്ചുവെന്നും തനിക്ക് കാലിന് പരിക്കേറ്റതായും കപ്പലിലെ മറ്റൊരാള്‍ക്ക് ചെറിയ മുറിവുകളുണ്ടെന്നും യാരന്‍ പറഞ്ഞു.