പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി: കാംപസ് ഫ്രണ്ട് ഡിഡിഇ ഓഫീസ് മാര്‍ച്ചിനു നേരെ പോലിസ് അതിക്രമം
പത്താം തരത്തില്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയിട്ടും ആയിരക്കണക്കിന് വിദ്യാര്‍ഥികളുടെ തുടര്‍ വിദ്യാഭ്യാസം ആശങ്കയിലാണ്.
കണ്ണൂര്‍: മലബാര്‍ ജില്ലകളില്‍ പ്ലസ്‌വണ്‍ സീറ്റിന്റെ പ്രതിസന്ധി ഉയര്‍ത്തിപ്പിടിച്ച് കാംപസ് ഫ്രണ്ട് കണ്ണൂര്‍ ജില്ല കമ്മിറ്റി ഡി ഡി ഇ ഓഫിസിലേക്ക് നടത്തിയ മാര്‍ച്ചിനു നേരെ പോലിസ് അതിക്രമം. ചെറിയ തോതിലുളള ബലപ്രയോഗവും നടന്നു. നിരവധി നേതാക്കളെയും വിദ്യാര്‍ത്ഥികളെയും പോലിസ് അറസ്റ്റ് ചെയ്തു.
പുതിയ സ്ഥിരം ബാച്ചുകളാണ് പരിഹാരം, സര്‍ക്കാറിന്റെ വഞ്ചനാപരമായ ഒത്തുതീര്‍പ്പിന് വിട്ട് തരില്ല എന്ന മുദ്രാവാക്യമുയര്‍ത്തി നടത്തിയ പ്രതിഷേധ മാര്‍ച്ച് കാംപസ് ഫ്രണ്ട് സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് ഷാന്‍ ഉദ്ഘാടനം ചെയ്തു. പത്താം തരത്തില്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയിട്ടും ആയിരക്കണക്കിന് വിദ്യാര്‍ഥികളുടെ തുടര്‍ വിദ്യാഭ്യാസം ആശങ്കയിലാണ്. അവരുടെ ആശങ്ക സര്‍ക്കാറിന് മുന്നില്‍ അവതരിപ്പിച്ചിട്ടും അനങ്ങാപ്പാറ നയമാണ് സര്‍ക്കാര്‍ കാണിക്കുന്നത്. മലബാര്‍ ജില്ലകളിലെ സീറ്റ് പ്രശ്‌നം കാലങ്ങളായി കാംപസ് ഫ്രണ്ട് ഉയര്‍ത്തുന്നതാണ്. അനുയോജ്യമായ ഇടപെടല്‍ പെട്ടെന്നില്ലെങ്കില്‍ പ്രതിഷേധ സമരങ്ങളുടെ രൂപം മാറുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ജില്ല പ്രസിഡന്റ് സി കെ ഉനൈസ് അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി എ എന്‍ നിഹാദ്, കമ്മിറ്റി അംഗം ഫാത്തിമ ഷെറിന്‍ സംസാരിച്ചു.ജില്ലാ പ്രസിഡന്റ് സി കെ ഉനൈസ് ഉള്‍പ്പെടെ നിരവധി വിദ്യാര്‍ത്ഥികളെ പോലിസ് അറസ്റ്റുചെയ്തു നീക്കി.