സംഘപരിവാര അജണ്ടകൾക്ക് ഓശാന പാടുന്ന ദേശീയ ന്യുനപക്ഷ കമ്മീഷൻ അപകടകരം: പി എം ജസീല
ഭഗവത് ഗീത ഹിന്ദുമത പ്രമാണമാണെന്നിരിക്കെ തത്വചിന്തകൾ പഠിപ്പിക്കാൻ അത് തിരഞ്ഞെടുത്തത് ദുരൂഹമാണ്
കോഴിക്കോട്: ഹിജാബ് വിഷയത്തിൽ ദേശീയ ന്യൂനപക്ഷ കമ്മീഷന്റെ പ്രസ്താവന നിരുത്തരവാദിത്തപരവും മുസ്‌ലിം സമുദായത്തെ അപമാനിക്കുന്നതുമാണെന്ന് നാഷണൽ വിമൻസ് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് പി എം ജസീല. ഹിന്ദുത്വ അജണ്ടകൾ ന്യൂനപക്ഷങ്ങളുടെ മേൽ അടിച്ചേൽപ്പിക്കുന്ന കാഴ്ചയാണ് ഹിജാബ് വിഷയത്തിൽ കർണാടക ഹൈകോടതി വിധിയിലൂടെ നാം കണ്ടത് . ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കേണ്ടവർ തന്നെ അവരുടെ ഭരണഘടനാവകാശ നിഷേധങ്ങളെ ന്യായീകരിച്ചു കൊണ്ട് രംഗത്തു വരുന്നത് അപകടകരമാണ് .
ഭഗവത് ഗീത ഹിന്ദുമത പ്രമാണമാണെന്നിരിക്കെ തത്വചിന്തകൾ പഠിപ്പിക്കാൻ അത് തിരഞ്ഞെടുത്തത് ദുരൂഹമാണെന്നും വിദ്യാലയങ്ങളിൽ ഖുർആൻ പഠിപ്പിക്കുന്നതിനെ എതിർക്കില്ലെന്ന് പറയുന്ന കമ്മീഷൻ എന്ത് കൊണ്ട് അങ്ങനെ ഒരു ആവശ്യം മുന്നോട്ടുവെക്കാൻ തയ്യാറാവുന്നില്ല എന്നും അവർ ചോദിച്ചു.
മുസ്‌ലിംകൾ അവരുടെ മത പ്രമാണങ്ങൾ പഠിക്കുന്നതിനെ സംശയത്തിന്റെ നിഴലിൽ നിർത്തുന്ന ഒരു പ്രസ്താവനയാണ് മദ്രസ വിദ്യാഭ്യാസത്തിൽ ആശങ്ക പ്രകടപ്പിക്കുന്നതിലൂടെ ദേശീയ ന്യൂനപക്ഷ കമ്മീഷന്റെ ഭാഗത്തു നിന്നും ഉണ്ടായത്. ഇസ്‌ലാം മത പഠനത്തെ എതിർക്കുകയും , മതാചാരപ്രകാരം വസ്ത്രം ധരിക്കുന്നതിനെ തടയുകയും ചെയ്യുന്ന വർഗീയ ഫാഷിസ്റ്റ് അജണ്ടകൾക്ക് കൂട്ടു നിൽക്കുന്ന ദേശീയ ന്യൂനപക്ഷ കമ്മീഷൻ ന്യൂനപക്ഷങ്ങൾക്ക് തന്നെ ഭീഷണിയാണെന്നും അവർ കൂട്ടിച്ചേർത്തു.