തിരഞ്ഞെടുപ്പ് കഴിഞ്ഞു; അഞ്ച് സംസ്ഥാനങ്ങളിലെ വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റില്‍ മോദിയുടെ ചിത്രം തിരികെ കൊണ്ടുവരുന്നു

Update: 2022-03-28 01:30 GMT

ന്യൂഡല്‍ഡി: തിരഞ്ഞെടുപ്പ് പൂര്‍ത്തിയായ അഞ്ച് സംസ്ഥാനങ്ങളിലെ വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റുകളില്‍ പ്രധാനമന്ത്രിയുടെ ചിത്രം പതിക്കുന്നത് പുനരാരംഭിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് സര്‍ട്ടിഫിക്കറ്റില്‍ മോദിയുടെ ചിത്രം പതിക്കുന്നത് നിര്‍ത്തിവച്ചിരുന്നു. തിരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിക്കുകയും മാതൃകാ പെരുമാറ്റച്ചട്ടം നടപ്പാക്കുകയും ചെയ്തതിന് പിന്നാലെ ജനുവരി എട്ട് മുതലാണ് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റില്‍ നിന്ന് പ്രധാനമന്ത്രിയുടെ ചിത്രം ഒഴിവാക്കിയത്.

ഇനി മുതല്‍ ഗോവ, മണിപ്പൂര്‍, ഉത്തരാഖണ്ഡ്, പഞ്ചാബ്, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളിലെ വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റുകളില്‍ പ്രധാനമന്ത്രിയുടെ ചിത്രം പതിക്കണമെന്ന് ആരോഗ്യ മന്ത്രി മന്‍സൂഖ് മാണ്ഡവ്യ നിര്‍ദേശിച്ചതായി ആരോഗ്യമന്ത്രാലയത്തിലെ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് പിടിഐ റിപോര്‍ട്ട് ചെയ്തു. ഈ അഞ്ച് സംസ്ഥാനങ്ങളിലെ ആളുകള്‍ക്ക് നല്‍കുന്ന കൊ സര്‍ട്ടിഫിക്കറ്റില്‍ പ്രധാനമന്ത്രിയുടെ ചിത്രം ഉള്‍പ്പെടുത്തുന്നതിന് CoWIN ഫോമില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തും- പിടിഐ വ്യക്തമാക്കി.

നേരത്തെ വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റില്‍ പ്രധാനമന്ത്രിയുടെ ചിത്രം പതിക്കുന്നതുമായി ബന്ധപ്പെട്ട് വലിയ വിവാദങ്ങളുയര്‍ന്നിരുന്നു. വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റില്‍ നിന്ന് പ്രധാനമന്ത്രിയുടെ ചിത്രം നീക്കണമെന്നാവശ്യപ്പെട്ട് കേരള ഹൈക്കോടതിയില്‍ ഒരാള്‍ ഹരജി ഫയല്‍ ചെയ്തിരുന്നു. ഈ ഹരജി കേരള ഹൈക്കോടതി തള്ളി. ഹരജിക്കാരന് ഒരുലക്ഷം രൂപ പിഴയിട്ടാണ് ഹൈക്കോടതി അന്ന് ഹരജി തള്ളിയത്. ഹരജിക്കാരന് രാഷ്ട്രീയ ഉദ്ദേശമുണ്ടെന്ന് സംശയിക്കുന്നതായും പ്രശസ്തിയ്ക്കുവേണ്ടിയാണ് ഹരജി നല്‍കിയതെന്നും സംശയം ഉന്നയിച്ച കോടതി ഹരജി തള്ളുകയായിരുന്നു.

Tags:    

Similar News