റഷ്യന്‍ പ്രസിഡന്റ് ഇന്ത്യയില്‍; മോദിയുമായി കൂടിക്കാഴ്ച നടത്തി, സൈനിക സഹകരണം സമാനതകളില്ലാത്തതാണെന്ന് പുടിന്‍

ഇന്ത്യ വലിയ ശക്തിയാണെന്നും ഇന്ത്യ-റഷ്യ സൈനിക സഹകരണം സമാനതകളില്ലാത്തതാണെന്നും ഭീകരതയ്‌ക്കെതിരെ ഒരുമിച്ച് പോരാടുമെന്നും പുടിന്‍ പറഞ്ഞു.

Update: 2021-12-06 17:08 GMT

ന്യൂഡല്‍ഹി: ഇന്ത്യാ സന്ദര്‍ശനത്തിനെത്തിയ റഷ്യന്‍ പ്രസിഡന്റ് വഌദ്മിര്‍ പുടിന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. ഹൈദരാബാദ് ഹൗസിലെത്തിയ പുടിനെ നരേന്ദ്ര മോദി സ്വീകരിച്ചു. ഇന്ത്യ വലിയ ശക്തിയാണെന്നും ഇന്ത്യ-റഷ്യ സൈനിക സഹകരണം സമാനതകളില്ലാത്തതാണെന്നും ഭീകരതയ്‌ക്കെതിരെ ഒരുമിച്ച് പോരാടുമെന്നും പുടിന്‍ പറഞ്ഞു.കൊവിഡിനെതിരായ പോരാട്ടത്തില്‍ റഷ്യ നല്‍കിയ പിന്തുണയ്ക്ക് നന്ദിയുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു. പുടിന്റെ സന്ദര്‍ശനം ഇന്ത്യ റഷ്യ ബന്ധത്തിന്റെ പ്രാധാന്യം വ്യക്തമാക്കുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി.

കൊവിഡ് വെല്ലുവിളിയായി നിന്നെങ്കിലും ഇന്ത്യ-റഷ്യന്‍ ബന്ധത്തിന്റെ വളര്‍ച്ചയ്ക്ക് യാതൊരു മാറ്റവും സംഭവിച്ചിട്ടില്ലെന്ന് മോദി പറഞ്ഞു. ഇരുപക്ഷവും തമ്മിലുള്ള സവിശേഷവും വിശേഷാധികാരമുള്ളതുമായ തന്ത്രപരമായ പങ്കാളിത്തം കൂടുതല്‍ ശക്തമാകുകയാണെന്നും അഫ്ഗാനിസ്ഥാനിലെ സാഹചര്യങ്ങളിലും മറ്റ് വിഷയങ്ങളിലും ഇരുപക്ഷവും ബന്ധം പുലര്‍ത്തുന്നുണ്ടെന്നും മോദി കൂട്ടിച്ചേര്‍ത്തു.

നമ്മുടെ രണ്ട് രാജ്യങ്ങളും സമീപകാലത്ത് നിരവധി വെല്ലുവിളികള്‍ നേരിട്ടിട്ടുണ്ട്. കഴിഞ്ഞ ഏതാനും ദശകങ്ങളില്‍, ലോകം നിരവധി അടിസ്ഥാനപരമായ മാറ്റങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുകയും വിവിധ തരത്തിലുള്ള ഭൗമ-രാഷ്ട്രീയ സമവാക്യങ്ങള്‍ ഉയര്‍ന്നുവരുകയും ചെയ്തു. എന്നാല്‍, ഇന്ത്യയും റഷ്യയും തമ്മിലുള്ള സൗഹൃദം സ്ഥിരമായി തുടര്‍ന്നു. ഇന്ത്യയും റഷ്യയും തമ്മിലുള്ള ബന്ധം സൗഹൃദത്തിന്റെ സവിശേഷവും വിശ്വസനീയവുമായ മാതൃകയാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

Tags:    

Similar News