രാജ്യത്ത് കൊവിഡ് നാലാം തരംഗ ഭീഷണി; ബുധനാഴ്ച മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് പ്രധാനമന്ത്രി
ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് നാലാം തരംഗ ഭീഷണി ഉയര്‍ന്നിരിക്കുന്ന പശ്ചാത്തലത്തില്‍ സംസ്ഥാന മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. നാളെ ഉച്ചയ്ക്ക് 12 മണിക്ക് വീഡിയോ കോണ്‍ഫറന്‍സ് മുഖാന്തരമാണ് യോഗം. രാജ്യത്തെ കൊവിഡ് സാഹചര്യം, ആരോഗ്യസംവിധാനത്തിലെ മുന്നൊരുക്കങ്ങള്‍, വാക്‌സിന്‍ വിതരണത്തിന്റെ തല്‍സ്ഥിതി വിവരം എന്നിവ വിലയിരുത്താനാണ് പ്രധാനമന്ത്രി യോഗം വിളിച്ചിരിക്കുന്നത്. ചില സംസ്ഥാനങ്ങളില്‍ കൊവിഡ് കേസുകള്‍ കുത്തനെ വര്‍ധിച്ചുകൊണ്ടിരിക്കുന്ന പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി വിളിച്ച യോഗത്തിന് ഏറെ പ്രധാന്യമുണ്ട്.
കൊവിഡ് കേസുകളില്‍ വര്‍ധന റിപോര്‍ട്ട് ചെയ്യപ്പെടുന്ന പശ്ചാത്തലത്തില്‍ ഡല്‍ഹി, പഞ്ചാബ്, ഹരിയാന, ഉത്തര്‍പ്രദേശ്, കര്‍ണാടക തുടങ്ങിയ ഇടങ്ങളില്‍ മാസ്‌ക് ധരിക്കല്‍ വീണ്ടും നിര്‍ബന്ധമാക്കിയിട്ടുണ്ട്. മാത്രമല്ല, പൊതുസ്ഥലങ്ങളില്‍ സാമൂഹിക അകലം പാലിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. തന്റെ സര്‍ക്കാര്‍ മാസ്‌ക് നിര്‍ബന്ധമായും ധരിക്കാന്‍ ഉത്തരവിട്ടിട്ടുണ്ടെന്നും സാമൂഹിക അകലം പാലിക്കാന്‍ ജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ പറഞ്ഞു. പ്രധാനമന്ത്രി മോദിയുമായി ആശയവിനിമയം നടത്തിയ ശേഷം കേന്ദ്ര സര്‍ക്കാരിന്റെ ഉപദേശത്തിന്റെ അടിസ്ഥാനത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് 2,483 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.
തൊട്ടുമുമ്പത്തെ ദിവസം 2,541 പേര്‍ക്കായിരുന്നു കൊവിഡ് സ്ഥിരീകരിച്ചിരുന്നത്. ആക്ടീവ് കേസുകളുടെ എണ്ണം 16,522ല്‍ നിന്ന് 15,636ല്‍ എത്തിയിട്ടുണ്ട്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിലും കുറവുണ്ട്. 0.55 ശതമാനമാണ് നിലവിലെ പോസിറ്റിവിറ്റി നിരക്ക്. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 0.55 ശതമാനമായും പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 0.58 ശതമാനമായും രേഖപ്പെടുത്തിയതായി കേന്ദ്രം അറിയിച്ചു. ഏപ്രില്‍ 26 ന് രാവിലെ 7 മണി വരെയുള്ള താല്‍ക്കാലിക റിപോര്‍ട്ടുകള്‍ പ്രകാരം ഇന്ത്യയിലെ കൊവിഡ് വാക്‌സിനേഷന് വിധേയരായവരുടെ എണ്ണം 187.95 കോടി (1,87,95,76,423) കവിഞ്ഞു.