സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം നല്‍കിയ വെന്റിലേറ്ററുകളുടെ പ്രവര്‍ത്തനം; അടിയന്തര കണക്കെടുപ്പ് നടത്തണമെന്ന് പ്രധാനമന്ത്രി
ചില സംസ്ഥാനങ്ങളില്‍ വെന്റിലേറ്ററുകള്‍ ഉപയോഗിക്കാതെ വച്ചിരിക്കുന്നതായുള്ള റിപോര്‍ട്ടുകളുടെഗൗരവം കണക്കിലെടുത്താണ് പ്രധാനമന്ത്രി കേന്ദ്രസര്‍ക്കാര്‍ നല്‍കിയ വെന്റിലേറ്ററുകള്‍ സ്ഥാപിച്ചത് സംബന്ധിച്ചും അവയുടെ പ്രവര്‍ത്തനം സംബന്ധിച്ചും കണക്കെടുപ്പ് നടത്താന്‍ നിര്‍ദേശിച്ചത്.
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് നല്‍കിയ വെന്റിലേറ്ററുകളുടെ പ്രവര്‍ത്തനം സംബന്ധിച്ച് അടിയന്തര കണക്കെടുപ്പ് നടത്തണമെന്ന് പ്രധാനമന്ത്രി നിര്‍ദേശിച്ചു. രാജ്യത്ത് കൊവിഡ് അതിതീവ്രമായി വ്യാപിച്ചുകൊണ്ടിരിക്കുന്നതിനെക്കുറിച്ച് വിലയിരുത്താന്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് പ്രധാനമന്ത്രി ഈ നിര്‍ദേശം മുന്നോട്ടുവച്ചത്. കണ്ടെയ്ന്‍മെന്റ് മാര്‍ഗനിര്‍ദേശങ്ങള്‍, പരിശോധനയുടെ ആവശ്യകത, ആരോഗ്യസംരക്ഷണ വിഭവങ്ങള്‍, ഗ്രാമീണമേഖലയിലെ ഓക്‌സിജന്‍ വിതരണം എന്നിവ സംബന്ധിച്ചാണ് പ്രധാനമായും ആവലോകനം നടത്തിയത്.
ചില സംസ്ഥാനങ്ങളില്‍ വെന്റിലേറ്ററുകള്‍ ഉപയോഗിക്കാതെ വച്ചിരിക്കുന്നതായുള്ള റിപോര്‍ട്ടുകളുടെഗൗരവം കണക്കിലെടുത്താണ് പ്രധാനമന്ത്രി കേന്ദ്രസര്‍ക്കാര്‍ നല്‍കിയ വെന്റിലേറ്ററുകള്‍ സ്ഥാപിച്ചത് സംബന്ധിച്ചും അവയുടെ പ്രവര്‍ത്തനം സംബന്ധിച്ചും കണക്കെടുപ്പ് നടത്താന്‍ നിര്‍ദേശിച്ചത്. വെന്റിലേറ്ററുകള്‍ ശരിയായി പ്രവര്‍ത്തിപ്പിക്കാന്‍ ആവശ്യമെങ്കില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്‍കണമെന്നും പ്രധാനമന്ത്രി നിര്‍ദേശിച്ചതായും ദേശീയമാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. ഗ്രാമീണ മേഖലയില്‍ കൊവിഡ് പരിശോധനയും ഓക്‌സിജന്‍ വിതരണവും കാര്യക്ഷമമാക്കണമെന്നും പ്രധാനമന്ത്രി യോഗത്തില്‍ നിര്‍ദേശിച്ചു.
പിഎം കെയേഴ്‌സ് ഫണ്ടില്‍നിന്ന് ധനസഹായം നല്‍കിയ പഞ്ചാബിലെ ഫരീദ്‌കോട്ടിലെ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് കേന്ദ്രം വിതരണം ചെയ്യുന്ന വെന്റിലേറ്ററുകള്‍ സാങ്കേതിക തകരാറുകള്‍ കാരണം ഉപയോഗിക്കാതെ കിടക്കുന്നുവെന്ന റിപോര്‍ട്ടുകള്‍ കഴിഞ്ഞദിവസം ആരോഗ്യമന്ത്രാലയം തള്ളിയിരുന്നു. കേന്ദ്രം വിതരണം ചെയ്യുന്ന മെഡിക്കല്‍ ഉപകരണങ്ങളില്‍ യാതൊരു തകരാറുമില്ലെന്ന് ആരോഗ്യമന്ത്രി ഹര്‍ഷ് വര്‍ധന്‍ ട്വീറ്റില്‍ പറഞ്ഞു. അടിസ്ഥാനരഹിതമായ റിപോര്‍ട്ടുകളും അപൂര്‍ണമായ വസ്തുതകളും നിരത്തി നിക്ഷിപ്ത താല്‍പര്യക്കാര്‍ പ്രചാരണം നടത്തുന്നത് ദുരിതാശ്വാസ നടപടികള്‍പോലും താളംതെറ്റിക്കുന്നു- അദ്ദേഹം കുറിച്ചു.
പ്രാദേശികമായി കണ്ടെയ്ന്‍മെന്റ് സോണുകളാക്കുക എന്ന രീതിയാണ് ഇപ്പോഴത്തെ സാഹചര്യത്തില്‍ ആവശ്യമെന്നാണ് പ്രധാനമന്ത്രി യോഗത്തില്‍ അഭിപ്രായപ്പെട്ടത്. കൊവിഡിന്റെ രണ്ടാം തരംഗം ഗ്രാമപ്രദേശങ്ങളെ സാരമായി ബാധിച്ചു. ഉയര്‍ന്ന ടെസ്റ്റ് പോസിറ്റീവിറ്റി നിരക്കുള്ള പ്രദേശങ്ങളില്‍ പരിശോധന വര്‍ധിപ്പിക്കണം. ഗ്രാമപ്രദേശങ്ങളില്‍ വീടുകളിലെത്തി പരിശോധന നടത്തുന്ന രീതി വ്യാപിപ്പിക്കണം. ഗ്രാമീണമേഖലകളില്‍ ഓക്‌സിജന്‍ വിതരണം ശരിയായി നടക്കുന്നുണ്ടോ എന്ന കാര്യം ഉറപ്പുവരുത്തണം. ഇതിനായി പ്രത്യേക പദ്ധതി ആവിഷ്‌കരിക്കണം.
മാര്‍ച്ച് തുടക്കത്തില്‍ ആഴ്ചയില്‍ 50 ലക്ഷം ടെസ്റ്റുകളില്‍നിന്ന് ആഴ്ചയില്‍ 1.3 കോടി ടെസ്റ്റുകളായി അതിവേഗം ഉയര്‍ന്നു. കൊവിഡ് രോഗബാധയും മരണവും സംബന്ധിച്ച കണക്കുകള്‍ കൂടുതല്‍ സുതാര്യമാവണം. രാജ്യത്ത് നിലവില്‍ നടക്കുന്ന വാക്‌സിനേഷന്‍ സംബന്ധിച്ച കാര്യങ്ങള്‍ യോഗം വിലയിരുത്തി. പ്രതിരോധ കുത്തിവയ്പ്പ് വേഗത്തിലാക്കാന്‍ സംസ്ഥാനങ്ങള്‍ ഉദ്യോഗസ്ഥരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കണമെന്ന് പ്രധാനമന്ത്രി പറഞ്ഞു. കാബിനറ്റ് സെക്രട്ടറി ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥര്‍, വ്യത്യസ്ത മന്ത്രാലയങ്ങളുടെ പ്രതിനിധികളും പ്രധാനമന്ത്രി വിളിച്ചുചേര്‍ത്ത യോഗത്തില്‍ പങ്കെടുത്തു.