ഉത്തരാഖണ്ഡ് ഹിമപാതം: 26 പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി; മൂന്നുപേര്‍ക്കായി തിരച്ചില്‍ ഊര്‍ജിതം

Update: 2022-10-08 04:12 GMT

ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ ഉത്തരകാശി ഗഢ്‌വാളില്‍ മഞ്ഞിടിച്ചിലുണ്ടായ സ്ഥലത്തു നിന്ന് ഏഴ് മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു. ഇതോടെ ഇതുവരെ കണ്ടെത്തിയ മൃതദേഹങ്ങളുടെ എണ്ണം 26 ആയി. ഇതില്‍ 24 പേര്‍ നെഹ്‌റു ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മൗണ്ടനിയറിങ്ങിലെ (എന്‍ഐഎം) ട്രെയിനികളാണ്. മറ്റു രണ്ടുപേര്‍ എന്‍ഐഎം ഇന്‍സ്ട്രക്ടര്‍മാരാണ്. കാണാതായ മൂന്ന് ട്രെയിനികളെക്കൂടി കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. സെര്‍ച്ച് ആന്റ് റെസ്‌ക്യൂ ടീമുകളാണ് തിരച്ചില്‍ നടത്തുന്നത്. ഗുല്‍മാര്‍ഗില്‍ നിന്നുള്ള വിദഗ്ധസംഘത്തിന്റെ സഹായത്തോടെയാണ് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നത്. 14 പേരെ രക്ഷപ്പെടുത്തിയിരുന്നു.

മോശം കാലാവസ്ഥയാണ് രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളി സൃഷ്ടിക്കുന്നത്. അതേസമയം, ഹിമപാതത്തിന് ശേഷം ആദ്യമായി, ഹെലികോപ്റ്ററില്‍ നിന്ന് എടുത്ത ചിത്രങ്ങള്‍ പുറത്തുവന്നു. ഇതില്‍ ദുരന്തം നടന്ന സ്ഥലവും 29 പര്‍വതാരോഹകര്‍ തെന്നിവീണ വിള്ളലും കണ്ടെത്തിയിട്ടുണ്ട്. ദ്രൗപതി ദണ്ഡ 2 കൊടുമുടിയിലുണ്ടായ ഹിമാപാതത്തില്‍ ആകെ 28 പര്‍വതാരോഹകരാണ് കുടുങ്ങിയത്. ഹിമാലയത്തിലെ ഗംഗോത്രി ശ്രേണിയിലാണ് ദ്രൗപതി ദണ്ഡ കൊടുമുടി സ്ഥിതി ചെയ്യുന്നത്. പര്‍വതാരോഹകര്‍ 50 മീറ്റര്‍ അകലെയിരിക്കെയാണ് സംഭവം നടന്നതെന്ന് ഏറ്റവും പുതിയ ദൃശ്യങ്ങളും സ്ഥിരീകരിക്കുന്നു. ചൊവ്വാഴ്ച 17,500 അടി ഉയരത്തിലായിരുന്നു ദുരന്തം.

ചൊവ്വാഴ്ച എന്‍ഐഎമ്മിന്റെ 61 അംഗ അഡ്വാന്‍സ് ട്രെയിനിങ് കോഴ്‌സ് ടീം ക്യാംപിലേക്ക് മടങ്ങുന്നതിനിടെയാണ് ദ്രൗപതി കാ ദണ്ഡ II കൊടുമുടിയില്‍ 17,000 അടി ഉയരത്തില്‍ ഹിമപാതമുണ്ടായത്. നെഹ്‌റു ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മൗണ്ടനീറിംഗിലെ (എന്‍ഐഎം) 34 ട്രെയിനി പര്‍വതാരോഹകരും ഏഴ് ഇന്‍സ്ട്രക്ടര്‍മാരും അടങ്ങുന്ന സംഘം മടങ്ങുന്നതിനിടെ ഹിമപാതത്തില്‍ കുടുങ്ങിയതായി എന്‍ഐഎം പ്രിന്‍സിപ്പല്‍ കേണല്‍ അമിത് ബിഷ്ത് പറഞ്ഞു. ഐടിബിപി, നെഹ്‌റു ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മൗണ്ടനീറിങ്, എയര്‍ഫോഴ്‌സ്, ആര്‍മി, എസ്ഡിആര്‍എഫ് തുടങ്ങി വിവിധ ടീമുകളില്‍ നിന്നുള്ള 30 പേരെ രക്ഷാപ്രവര്‍ത്തനത്തിനായി നിയോഗിച്ചിട്ടുണ്ടെന്ന് എഎന്‍ഐ റിപോര്‍ട്ട് ചെയ്തു.

Tags:    

Similar News